22 October Tuesday

സ്‌നേഹക്കൂടുകളിൽ നല്ലോണം

ടി രഞ്‌ജിത്‌Updated: Monday Sep 9, 2019

ചങ്ങനാശേരി> ചങ്ങനാശേരി പായിപ്പാട് നക്രാൽ പുതുവേലിയിലെയും എസി റോഡിലെയും ഓണാഘോഷങ്ങളിൽ പുത്തൻ പ്രതീക്ഷകളുടെ തിളക്കം കാണാം. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശത്തെ അഞ്ച്‌ കുടുംബങ്ങൾക്കാണ്‌ വീട്‌ നഷ്ടമായത്‌. പ്രളയം തകർത്തത് ഇവരുടെ വീട്‌ മാത്രമല്ല, ജീവിതസ്വപ്‌നം കൂടിയായിരുന്നു. എല്ലാം തീർന്നുപോയെന്ന്‌ കരുതിയിടത്തുനിന്നാണ്‌ ഇവർക്കായി സർക്കാരിന്റെ കരുതലിന്റെ കൈകൾ നീണ്ടത്‌. 

കൊച്ചുപറമ്പിൽ സിന്ധു ജോസ്, വാഴേപ്പറമ്പ് തങ്കമ്മ കാളി, മണപ്പറമ്പ് സണ്ണി, മാലിയിൽ ജെംസിമോൾ, പാറയ്ക്കൽ ഉഷ ഷാജി എന്നിവർക്കാണ് സംസ്ഥാന സർക്കാരിന്റെ കെയർഹോം പദ്ധതി വഴി വീട് നിർമിച്ചു നൽകിയത്. തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്ക്, ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്ക്, ചീരഞ്ചിറ സർവീസ് സഹകരണ ബാങ്ക് എന്നീ ബാങ്കുകൾ ചേർന്ന്‌ അഞ്ച് വീടുകൾ നിർമിച്ചു. അതുകൊണ്ടുതന്നെ ഇക്കുറി പൊന്നോണമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

സഹകരണ ബാങ്കിലെ ജീവനക്കാരെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും ഉൾപ്പെടുത്തി ഓണസദ്യയും ഓണാഘോഷവും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബങ്ങൾ. വീട്‌ പൂർത്തിയായശേഷമാണ്‌ ഇക്കുറി മഴ കനത്തത്‌. മുമ്പ്‌ മഴ പെയ്താലുടൻ വീട്ടിൽ വെള്ളംകയറുമായിരുന്നു. ഇപ്പോൾ പണിത വീടുകൾ വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ ചെറുക്കും. തൂണുകൾക്കു മുകളിൽ നിർമിച്ച വീടിന്റെ അടിത്തറയിൽനിന്ന്‌ രണ്ടര അടി താഴെമാത്രമാണ് ഇപ്രാവശ്യത്തെ പ്രളയത്തിൽ വെള്ളം എത്തിയത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന എസിസി കട്ടകളും സാധാരണ കട്ടകളുമാണ് ഭിത്തി നിർമാണത്തിന് ഉപയോഗിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top