07 December Saturday

പെരുമഴ : നീരൊഴുക്ക‌് കൂടുന്നു; മൂന്നുപേർ മരിച്ചു; ഏഴുപേരെ കാണാതായി

സ്വന്തം ലേഖകർUpdated: Saturday Jul 20, 2019

കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തിനുസമീപം താവക്കരയിൽ കനത്ത മഴയിൽ വെള്ളം കയറിയപ്പോൾ ഫോട്ടോ/ജഗത്‌ലാൽ


തിരുവനന്തപുരം
മഴ ശക്തം. കെടുതിയിൽ വിവിധ ഭാഗങ്ങളിൽ മൂന്നു പേർ മരിച്ചു.വിഴിഞ്ഞത്തും നീണ്ടകരയിൽനിന്നും കടലിൽ പോയ ഏഴുപേരെയും കോട്ടയത്ത‌്  മീനച്ചിലാറ്റിൽ ഒരാളെയും കാണാതായി. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. നേവിയും തീരദേശ സേനയും രംഗത്തുണ്ട‌്. ഇടുക്കിയടക്കമുള്ള ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടങ്ങി. ഇടുക്കിയിൽ മൂന്നു ഡാം തുറന്നുവിട്ടു.

കൊല്ലം നീണ്ടകരയിൽ  മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ‌്  കന്യാകുമാരി നീരോടി സ്വദേശികളായ മത്സ്യത്തൊഴിലാളികൾ ജോൺ ബോസ‌്ക്കോ, ലൂർദ‌് രാജ‌്, സഹായരാജ‌് എന്നിവരെയാണ‌് കാണാതായത‌്. രണ്ടു പേർ നീന്തി രക്ഷപെട്ടു. വെള്ളിയാഴ്ച  പുലർച്ചെ നീണ്ടകരയിൽനിന്ന‌് ഒരു നോട്ടിക്കൽ മൈൽ അകലെ ശക്തമായ തിരയിൽപെട്ട‌് വള്ളം മറിയുകയായിരുന്നു. കടലിൽ വീണ രണ്ടുപേർ കൊല്ലം കാക്കതോപ്പിൽ പകൽ 2.30 ഓടെ നീന്തിക്കയറി. ഏഴു മണിക്കൂറോളം നീന്തിയാണ‌് തീരത്തെത്തിയത‌്. രക്ഷപ്പെട്ട സ്റ്റാലിന്റെ സെലൈത്ത് മാത ബോട്ടാണ് മറിഞ്ഞത്. തകർന്ന ബോട്ട് നീണ്ടകര തീരത്ത് അടിഞ്ഞു.

വിഴിഞ്ഞത്ത‌് നിന്ന‌് ബുധനാഴ്ച മീൻപിടിക്കാൻ പോയ  പല്ലുവിളകൊച്ചു പള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), പുല്ലുവിള കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയുടെ വലിയ കപ്പലും തെരച്ചിൽ ശക‌്തമാക്കി. തെരച്ചിലിനായി രണ്ട് ഡോണിയർ വിമാനങ്ങൾ ഇറക്കുമെന്ന് കലക്ടർ ഉറപ്പു നൽകി.

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിയെത്തിയ തടി പിടിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ മനീഷിനെ കാണാതായി.കൊല്ലം അഞ്ചാലുംമൂട്ടിൽ തെങ്ങ‌് വീണ‌് പനയംചോനൻചിറ കുന്നിയിൽ തൊടിയിൽ ദിലീപ‌് (54) മരിച്ചു.  പത്തനംതിട്ടയിൽ വള്ളംകുളം പരുത്തിക്കാട്ട‌് കോശി പി വർഗീസ‌്(53)  മണിമലയാറ്റിലെ പരുത്തിക്കടവിൽ ഒഴുക്കിൽ പെട്ട‌് മരിച്ചു. കണ്ണൂർ ജില്ലയിൽ പ്ലസ‌് വൺ വിദ്യാർഥി തലശേരി ചിറക്കര മോറക്കുന്നിലെ മുഹമ്മദ‌് ബദറുൾ അദ‌്നാൻ (16) കുളത്തിൽ മുങ്ങി മരിച്ചു. വെള്ളിയാഴ‌്ച പുലർച്ചെ ഈരാറ്റുപേട്ട –- വാഗമൺ റൂട്ടിൽ വാഴൂരിൽ മരം കടപുഴകി വീണ‌് രണ്ടുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മരം വീണും മണ്ണിടിഞ്ഞും മൂന്നു വീടുകളും തകർന്നു.

