07 July Tuesday

60 മരണം സ്ഥിരീകരിച്ചു, മഴ കുറഞ്ഞെങ്കിലും മുന്നറിയിപ്പുകള്‍ അവഗണിക്കരുത്; ഒറ്റപ്പെട്ടുപോയവരെ സഹായിക്കാന്‍ ശ്രമം തുടരുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

 തിരുവനന്തപുരം> മഴ കുറയുന്നുണ്ടെങ്കിലും മുന്നറിയിപ്പുകള്‍ ഗൗരവമായി തന്നെ ജനങ്ങള്‍ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ടെന്നും ഇത് നാളത്തെ കൂടി സാഹചര്യം കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിവസം കൂടി നല്ല ജാഗ്രത നാം പുലര്‍ത്തണ്ടേതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മലയോര മേഖലകളിലാണ് പ്രധാന ദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 9 മണിവരെയുള്ള കണക്കനുസരിച്ച് 60 മരണം സ്ഥിരീകരിച്ചു. 1551 ദുരിതാശ്വാസ ക്യാമ്പുകളില്‍ 65,548 കുടുംബങ്ങളെത്തി. 2,27,333 പേരാണ് ആകെ ക്യാമ്പിലുള്ളത്.

ഇന്നലെ പറഞ്ഞതില്‍ നിന്നും നേരിയ വ്യത്യാസം മാത്രമാണ് അണക്കെട്ടുകള്‍ക്കുള്ളത്. ഇടുക്കി അണക്കെട്ടിലെ ജല സംഭരണം 36.61 ശതമാനമായി. പമ്പയിലേത് 63.36,കക്കി- 38.13 എന്നിങ്ങനെയാണ് വെള്ളം നിറഞ്ഞിരിക്കുന്നത്.ബാണാസുര സാഗര്‍, പെരിങ്ങല്‍ കുത്ത്, കുറ്റ്യാടി എന്നി ഡാമുകളിലാണ് വെള്ളം നിറഞ്ഞത്‌. പെരിങ്ങല്‍ക്കുത്ത് ഡാമില്‍, 2018ല്‍ ഇതേ സമയം 90.47 ശതമാനം വെള്ളമുണ്ടായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ പ്രധാന എട്ട് അണക്കെട്ടുകള്‍ കഴഞ്ഞ തവണ ഈ സമയത്ത് നിറഞ്ഞിരുന്നു.

 ജലവിഭവവകുപ്പിന്റെ അഞ്ച് ഇടത്തരം, മൂന്ന് ചെറുകിട അണക്കെട്ടുകളുടേയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കവളപ്പാറയില്‍ മണ്ണിനടിയില്‍ പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ കേന്ദ്രസേനയും അഗ്നിസമന സേനയും രംഗത്തുണ്ട്.മലപ്പുറം ജില്ലയില്‍ മാത്രം കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളും എഞ്ചിനയീറിംഗ് വിഭാഗത്തിന്റെ ഒരു ടീമും മദ്രാസ് റജിമെന്റിന്റെ ഒരു ടീമുമുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ടീമും ഉണ്ട്.

മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ വ്യോമസേനയുടെ ഒരു ടീമുമുണ്ട്. രണ്ട് ഹെലിക്കോപ്റ്ററുകളാണുള്ളത്. മലപ്പുറത്ത് മഴ കുറഞ്ഞിട്ടുണ്ട്. നദിയിലെ വെള്ളവും കുറഞ്ഞു. എന്നാല്‍ പത്ത് പന്ത്രണ്ട് അടി കനത്തിലാണ് കവളപ്പാറയില്‍ മണ്ണുള്ളത്. മഴയായപ്പോള്‍ ഇത് ചെളിയായി മാറി. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായത് അതുകൊണ്ടാണ്.

 മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം നല്ലനിലയില്‍ നടക്കുന്നു. ഇനി അവിടെ എട്ട് പേരെ കണ്ടെത്താനുണ്ട്. മണ്ണ് മാന്തി യന്ത്രം 9 എണ്ണമെത്തി. ഇന്ന് ഈ രണ്ടിടത്തും നല്ലനിലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഉരുള്‍ പൊട്ടിയ പ്രദേശത്തിന്റെ മറുവശത്ത് മൂന്ന് വാര്‍ഡിലായി 2000ത്തിനും 3000ത്തിനും ഇടയില്‍ ആളുകള്‍ താമസിച്ചു. ഏകദേശം 70 ശതമാനം പേരെ അതിസാഹസികമായി ഫോര്‍ വീല്‍ ജിപ്പ് ഉപയോഗിച്ച് മറുകരയിലെത്തിച്ചു. ഇന്നത്തേക്ക് ഈ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷ.

