17 February Sunday

ഒന്നായി സർക്കാരും ജനങ്ങളും

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

മന്ത്രി ജി സുധാകരൻ വള്ളത്തിൽ ക്യാമ്പുകളിലേക്ക‌് (ഫയൽചിത്രം )


ആലപ്പുഴ
മഹാപ്രളയത്തിൽ കുട്ടനാട‌് പൂർണമായി മുങ്ങിക്കൊണ്ടിരുന്ന ദിവസം ഉച്ചയ‌്ക്കായിരുന്നു കോട്ടയത്തുനിന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ ആ വിളി വന്നത‌്.  പുളിങ്കുന്നിൽ പള്ളിയിലെ ക്യാമ്പിൽ 1200 പേർ കുടുങ്ങിക്കിടക്കുന്നു. പെട്ടെന്ന‌് എന്തെങ്കിലും ചെയ‌്തില്ലെങ്കിൽ വൻ ദുരന്തമാകും. ഇക്കാര്യമാണ‌് അദ്ദേഹം പൊതുമരാമത്ത‌് മന്ത്രി  ജി സുധാകരനെ വിളിച്ചറിയിച്ചത‌്.

ആലപ്പുഴ‐ചങ്ങനാശേരി റോഡ‌് പൂർണമായി മുങ്ങിക്കിടക്കുകയാണ‌്. എന്തെങ്കിലും അടിയന്തരമായി ചെയ‌്തേ പറ്റൂ. പെട്ടെന്നായിരുന്നു നടപടികൾ.  ജലഗതാഗത വകുപ്പ‌് ഡയറക്ടർ ഷാജി വി നായരെ വിളിച്ചു. പെട്ടെന്ന‌് രണ്ടു ബോട്ടുകൾ അദ്ദേഹം വിട്ടു തന്നു.

ആളുകളെ കരയ‌്ക്ക‌് എത്തിയ‌്ക്കുമ്പോൾ കോട്ടയത്തുള്ള കരാറുകാരന്റെ  44 ടോറസുകൾ അവരെ കാത്തു കിടക്കുകയായിരുന്നു. എല്ലാവരെയും ചങ്ങനാശേരിയിലെ  സുരക്ഷിതമായ സ്ഥലങ്ങളിൽ  രണ്ടു മണിക്കൂറിനുള്ളിൽ എത്തിച്ചു. സൗജന്യമായാണ‌് കരാറുകാരൻ ടോറസുകൾ വിട്ടുതന്നത‌്.

ഇങ്ങനെ ഒട്ടേറെ അനുഭവങ്ങളാണ‌് ആലപ്പുഴ ജില്ലയിലെ ജനങ്ങളെ പ്രളയത്തിൽ നിന്ന‌് ആശ്വാസതീരത്തേക്കു നടത്താൻ മുന്നിൽനിന്നു പ്രവർത്തിച്ച ജി സുധാകരനുള്ളത‌്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ അദ്ദേഹം ജില്ലയിൽ അടുത്തടുത്തുണ്ടായ മൂന്നു പ്രളയങ്ങളെയും ജനങ്ങൾക്കൊപ്പം നിന്ന‌്  നേരിടാൻ ജില്ലയിൽ തന്നെ ക്യാമ്പുചെയ‌്തു പ്രവർത്തിക്കുകയായിരുന്നു. ആദ്യത്തെ പ്രളയത്തിൽ ഒരു ലക്ഷം പേർക്ക‌് 20 ദിവസം തുടർച്ചയായി ഭക്ഷണം കൊടുക്കേണ്ടി വന്നു.

ഒടുവിലത്തെ പ്രളയം  ജനസംഖ്യയിലെ 25 ശതമാനത്തെയും  പൂർണ്ണമായി വെള്ളത്തിലാക്കി. ആറരലക്ഷം പേരെയാണ‌് ബാധിച്ചത‌്. കുട്ടനാട്ടിൽ മാത്രം മൂന്നര ലക്ഷം പേരെ ബാധിച്ചു. ചെങ്ങന്നൂരിൽ ഒരു ലക്ഷം ആളുകളെയും. ഒരു ലക്ഷം വീടുകളിലാണ‌് വെള്ളം കയറിയത‌്. ആയിരത്തോളം ക്യാമ്പുകൾ തുറന്നു. രണ്ടരലക്ഷം പേരെയാണ‌് കുട്ടനാട്ടിൽനിന്ന‌് ഒഴിപ്പിച്ചത‌്. ഇത്രയൊക്കെയായിട്ടും ജില്ലയിൽ മൂന്നു മരണം മാത്രമേ ഉണ്ടായുള്ളൂ. ഇത‌്  ജനങ്ങൾ പ്രകൃതിദുരന്തത്തിനെതിരെ യുദ്ധം ചെയ‌്തതുകൊണ്ടാണ‌്.  യഥാർഥത്തിൽ ജനങ്ങളും സർക്കാരും ഒന്നായി മാറുകയായിരുന്നു.

