02 June Friday

ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഭക്ഷണവിതരണ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക്‌ ശനിയാഴ്‌ചമുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭ്യർഥന മാനിച്ച് നിരവധി തവണ ആരോഗ്യവകുപ്പ്‌  കാർഡെടുക്കാൻ സാവകാശം നൽകിയിരുന്നു. അംഗീകൃത ഡോക്ടറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ഹെൽത്ത്‌ കാർഡായി പരിഗണിക്കുക. ശാരീരിക പരിശോധനയ്‌ക്ക്‌ പുറമെ കാഴ്ചശക്തി, ത്വക് രോഗങ്ങൾ, വ്രണം, മുറിവ് എന്നിവയും പരിശോധിക്കും. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും വേണം. ഒരു വർഷമാണ് കാർഡിന്റെ കാലാവധി. വ്യാജ സർട്ടിഫിക്കറ്റ്‌ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ അഭ്യർഥിച്ചു. കാർഡ്‌ എടുക്കുന്നവർക്ക്‌ ടൈഫോയ്ഡ് വാക്‌സിൻ നിർബന്ധമാണ്‌. കാരുണ്യ ഫാർമസികൾ വഴി കുറഞ്ഞവിലയിൽ ഇവ ലഭ്യമാണ്‌. പൊതുവിപണിയിൽ 350 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിൽവരെയാണ് ടൈഫോയ്ഡ് വാക്‌സിന്റെ വില. കാരുണ്യ ഫാർമസികൾ വഴി 95.52 രൂപയ്ക്ക്‌ ലഭിക്കും.

ഭക്ഷ്യസുരക്ഷാ വകുപ്പ് പൊതുജനങ്ങൾക്കായി പരാതിപരിഹാര പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്‌. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം. നടപടികൾ ഇതിലൂടെ അറിയാം. 108 പരാതി  ലഭിച്ചതിൽ 30 എണ്ണത്തിൽ നടപടിയെടുത്തു. ജില്ലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും  പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകൾ നടത്തും. വ്യാഴാഴ്ച 205 പരിശോധനയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയത്. 21 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top