28 September Monday

ഫാത്തിമയുടെ ബാപ്പ ഇന്ന് മുഖ്യമന്ത്രിയെ കാണും; ഇടതുപക്ഷം പാർലമെന്റിൽ ഉന്നയിക്കും

സ്വന്തം ലേഖകന്‍Updated: Monday Nov 18, 2019

കൊല്ലം > വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹണ്യം  ചെന്നൈ ഐഐടിയിലെത്തി. അന്വേഷണം ശരിയായ ദിശയിലാണെന്ന്‌  സുബ്രഹ്മണ്യം  മാധ്യമങ്ങളോട്‌ പറഞ്ഞു. സത്യാവസ്ഥ ഉറപ്പായും പുറത്തുവരും. മിടുക്കിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖിക്കുന്നു.  കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  അതിനിടെ അന്വേഷണം കൂടുതൽ ഊർജിമാക്കാൻ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലത്തീഫ്‌ തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി  ഡീനിന്റെയും അധ്യാപകരുടെയും മൊഴിയെടുത്തു.   റിപ്പോർട്ട് അടുത്ത ദിവസം തന്നെ മാനവ വിഭവശേഷി മന്ത്രിക്ക്  കൈമാറുമെന്നും സുബ്രഹ്മണ്യം  പറഞ്ഞു.  സഹോദരി അയിഷയുടെ പക്കലുള്ള  ഫാത്തിമയുടെ ലാപ്‌ടോപ്പും ഐ പാഡും പരിശോധിക്കുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും പ്രത്യേക അന്വേഷക സംഘം  അടുത്ത ദിവസം കൊല്ലത്തെത്തും.  അതിനിടെ ഫാത്തിമ ലത്തീഫിന്റെ കുടുംബം അപകീർത്തിപ്പെടുത്തുന്നതായി മദ്രാസ് ഐഐടി അധികൃതർ പൊലീസിൽ പരാതി നൽകിയതായി സൂചനയുണ്ട്.  മൂന്നു ദിവസമായി ചെന്നൈയിലായിരുന്ന ഫാത്തിമയുടെ അച്ഛൻ  അബ്ദുൾ ലത്തീഫ് ഞായറാഴ്ച കൊല്ലത്തെ വീട്ടിൽ തിരികെയെത്തി.

പ്രതികളെ ഒരാഴ്ചയ്ക്കകം അറസ്റ്റ്‌ ചെയ്യണം

മദ്രാസ്‌ ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന്‌ കാരണമായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ്‌ ചെയ്യണമെന്ന്‌ ബാപ്പ അബ്ദുൾ ലത്തീഫ്‌. ഇല്ലെങ്കിൽ   മരണത്തിലേക്ക്‌ നയിച്ച കാരണങ്ങൾ വാർത്താസമ്മേളനം നടത്തി വിളിച്ചുപറയും. സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽമാത്രമാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽനിന്ന്‌ ഞായറാഴ്ച രാവിലെ എത്തിയ അബ്ദുൾ ലത്തീഫ്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു.

ഫാത്തിമയുടെ ലാപ്‌ടോപ്പിലും ടാബിലും എല്ലാ തെളിവുമുണ്ട്‌. അവ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ കൈമാറുന്നത്‌ നിയമവിദഗ്‌ധരുമായി ആലോചിച്ച്‌ തീരുമാനിക്കും. മരണത്തിന് ഉത്തരവാദി ആരെന്ന്‌ മകൾതന്നെ വ്യക്തമാക്കിയതാണ്. അധ്യാപകൻ സുദർശനൻ പത്മനാഭനെതിരെ  തെളിവ്‌ ശേഖരിച്ചശേഷം അറസ്റ്റ് ചെയ്യുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തതിനാലാണ്‌ ഐഐടി അധികൃതർ ആരോപണം ഉന്നയിക്കുന്നത്.

‘പരിഷ്കൃത സമൂഹത്തിൽ കാണാത്തത്ര ബുദ്ധിമുട്ടാണ്‌ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്നത്‌. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ്‌ മേധാവിയും എംഎൽഎമാരുമെല്ലാം കൃത്യമായി വിഷയത്തിൽ ഇടപെടുന്നു. മുഖ്യമന്ത്രിയും മറ്റുള്ളവരും വിളിച്ചതായി ചെന്നൈയിൽ പോയ ഓഫീസിൽനിന്നെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു. അതത്‌ ദിവസം അന്വേഷണ പുരോഗതി അറിയിക്കണമെന്ന്‌ സംസ്ഥാന സർക്കാർ തമിഴ്‌നാട്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടതായും വിവരം ലഭിച്ചു. സർക്കാരിലാണ്‌ അവസാന പ്രതീക്ഷ. മുഖ്യമന്ത്രി ഡൽഹിയിൽനിന്ന്‌ തിരിച്ചെത്തിയാലുടൻ അദ്ദേഹത്തെ കാണും’–- ലത്തീഫ്‌ പറഞ്ഞു.

ഇടതുപക്ഷം പാർലമെന്റിൽ ഉന്നയിക്കും

മദ്രാസ്‌ ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം ഇടതുപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കും. ഞായറാഴ്‌ച പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സിപിഐ എം രാജ്യസഭാ നേതാവ്‌ ടി കെ രംഗരാജൻ വിഷയം ഉന്നയിച്ചു. മതാടിസ്ഥാനത്തിലുള്ള വിവേചനമുണ്ടായോ എന്ന്‌ പരിശോധിക്കണം. ഐഐടി പോലുള്ള ഉന്നത സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന്‌ മുൻകരുതലുകൾ സ്വീകരിക്കണം. ഫാത്തിമയുടെ മരണത്തിന്‌ ഉത്തരവാദികളായവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണം. പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉയർത്തും–- രംഗരാജൻ പറഞ്ഞു.  ഡിഎംകെ നേതാവ്‌ ടി ആർ ബാലു അടക്കമുള്ള നേതാക്കൾ രംഗരാജനെ പിന്തുണച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top