24 October Thursday

‘കുട്ടി ഹീറോ’യ്‌ക്ക്‌ കരകയറാൻ കോഴിക്കോടിന്റെ സ്‌നേഹപാത

സ്വന്തം ലേഖകൻUpdated: Monday Sep 9, 2019

കോഴിക്കോട്
പ്രളയത്തിൽ ആംബുലൻസിന്‌ വഴികാട്ടിയ കർണാടകയിലെ ‘കുട്ടി ഹീറോ’യ്‌ക്ക്‌ സ്‌നേഹപാതയൊരുക്കി കോഴിക്കോട്‌.  കരയും പുഴയും ഒന്നായി ഒഴുകി വഴിതെറ്റിയ ആംബുലൻസിന്‌ മുന്നിലൂടെ രക്ഷകനായി ഓടിയ വെങ്കിടേശിന്റെ ജീവിതമാണ്‌ കോഴിക്കോടൻ നന്മ കര കയറ്റുന്നത്‌. ദാരിദ്ര്യത്തിന്റെ കയത്തിൽ മുങ്ങിയ ആറാംക്ലാസുകാരന്‌ ഒരു നാട്‌ തന്നെ കൈ നീട്ടുകയാണ്‌.
 
മെഡിക്കൽ കോളജിന്‌ സമീപത്തെ  കെയർ ഹോമിൽ വെങ്കിടേഷിന്‌ സ്വീകരണം നൽകി.  ആംബുലൻസിന്‌ വഴികാട്ടിയായ ബാലനെ കോഴിക്കോട്ടുകാർ ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനത്തോടെയായിരുന്നു വരവേൽപ്പ്‌.  പുതിയ വീടുവച്ചുനൽകുമെന്ന്‌  കോഴിക്കോട് ആസ്ഥാനമായുള്ള ഹെൽപ്പിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു.  സന്നദ്ധ സംഘടനയായ ഫോക്കസ് ഇന്ത്യയുടെയും  കുറ്റ്യാടി എംഐയുപി സ്‌കൂൾ പിടിഎ കമ്മിറ്റിയുടെയും സഹകരണത്തോടെയാകും നിർമാണപ്രവർത്തനങ്ങൾ.

   ഇക്കഴിഞ്ഞ പ്രളയത്തിൽ കർണാടക  റായ്ചൂർ ജില്ലയിലെ ഹിരാറായ നകുംപെ  ഗ്രാമത്തിലാണ്‌  വെങ്കിടേശ്‌ ആംബുലൻസിന്‌ വഴികാട്ടിയത്‌. വെള്ളപ്പൊക്കത്തിൽ  പുഴയും കരയും തിരിച്ചറിയാനാവാതെ ആംബുലൻസ്‌  നിർത്തിയിട്ടപ്പോഴാണ്‌  ആറാംക്ലാസുകാരൻ വെങ്കിടേശ്‌ രക്ഷകനായത്‌.  കഴുത്തറ്റം മുങ്ങുന്ന വെള്ളത്തിലൂടെയാണ്‌ വെങ്കിടേശ്‌  ആംബുലൻസ്‌  ഡ്രൈവർക്ക്‌  വഴി തെളിച്ചത്‌ .
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.   സ്വീകരണച്ചടങ്ങ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  ഉദ്ഘാടനം ചെയ്തു.  വെങ്കിടേശിനെ ആദരിക്കുമ്പോൾ കോഴിക്കോട് അതിന്റെ നന്മ വീണ്ടും വിളംബരംചെയ്യുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കലക്ടർ   സാംബശിവ റാവു സംസാരിച്ചു. കെയർ നേച്ചർ കൺവീനർ മജീദ് പുളിക്കൽ അധ്യക്ഷനായി.  കോഴിക്കോട് ടു റായ്ചൂർ പദ്ധതിരേഖ എൻ പി സക്കീർ അവതരിപ്പിച്ചു.
 
ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി വസീഫ് , യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ, കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, മിംസ് ഡയറക്ടർ ഡോ. സലാഹുദ്ദീൻ, കോർപറേഷൻ കൗൺസിലർ ഷറീന വിജയൻ, എം കെ രമേഷ്, പി രമേശ് ബാബു, സക്കീർ കോവൂർ, എം എ ജോൺസൺ, ബന്ന ചേന്നമംഗലൂർ, കെ പി യു അലി, ആർക്കിടെക്റ്റ് ജാഫറലി പാറക്കൽ, യു എ മുനീർ, സലീം പാറക്കൽ, സാലിം ജീറോഡ്, റഫീഖ് ചാലക്കര തുടങ്ങിയവർ സംസാരിച്ചു.  നൗഷാദ് നൗഷിയുടെ പ്രളയഗാനവും കാരിക്കേച്ചറിസ്റ്റ് നൗഷാദ് വെള്ളലശേരിയുടെ തത്സമയ വരയും ഉണ്ടായി.

   കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ ‘ജെംസ്‌’ കടയുടെ  ഉദ്‌ഘാടനത്തിനാണ്‌ വെങ്കിടേശ്‌ ജില്ലയിൽ എത്തിയത്‌. തുടർപഠനത്തിന്‌ വഴിമുട്ടിയ ബാലന്റെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്ന്‌ കഴിഞ്ഞ ദിവസം കടയുടമ പ്രഖ്യാപിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top