24 February Monday

തകര്‍ക്കാനാവില്ല വര്‍ഗഐക്യം; മുത്തൂറ്റ് ജീവനക്കാര്‍ക്ക് അരിയും പച്ചക്കറികളും തലയിലേറ്റി ചുമട്ടുതൊഴിലാളികളെത്തി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

കൊച്ചി > മുത്തൂറ്റ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം ജില്ലയിലെ മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ച് ഓഫീസുകളിയേക്ക് സിഐടിയു നേതൃത്വത്തില്‍ തൊഴിലാളി ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചു. കൊച്ചി ബാനര്‍ജി റോഡിലുള്ള ഹെഡ്ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്ന സമരപന്തലിലേയ്‌ക്ക് ജില്ലാ ഹെഡ്‌ലോര്‍ഡ് ആന്റ് ജനറല്‍വര്‍ക്കേഴ്‌‌സ് യൂണിയന്‍ സിറ്റി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ നീലയൂണിഫോമില്‍ മാര്‍ച്ച്‌ചെയ്‌തു. ജില്ലയില്‍ പണിമുടക്ക് സമരത്തിലേര്‍പ്പെട്ടിട്ടുള്ള യൂണിയനംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറി ഉല്‍പ്പന്നങ്ങളും തലയിലേറ്റിയാണ് ചുമട്ടുതൊഴിലാളികളെത്തിച്ചത്.

മുത്തൂറ്റ് ജീവനക്കാരുടെ കുടുംബം പട്ടിയിലാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യംവിളിച്ച് സമരപ്പന്തലിലെത്തിയ മാര്‍ച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ. മണിശങ്കര്‍ ഉദ്ഘാടനം ചെയ്‌തു. ചുമട്‌സിറ്റി ബ്രാഞ്ച് സെക്രട്ടറി കെ എം അഷറഫ് അദ്ധ്യക്ഷനായി. അഡ്വ.എം അനില്‍കുമാര്‍, പി എന്‍ സീനുലാല്‍, നിഷ കെ ജയന്‍, സത്യന്‍, സലിം, മുന്നാസ് എന്നിവര്‍ നേതൃത്വം നല്‍കി. ഉല്‍പ്പന്നങ്ങള്‍ സി കെ മണിശങ്കറും അഷറഫും ചേര്‍ന്ന് സമരസമിതിയെ ഏല്‍പിച്ചു. നിഷ, മായ, ആശ, ശരത് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലയിലെ 48 ബാഞ്ചുകള്‍ക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

ഭൂരിപക്ഷം ബ്രാഞ്ചുകളും പണിമുടക്ക ്മൂലം അടഞ്ഞുകിടക്കുകയാണ്. ആലുവ പമ്പ്കവല, വടുതല തുടങ്ങിയ ബ്രാഞ്ചുകള്‍ മാനേജ്‌മെന്റിന്റെ ബൗണ്‍സര്‍മാര്‍ തന്നെ അടിച്ച്തകര്‍ക്കുകയോ പൂട്ടുകയോചെയ്‌തു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പേഴയ്‌ക്കാപ്പിള്ളിയില്‍ സിഐടിയുക്കാരെ കേസില്‍ കുടുക്കാന്‍ താന്‍ തന്നെ പൂട്ടുപൊളിച്ചതാണെന്ന് വനിതാമാനേജര്‍ പൊലീസിന് മൊഴികൊടുത്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമരകേന്ദ്രങ്ങള്‍ക്ക് പുറത്ത്‌വെച്ച് മര്‍ദ്ദനമേറ്റതായും ചീമുട്ട എറിഞ്ഞതായും ചാണകവെള്ളം ഒഴിച്ചതായും ഉള്ള നിരവധി കള്ളപരാതികള്‍ മാനേജ്‌മെന്റ് കൊടുക്കുന്നുണ്ട്.

45 ദിവസങ്ങളായി സമരം തുടരുന്ന ഹെഡ്ഓഫീസിനു മുന്നിലോ റിജീയണല്‍ ഓഫീസിലോ ബ്രാഞ്ചുകള്‍ക്കു മുന്നിലോ യാതൊരുവിധ അക്രമസംഭവങ്ങളും ഉണ്ടായിട്ടില്ല. സമാധാനപരമായി പണിമുടക്കി സമരംചെയ്‌തുവരുന്ന ജീവനക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹുജനങ്ങള്‍ സമരത്തെ സഹായിച്ചുവരുന്നുണ്ട്. സമരം പൊളിക്കുന്നതിന് മാനേജ്‌മെന്റ് നടത്തുന്ന എല്ലാ കള്ളപ്രചരണങ്ങളും അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.


പ്രധാന വാർത്തകൾ
 Top