17 November Sunday

ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കായി സംസ്ഥാന സർക്കാർ ഫ്രഷ് അപ് സെന്ററുകള്‍ ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

തിരുവനന്തപുരം > ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്കായി സംസ്ഥാന സർക്കാർ ഫ്രഷ് അപ് സെന്ററുകൾ ആരംഭിക്കുന്നു. ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്ക‌് ശുചിത്വമുളളതും സ്ത്രീസൗഹൃദവുമായ ശുചിമുറിയും വിശ്രമസ്ഥലവും ലഭ്യമാക്കുകയാണ‌് ലക്ഷ്യം. വനിതാ വികസന കോർപറേഷൻ വഴി നടപ്പാക്കുന്ന പദ്ധതിക്ക‌് ഒരുകോടിയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ആദ്യഘട്ടമായി തെരഞ്ഞെടുത്ത രണ്ട‌് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പദ്ധതി ഈ വർഷം നടപ്പാക്കും. ദൂരയാത്രക്കാരായ കൂടുതൽ വനിതകൾക്ക‌് സേവനം ലഭ്യമാക്കാനായി പ്രധാന പാതയോരങ്ങളിലാണ‌് ഫ്രഷ് അപ് സെന്റർ ആരംഭിക്കുന്നത‌്. മൂന്ന് ശൗചാലയങ്ങൾ, മുലയൂട്ടൽ മുറി, നാപ്കിൻ ഇൻസിനറേറ്റർ, സ്‌നാക്ക് ബാർ എന്നീ സൗകര്യങ്ങളുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന സ്ഥലത്ത‌് തദ്ദേശഭരണ വകുപ്പ് എൻജിനിയേഴ‌്സ് അസോസിയേഷനാണ‌് സെന്റർ നിർമിക്കുന്നത്.
ഫ്രഷ് അപ് സെന്ററിന്റെ മേൽനോട്ടം, ശുചീകരണം, ലഘുഭക്ഷണശാലയുടെ സംരംഭകത്വം എന്നിവ വനിതാ സംരംഭകരെ ഏൽപ്പിക്കും. സെന്ററിന്റെ  പരിപാലനത്തിനായി സംരംഭകർക്ക് കോർപറേഷൻ പരിശീലനം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോർപറേഷൻ 58 ഷീ ടോയ്‌ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top