26 May Sunday

ഫസല്‍ കേസില്‍ മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തല്‍; 'പറയാത്ത കാര്യങ്ങള്‍ സിബിഐ രേഖപ്പെടുത്തി, എസ്ഡിപിഐ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി'- VIDEO

പ്രത്യേക ലേഖകൻUpdated: Tuesday Feb 12, 2019

കണ്ണൂർ > തലശേരിയിലെ ഫസൽ വധിക്കപ്പെട്ടത് താൻ കണ്ടിട്ടില്ലെന്ന‌് കേസിലെ മുഖ്യസാക്ഷി ലുലു മർജാൻ വെളിപ്പെടുത്തി.  താൻ പറയാത്ത കാര്യങ്ങളാണ‌് സിബിഐ മൊഴിയായി ഖേപ്പെടുത്തിയത‌്. പ്രതികൾക്കെതിരെ മൊഴിനൽകാൻ  കടുത്ത സമ്മർദം ചെലുത്തി. സംഭവം കണ്ടുവെന്ന് പറയാൻ എസ്‌‌‌ഡിപിഐ നേതാക്കൾ നിരന്തരം നിർബന്ധിച്ചു.  ഒരു പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിലാണ‌് നിർണായക വെളിപ്പെടുത്തൽ.

ഫസലിനെ കൊലപ്പെടുത്തുന്നത് താൻ കണ്ടിട്ടില്ല. സംഭവസമയത്ത്‌  ബഹളം കേട്ടു. സിബിഐ മൊഴിയിൽ ചേർത്തത് പലതും താൻ പറയാത്ത കാര്യങ്ങളാണ്. സത്യം പുറത്തുകൊണ്ടുവരാൻ കേസിൽ പുനരന്വേഷണം വേണം. സംഭവം കണ്ടുവെന്ന് പറയാൻ എസ്‌‌‌ഡിപിഐ നേതാക്കൾ നിരന്തരം സമ്മർദം ചെലുത്തി. തന്റെ വിലാസം തേടിപ്പിടിച്ച് ദുബായിൽ ജോലിചെയ്യുന്നയിടത്ത‌് വന്നും  ആവശ്യപ്പെട്ടു. ഗൾഫിൽ ജോലി ചെയ്യാൻ കഴിയാത്ത മാനസികാവസ്ഥ ഉണ്ടാക്കിയതിനാലാണ‌് വീണ്ടും നാട്ടിലെത്തുന്നത്.

സിബിഐ ആദ്യം അന്വേഷണത്തിനായി വന്ന സമയം ചോദ്യം ചെയ്യുന്നതിനായി തലശേരി ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. ലോക്കൽ പൊലീസ് എന്തുകൊണ്ടാണ് സാക്ഷിപ്പട്ടികയിൽ നിന്നും പേര് ഒഴിവാക്കിയതെന്ന് സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചു. താൻ സംഭവം കാണാത്തുകൊണ്ടാണെന്ന‌് മറുപടി നൽകി. കണ്ടെന്നതിന‌് സാക്ഷികൾ ഉണ്ടല്ലോ എന്നായി സിബിഐ ഉദ്യോഗസ്ഥർ. അതാരാണെന്ന് ചോദിച്ചപ്പോൾ സാക്ഷികളിലൊരാളായ സമീറയാണെന്നു പറഞ്ഞു. അവർ ഗസ‌്റ്റ‌് ഹൗസിൽ ഉണ്ടായിരുന്നു. പ്രതികളുടെ ഫോട്ടോ കാണിച്ച് ചോദ്യം ചെയ്തപ്പോഴും തനിക്ക് ആരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല.

സമീറയാണ് അവരൊക്കെ തന്നെയാണ് പ്രതികളെന്ന് മൊഴി നൽകിയത‌്.  അവർക്ക‌് ഇതിൽ നേട്ടമുണ്ട‌്. ആർക്കെല്ലാമോ നേട്ടമുണ്ട‌്. എനിക്ക‌് ഒരു രാഷ്ട്രീയപാർടിയുമായും ബന്ധമില്ല. കേസ‌് വീണ്ടും അന്വേഷിക്കണം. യഥാർഥ പ്രതികളെ പുറത്തുകൊണ്ടു വരണം, ലുലു മർജാൻ പറഞ്ഞു.

ലുലുവിന്റെ വെളിപ്പെടുത്തൽ സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ധാരാളം തെളിവുകൾ പുറത്തുവന്നിട്ടുള്ളതാണ്. പക്ഷേ, പുനരന്വേഷണം നടത്താൻ സിബിഐ തയ്യാറല്ല. പി ജയരാജൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top