28 September Monday

കൊച്ചിയിൽ ആനക്കൊമ്പുകളുമായി അഞ്ചുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

കൊച്ചി >  തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള രണ്ടു ആനക്കൊമ്പുകളുമായി അഞ്ചുപേരെ വനം വകുപ്പ് പിടികൂടി. തൃപ്പൂണിത്തുറ എസ്‌എൻ ജങ്‌ഷൻനിൽ റോയൽ ഗാർഡൻസ്‌ ജെ-4 ഡിയിൽ റോഷൻ രാംകുമാർ (29), എരൂർ സൗപർണികയിൽ ഷൈബിൻ ശശി (28), ഇരിങ്ങാലക്കുട തുപ്രത്ത് പി എം മിഥുൻ (26), വടക്കൻ പറവൂർ മന്ദം തോട്ടത്തിൽപറമ്പിൽ ടി കെ സനോജ് (30),  ചേന്ദമംഗലം കരിയിലപ്പറമ്പിൽ കെ ആർ ഷെമീൽ (36)എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്‌ നോട്ടെണ്ണുന്ന യന്ത്രവും രണ്ടു കത്തിയും കണ്ടെടുത്തു.

1.046, 1.222 കിലോ വീതം തൂക്കമുള്ള രണ്ട്‌ ആനക്കൊമ്പുകളാണ്‌ കണ്ടെടുത്തത്‌. ഇവയ്‌ക്ക്‌ 38 സെന്റീമീറ്റർ നീളവുമുണ്ട്‌. റോഷന്റെ ഫ്ളാറ്റിൽ നിന്ന് ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞാണ് ആനക്കൊമ്പുകൾ പിടികൂടിയത്. ഒരു കൊമ്പിൽ ഗ്രീക്ക് ദേവതയുടെ രൂപം കൊത്തിയിരുന്നു. മറ്റൊന്ന് സാധാരണ നിലയിലാണ്‌. ആനക്കൊമ്പുകൾ വാങ്ങാനെന്ന വ്യാജേനയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ഫ്ളാറ്റിലെത്തിയത്. ആനക്കൊമ്പുകൾ നേരിൽകണ്ട് ബോദ്ധ്യപ്പെട്ടശേഷം വാങ്ങാമെന്നായിരുന്നു വാഗ്ദാനം. ഒന്നേകാൽ കോടി രൂപയാണ് റോഷനും സംഘവും ആവശ്യപ്പെട്ടത്‌. വിദേശത്തു നിന്നു കൊണ്ടുവന്നതാണെന്നാണ് റോഷന്റെ മൊഴി. എന്നാൽ ആനക്കൊമ്പ് കൈവശം വയ്ക്കാൻ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല.

പ്രതികൾക്ക്‌ ആനക്കൊമ്പ്‌ എവിടെ നിന്ന്‌ ലഭിച്ചെന്നറിയാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന്‌ പെരുമ്പാവൂർ ഡിഎഫ്ഒ രാജീവ് കെ ഫ്രാൻസിസ്‌ പറഞ്ഞു.  ഫ്ളൈയിങ്‌ സ്ക്വാഡ് പെരുമ്പാവൂർ റേഞ്ച് ഓഫീസർ പി എ ജലീൽ, സെക്ഷൻ ഓഫീസർ വി എം ജോഷി, ബീറ്റ് ഓഫീസർമാരായ പി വി പ്രശാന്ത്, ടി ആർ ശ്രീജിത്ത്, ആർ ശോഭരാജ്, സി എം സുബീഷ്, പി ആർ രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. പാലാരിവട്ടത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തശേഷം പെരുമ്പാവൂർ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top