തൃശൂർ> പ്രശസ്‌ത ചലച്ചിത്ര നിർമാതാവ് പി കെ ആർ പിള്ള (92) അന്തരിച്ചു. തൃശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് തൃശൂരിലെ വീട്ടിൽ. ഭാര്യ: രമ ആർ പിള്ള. മക്കൾ: രാജേഷ്, പ്രീതി, സോനു, പരേതനായ സിദ്ധാർഥ്.
സൂപ്പർഹിറ്റ് സിനിമയായ ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി, വന്ദനം, അഹം, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ, എന്നിവയാണ് പി കെ ആർ പിള്ള നിർമിച്ച പ്രധാന ചിത്രങ്ങൾ. 1984ലാണ് അദ്ദേഹം ആദ്യ ചിത്രം നിർമിക്കുന്നത്. വെപ്രാളം എന്നായിരുന്നു ചിത്രത്തിന്റെ പേര്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായ പ്രിയദർശൻ സിനിമ ചിത്രം പി കെ ആർ പിള്ളയുടെ സിനിമാ ജീവിതത്തിലേയും മലയാള സിനിമാ മേഖലയുടെ വളർച്ചയുടേയും നാഴികക്കല്ലായി. 26 ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇതിൽ 16 ചിത്രങ്ങൾ നിർമ്മിക്കുകയും 10 ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു.
എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി കെ ആർ പിള്ള ബിസിനസ് ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. മുംബൈ മുൻസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുൾപ്പെടെ അടുത്ത ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..