എറണാകുളത്തും മഴ കനത്തു. മലങ്കര ഡാമിന്റെ രണ്ട‌് ഷട്ടർ ഉയർത്തി. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവർക്ക‌് ജാഗ്രതാനിർദേശം നൽകി. മൂവാറ്റുപുഴയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കോതമംഗലത്ത‌് കുട്ടമ്പുഴയാറ‌്  കവിഞ്ഞതോടെ വെള്ളാരംകുത്ത‌് ആദിവാസിക്കുടി ഒറ്റപ്പെട്ടു. എറണാകുളം കെഎസ‌്ആർടിസി ബസ‌് സ‌്റ്റാൻഡിൽ വെള്ളം കയറി. കണ്ണൂർ താലൂക്കിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പ‌് തുറന്നു. കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി നൽകി.

മഴ കനക്കും
തിരുവനന്തപുരം
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനാൽ വരുംദിവസങ്ങളിൽ മഴ കനക്കും. ശനിയാഴ‌്ച  ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഞായറാഴ‌്ച  മലപ്പുറം, കണ്ണൂർ  ജില്ലകളിലും തിങ്കളാഴ‌്ച  കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട‌്. 23 വരെ മിക്ക ജില്ലകളിലും തീവ്രമഴയ‌്ക്ക‌് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിച്ചു. സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾക്കും പൊലിസ‌്,  ഫയർഫോഴ‌്സ‌് വിഭാഗങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. ശനിയാഴ‌്ച കാസർകോട്ടും ഞായറാഴ‌്ച കോഴിക്കോട്, വയനാട്  ജില്ലകളിലും തിങ്കളാഴ‌്ച ഇടുക്കി, കോഴിക്കോട്, വയനാട്  ജില്ലകളിലുമാണ‌് റെഡ്  അലർട്ട്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവയ‌്ക്ക‌് സാധ്യതയുണ്ട‌്.

 

കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകൾ തുറന്നു
ഇടുക്കി
ഇടുക്കിയിൽ കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.87 അടി ഉയർന്ന് 2304.4 അടിയിലെത്തി.
അണക്കെട്ടിന്റെ സംഭരണശേഷിയുടെ 13.1 ശതമാനമാണ‌ിത‌്. മുൻവർഷം ഇതേസമയം 2380.46 അടിയായിരുന്നു. പാംബ്ല അണക്കെട്ട‌് പ്രദേശത്ത‌് ശക്തമായ മഴ ലഭിച്ചു. 22.1 സെന്റീമീറ്റർ. കല്ലാർകുട്ടി‐ 18 സെ.മീ, പെരിങ്ങൽകുത്ത‌്‐ 17.58 എന്നിങ്ങനെയും മഴ ലഭിച്ചു.
 

നീരൊഴുക്ക‌് കൂടുന്നു
തിരുവനന്തപുരം 
മഴ കനത്തതോടെ സംസ്ഥാനത്ത‌് ഡാമുകളിലേക്കുള്ള നീരൊഴുക്കിൽ നേരിയ വർധന. കെഎസ‌്ഇബിയുടെ ഡാമുകളിൽ വെള്ളിയാഴ‌്ച 34 ദശലക്ഷം യൂണിറ്റ‌് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമെത്തി. മുൻ വർഷം ഇത‌് 50 ദശലക്ഷം യൂണിറ്റിനുള്ളതായിരുന്നു. ഇടുക്കി, ശബരിഗിരി പദ്ധതി പ്രദേശത്ത‌് കനത്ത മഴയായതിനാൽ നീരൊഴുക്ക‌് കൂടും. ഇടുക്കിയിൽ 12 ഉം നേരിയമംഗലത്ത‌് 18 ഉം ശബരിഗിരിയിൽ 14 ഉം സെന്റീമീറ്റർ മഴ വെള്ളിയാഴ‌്ച ലഭിച്ചു. 532.93 ദശലക്ഷം യൂണിറ്റ‌് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം ഡാമുകളിലുണ്ട‌്. 

വെള്ളിയാഴ‌്ച സംസ്ഥാനത്ത‌് ഏറ്റവും കൂടുതൽ മഴ ലഭിച്ചത‌് പീരുമേട്ടിലാണ‌്, 14.7 സെന്റിമീറ്റർ.

ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം
കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വിവിധ വകുപ്പുകൾക്കും പൊലീസ‌്, ഫയർഫോഴ‌്സ‌് വിഭാഗങ്ങൾക്കും  വേണ്ട നിർദേശം നൽകിയിട്ടുണ്ട‌്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങളും മുന്നറിയിപ്പുകളും  പാലിക്കണമെന്നും അദ്ദേഹം ഫെയ‌്സ‌് ബുക്ക‌് പോസ‌്റ്റിൽ അഭ്യർഥിച്ചു.

 

 


പ്രധാന വാർത്തകൾ
 Top