ആയിരം മത്സ്യത്തൊഴിലാളികളാണ‌്  400 ബോട്ടുകളിലായി  ജില്ലയിൽനിന്നു മാത്രം ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം നടത്തിയത‌്. 
മത്സ്യഫെഡ‌് ചെയർമാൻ പി പി ചിത്തരഞ‌്ജൻ ഇക്കാര്യത്തിൽ മുൻകൈയെടുത്തു. മന്ത്രി ജെ മേഴ‌്സിക്കുട്ടിയമ്മയുടെ സഹായവുമുണ്ടായി. ചെങ്ങന്നൂരിൽ 15000 പേരെ മത്സ്യത്തൊഴിലാളികളാണ‌്  രക്ഷിച്ചത‌്. നേവിക്കു പോകാൻ വയ്യാത്ത ഇടവഴികളിലൂടെ, തകരാൻ സാധ്യതയുള്ള ബോട്ടുമായി ഇവർ പോയത‌് ധൈര്യംകൊണ്ടുമാത്രമാണെന്ന‌് അദ്ദേഹം ഓർക്കുന്നു. കണ്ണൂരിൽ നിന്ന‌് പി  കൃഷ‌്ണപിള്ള സ‌്മാരക വായനശാല രണ്ടു ബോട്ടും ഒരു ഡസനോളം മുങ്ങൽവിദഗ്ധരുമായി എത്തി.

ചില നടപടികൾ രക്ഷാപ്രവർത്തനത്തിന‌് ആക്കംകൂട്ടിയെന്നു പറയാൻ ജി സുധാകരന‌് മടിയില്ല.  ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമാകാതിരുന്ന കുന്നുമ്മ വില്ലേജ‌് ഓഫീസറെ വെള്ളത്തിൽ നിന്നുകൊണ്ടു തന്നെയാണ‌് സസ‌്പെൻഡ‌്  ചെയ്യാൻ അദ്ദേഹം നിർദ്ദേശം നൽകിയത‌്. കുട്ടനാട‌് തഹസിൽദാർക്കെതിരെ നടപടിയെടുക്കുമെന്ന‌് രണ്ടുതവണ മുന്നറിയിപ്പ‌് നൽകേണ്ടി വന്നു.

ഇത്തരം നടപടികൾ ഉദ്യാഗസ്ഥർക്ക‌് കാര്യങ്ങൾ നടത്തുന്നതിൽ കൂടുതൽ ജാഗ്രതയുണ്ടാക്കി.കലക്ടർ ഉത്തരവിട്ടിട്ടും ഏഴ‌് പുരവള്ളങ്ങൾ മാത്രമാണ‌് രക്ഷാപ്രവർത്തനത്തിന‌് ലഭിച്ചത‌്. ഒടുവിൽ  ആകെയുള്ള പുരവള്ളത്തിന്റെ മൂന്നിൽ രണ്ടു വിട്ടു തരാത്തവരെ  അറസ‌്റ്റു ചെയ്യാൻ ഉത്തരവിട്ടു. ആദ്യഘട്ടമെന്ന നിലയിൽ അഞ്ചു പേരെ അറസ‌്റ്റു ചെയ‌്തതോടെ 60 പുരവള്ളം രക്ഷാപ്രവർത്തനത്തിനു കിട്ടി.

സർക്കാരിന്റെ ജലാശയം ഉപയോഗിച്ച‌് വലിയ വരുമാനമുണ്ടാക്കുന്ന ഇവർ ഉത്തരവാദിത്തബോധം കാണിച്ചില്ല. അതേസമയം പൊലീസ‌് അടക്കം സർക്കാർ മേഖലയിലുള്ള എല്ലാവരും ഉണർന്നു  പ്രവർത്തിച്ചു. 

മുഖ്യമന്ത്രി കാട്ടിയ ഭരണപരമായ  വൈദഗ‌്ധ്യവും  പകർന്ന ആത്മവിശ്വാസവും കൊണ്ടാണ‌് ഈ പ്രളയത്തെ നേരിടാൻ കഴിഞ്ഞത‌്. ജനങ്ങളുടെ ഹൃദയത്തെ തൊട്ട പ്രവർത്തനമാണ‌് സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top