23 January Sunday

മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം: മന്ത്രി സജി ചെറിയാന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


തിരുവനന്തപുരം
മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക്‌ സർക്കാരിന്റെ പ്രത്യേക ധനസഹായം. സംസ്ഥാനത്തെ 1,59,481 മത്സ്യ, അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക്‌ 3000 രൂപ വീതം  നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കനത്ത മഴയിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ 26 ദിവസം കടലിൽ പോകുന്നതിന്‌ ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു. ഈ ദിവസങ്ങളിലെ തൊഴിൽ നഷ്ടവും കോവിഡിനെ തുടർന്നുണ്ടായ വരുമാന നഷ്ടവും കണക്കിലെടുത്താണ്‌ സർക്കാർ തീരുമാനം. തീരദേശ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സഹായം ലഭിക്കും. 1,28,676 മത്സ്യത്തൊഴിലാളി കുടുംബത്തിനും 30,805 അനുബന്ധ തൊഴിലാളി കുടുംബത്തിനുമാണ്‌ സഹായം.

ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ 47.84 കോടി രൂപ അനുവദിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാലും ഫിഷറീസ്‌ മന്ത്രി സജി ചെറിയാനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. തീരദേശത്തിനും ഉൾനാടൻ മത്സ്യമേഖലയ്‌ക്കും ആശ്വാസം പകരുന്നതാണ്‌ സർക്കാർ തീരുമാനമെന്നും മന്ത്രിമാർ പറഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന്‌ ആറു ദിവസം തൊഴിൽ നഷ്ടമുണ്ടായപ്പോൾ ഓരോ കുടുംബത്തിനും 1200 രൂപ വീതം സർക്കാർ  നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top