20 April Tuesday
ഹൈക്കോടതി വ്യക്തമാക്കിയത് കേന്ദ്ര അന്വേഷണ ഏജൻസിക്ക് തിരിച്ചടി

സ്വർണക്കടത്ത് യുഎപിഎ 
പരിധിയിൽ വരില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


കൊച്ചി
സ്വർണ കള്ളക്കടത്ത് യുഎപിഎ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. യുഎപിഎ നിയമത്തിന്റെ 15–--ാം വകുപ്പ് വ്യാഖ്യാനിച്ചും സുപ്രീംകോടതി വിധിന്യായങ്ങൾ ഉദ്ധരിച്ചുമാണ് ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, എം ആർ അനിത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന വിധി.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയും ഭദ്രതയും ബാധിക്കുന്ന പ്രവൃത്തികൾ തീവ്രവാദ പ്രവർത്തനമാണെന്ന കേന്ദ്ര സർക്കാരിന്റെയും എൻഐഎയുടെയും വാദം കോടതി പൂർണമായി തള്ളി. സ്വർണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന കേന്ദ്ര സർക്കാരിന്റെയും എൻഐഎയുടെയും ആവശ്യവും അംഗീകരിച്ചില്ല. വ്യാജ കറൻസി നിർമാണവും വിതരണവും മറ്റുമാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന നടപടിയെന്ന്‌ കോടതി പറഞ്ഞു. അല്ലാതെ കസ്റ്റംസ് നിയമപ്രകാരം നിരോധിച്ച സ്വർണകള്ളക്കടത്ത് തീവ്രവാദ പ്രവർത്തനമായി കാണാനാകില്ല.

സ്വർണം കടത്തിയതുവഴി ലഭിച്ച തുക തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചതായി തെളിവില്ലാത്തതിനാലാണ് എൻഐഎ പ്രത്യേക കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്. ഈ ഉത്തരവിൽ ഇടപെടാൻ മതിയായ കാരണം കാണുന്നില്ല. പ്രതികൾ തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി കോടതിയുടെ മുന്നിലുള്ള 2000 പേജുള്ള കേസ് ഡയറിയും അന്വേഷണ രേഖകളും പരിശോധിച്ചതിൽനിന്ന് വ്യക്തമാകുന്നില്ല. അന്വേഷണത്തിൽ പ്രതികൾക്കെതിരെ എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമില്ല. തെളിവു കിട്ടിയാൽ ജാമ്യം റദ്ദാക്കാൻ വിചാരണക്കോടതിയെ സമീപിക്കാം. പ്രതികളിൽ ആരോപിക്കുന്ന തീവ്രവാദ ബന്ധത്തിന് നിലവിൽ തെളിവൊന്നും ഇല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയത് കേന്ദ്ര അന്വേഷണ ഏജൻസിക്ക് തിരിച്ചടിയായി. സ്വർണക്കടത്ത് രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നതാണെന്നാരോപിച്ചാണ് യുഎപിഎ ചുമത്തിയത്.   ഏഴാംപ്രതി മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ കോടതിതള്ളി. ഇയാൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top