21 September Saturday

കവളപ്പാറയിൽ ഇന്ന്‌ ജിപിആർ തെരച്ചിൽ

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2019

കവളപ്പാറ > ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറയിൽ ശനിയാഴ്‌ച രണ്ട്‌ മൃതദേഹം കൂടി കണ്ടെത്തി. സൂത്രത്തിൽ വിജയന്റെ മകൻ വിഷ്ണു  (28), കവളപ്പാറ കോളനിയിലെ പാലന്റെ മകൻ കാർത്തിക്‌ (17) എന്നിവരുടെ മൃതദേഹമാണ്‌ കിട്ടിയത്‌. സൈനികനായിരുന്ന വിഷ്ണു ദുരന്തത്തിന് രണ്ടാഴ്ചമുമ്പാണ് വീട്ടിലെത്തിയത്. അച്ഛൻ വിജയന്റെ മൃതദേഹം കഴിഞ്ഞദിവസം കിട്ടിയിരുന്നു. ഇതോടെ കാണാതായ 59 പേരിൽ 40 പേരുടെ മൃതദേഹം കണ്ടെടുത്തു.

കവളപ്പാറയിൽ ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപയോഗിച്ച്‌ തെരച്ചിൽ ഞായറാഴ്‌ച നടത്തും. ഇതിനായി ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി. പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ആനന്ദ് കെ പാണ്ഡെ, രത്‌നാകർ ദാക്‌തെ, ടെക്‌നിക്കൽ അസിസ്റ്റന്റ് ദിനേശ് കെ സഹദേവൻ, സീനിയർ റിസർച്ച്‌ ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയർ റിസർച്ച്‌ ഫെലോകളായ സതീഷ് വർമ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജിപിആർ ഉപകരണം ഇവരുടെ കൈയിലുണ്ട്. ഭൂമിക്കടിയിൽ 20 മീറ്റർ താഴ്ചയിൽനിന്നുവരെ സിഗ്നലുകൾ പിടിച്ചെടുക്കാൻ ഉപകരണത്തിന് സാധിക്കും.
കൺട്രോൾ യൂണിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഭാരം.

കാലവർഷക്കെടുതിയിലെ  മരണം 113 ആയി. കാണാതായ 29 പേരെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. 91 ദുരിതശ്വാസ ക്യാമ്പുകളിലായി നിലവിൽ 1.47 ലക്ഷം പേരുണ്ട്‌.


പ്രധാന വാർത്തകൾ
 Top