 റാണിമലയില്‍ ഒറ്റപ്പെട്ട അറുപത് പേരെ വനത്തിലൂടെ 10 കിലോമീറ്റര്‍  സഞ്ചരിച്ച് മറുകരയിലെത്തിച്ചു.നിലമ്പൂരില്‍ അമ്പട്ടാംപൊട്ടിയില്‍ ഉരുള്‍പൊട്ടി നൂറോളം വീട് ഒലിച്ചുപോയി. ജനങ്ങളെ മുഴുവന്‍ ആദ്യമേ ഒഴിപ്പിച്ചതിനാല്‍ അപകടം ഉണ്ടായില്ലെന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകള്‍ ക്യാമ്പിലെത്തിയിരിക്കുന്നു. ക്യാമ്പുകള്‍ പരാതിരഹിതമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സഹായവും ഇടപെടലും ഉണ്ടാകേണ്ടതായിട്ടുണ്ട്.

 നമ്മുടെ മുഴുവന്‍ ശ്രദ്ധയും രക്ഷാപ്രവര്‍ത്തനത്തിലാണ്. വിവിധ ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സഹമായവുമായി എത്തുന്നുണ്ട്. സമാഹരിച്ച വസ്തുക്കള്‍ ക്യാമ്പുകളിലെത്തിക്കുന്നതിന് പകരം അതാത് ജില്ലയിലെ കളക്ടിംഗ് സെന്ററിലെത്തിക്കാന്‍ ശ്രമിക്കണം. ഓരോ ക്യാമ്പിലും സാധനങ്ങള്‍ എത്തിയിട്ടുണ്ട്, എന്നാല്‍ ഇനി വേണ്ടതെന്തെന്ന് ലിസ്റ്റ് തയ്യാറാക്കി അവ എത്തിക്കുന്ന രീതിയാണ് സ്വീകരിക്കുക. സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കളക്ടറുമായി ബന്ധപ്പെടണം.

ക്യാമ്പില്‍ ആളുകളെ കാണാനെത്തുന്നവര്‍ പൊതുവായ ചിട്ട പാലിക്കണം. പ്രത്യേക ചുമതല ഇല്ലാത്ത ആരും ക്യാമ്പില്‍ പ്രവേശിക്കരുത്. വീടുവിട്ടൊഴിഞ്ഞവരുടെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണം. വടക്കന്‍ ജില്ലയിലെ 22 പിഡബ്ല്യുഡി റോഡുകള്‍ വെള്ളം കയറിയും മണ്ണിടിഞ്ഞും നശിച്ചു. 21,60000 വൈദ്യുതി കണക്ഷന്‍ തകരാറായി. 12 സബ്‌സ്‌റ്റേഷന്‍ പ്രവര്‍ത്തന രഹിതമായി.

ഷോളയാര്‍ ഡാം തുറക്കും എന്ന് തമിഴ്‌നാട് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ചാലക്കുടി പുഴയില്‍ വെള്ളം നിറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സാമൂഹ്യമാധ്യമത്തിലൂടെയുള്ള വ്യാജ പ്രചരണം തടയാന്‍ കൂട്ടായ ഇടപെടല്‍ വേണം.നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണിത്. ഇത്തരം പ്രചരണങ്ങളെ ഗൗരവമായി തന്നെ കാണുകയാണ് സര്‍ക്കാര്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് ഔദ്യോഗികമായ സംവിധാനമാണ്. അതില്‍ ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണുപയോഗിക്കുക. ബജറ്റില്‍ നിന്നുള്ള വിഹിതവും ഇതിലുണ്ട്. മറ്റേതെങ്കിലും ആവശ്യത്തിന് ദുരിതാശ്വാസനിധി ഉപയോഗിക്കുന്നു എന്ന പ്രചരണത്തില്‍ ജനങ്ങള്‍ കുടുങ്ങരുത്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങളുടെ പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

 രക്ഷാപ്രവര്‍ത്തനങ്ങളില്‍ സാഹസികമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മഴ അല്‍പ്പം ശമിച്ചു എന്നുള്ളതുകൊണ്ട് ജാഗ്രത കുറയാന്‍ പാടില്ല. മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ തന്നെ കാണണം. ആളുകള്‍ എവിടെയെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടോ അവരെയാക്കെ സഹായിക്കാന്‍ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top