24 October Thursday

തരൂരിന്‌ സ്‌തുതി, വഹാബിന്‌ തൊഴി; മുസ്ലിംലീഗിൽ പുതിയ വിവാദം

ജോബിൻസ‌് ഐസക‌്Updated: Sunday Sep 15, 2019

മലപ്പുറം > മോഡിഭക്തർക്ക്‌ സ്‌തുതിയും സംസ്ഥാന സർക്കാരിന്റെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ  സഹകരിച്ച  പി വി അബ്ദുൾ വഹാബ്‌ എംപിയ്‌ക്ക്‌ തൊഴിയും; മുസ്ലിംലീഗിൽ വിവാദം കൊഴുക്കുന്നു. കവളപ്പാറയിൽ മരണാനന്തര ധനസഹായം നൽകിയ ചടങ്ങിൽ സർക്കാരിന്റെ ദുരിതാശ്വാസ  പ്രവർത്തനങ്ങളെ പിന്തുണച്ചെന്നാരോപിച്ചാണ്  വഹാബിനെതിരേ  ലീഗിലെ ഒരുവിഭാഗം   തിരിഞ്ഞത്‌.  പാണക്കാട് ബഷീറലി തങ്ങളെയടക്കം രംഗത്തിറക്കിയതോടെ വഹാബിന്‌ ഖേദം പ്രകടിപ്പിക്കേണ്ടിവന്നു.
 
രണ്ട്‌ പ്രളയം തകർത്ത നിലമ്പൂർ, റീബിൽഡ്‌ കേരളയിലൂടെ അതിജീവനത്തിന്‌ പരിശ്രമിക്കയാണ്‌. പി വി അൻവർ എംഎൽഎ കൺവീനറായ റീബിൽഡ്‌ കേരളയുടെ രക്ഷാധികാരിയാണ്‌ നിലമ്പൂർകാരൻ കൂടിയായ അബ്ദുൾ വഹാബ്‌. ഈ കമ്മിറ്റിയാണ്‌  ദുരന്തമേഖലയിൽ സഹായമെത്തിക്കാൻ പ്രവർത്തിക്കുന്നത്‌. എന്നാൽ തുടക്കംമുതലേ നാടിന്റെ കൂട്ടായ്‌മക്ക്‌ പാരവയ്‌ക്കുകയാണ്‌ ലീഗും കോൺഗ്രസും. മുഖ്യമന്ത്രി പോത്തുകല്ലിൽ വിളിച്ച  യോഗത്തിൽ മിണ്ടാതിരുന്നശേഷം പുറത്തിറങ്ങി ലീഗ്‌ എംഎൽഎമാർ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു.

  പ്രളയസഹായത്തിൽ കേരളത്തോട്‌ പകകാണിച്ച കേന്ദ്രത്തിന്റെ അതേ പാതയിലാണ്‌ ലീഗും. സാലറി ചലഞ്ച്‌ പൊളിക്കാൻ  ശ്രമിച്ചതും സർക്കാരിനെ എതിർക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് അകലംപാലിച്ചതും ശരിയായില്ലെന്ന്‌ ലീഗിലെ ചില നേതാക്കൾക്കും അണികൾക്കും അഭിപ്രായമുണ്ട്‌.

70 ജീവനുകളാണ്‌ ഇത്തവണ ജില്ലയിൽ പ്രളയമെടുത്തത്‌.  അരലക്ഷം പേർ ക്യാമ്പിലായി.  കൂടുതൽ  എംഎൽഎമാരും എംപിമാരും തദ്ദേശസ്ഥാപന ഭരണവും ഉണ്ടായിട്ടും  ലീഗ്‌  ദുരിതാശ്വാസത്തിൽപോലും രാഷ്‌ട്രീയം കലർത്തുകയായിരുന്നു.  ഇക്കാര്യത്തിൽ ചുമതലാബോധത്തോടെ ഇടപെട്ട വഹാബിനെയാകട്ടെ  കണ്ണുരുട്ടി ഓടിച്ചു.
 
കശ്‌മീർ വിഭജിച്ചും ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ട ബില്ലുകൾ പാസാക്കിയും രാജ്യത്ത്‌ ചേരിതിരിവുണ്ടാക്കുന്ന കേന്ദ്ര സർക്കാരിനോട് മൃദുസമീപനം പുലർത്തുന്ന മുസ്ലിംലീഗ്‌ കേരളത്തിലെ മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ സർവപിന്തുണയും നൽകുകയാണ്‌. മോഡിയെ സ്‌തുതിച്ച ശശി തരൂരിന്‌   പിന്തുണയുമായി എം കെ മുനീർ എംഎൽഎയും മുനവറലി ശിഹാബ്‌ തങ്ങളും  രംഗത്തെത്തിയിരുന്നു.
 


പ്രധാന വാർത്തകൾ
 Top