07 December Saturday

നുണ വിക്ഷേപണം 24 x 7 ; വ്യാജവാര്‍ത്തകളുടെ പരമ്പരയുമായി മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ 23–-ാം സ്ഥാനത്തോടെ കേരളത്തിൽ ഒന്നാമതുള്ള യൂണിവേഴ‌്സിറ്റി കോളേജിനെയും എസ‌്എഫ‌്ഐയെയും അപകീർത്തിപ്പെടുത്താൻ വ്യാജവാര്‍ത്തകളുടെ പരമ്പരയുമായി ഒരുപറ്റം മാധ്യമങ്ങൾ. സംഘർഷത്തിലെ മുഖ്യപ്രതികളെയടക്കം അറസ്റ്റ‌ു ചെയ‌്തിട്ടും കോളേജിനും എസ‌്എഫ‌്ഐയ്ക്കുമെതിരെ ആസൂത്രിത നുണപ്രചാരണം തുടരുകയാണ‌്. ഓരോ വാർത്തയും പച്ചക്കള്ളമാണെന്ന‌് സാമൂഹ്യമാധ്യമങ്ങളടക്കം പൊളിച്ചടുക്കുമ്പോഴും നുണ വിക്ഷേപണം തുടരുന്നു.

യൂണിവേഴ‌്സിറ്റി കോളേജിലെ എസ‌്എഫ‌്ഐ പ്രവർത്തകർ സ‌്പോട്ട‌് അഡ‌്മിഷനിലൂടെ അനധികൃതമായി പ്രവേശനം നേടുന്നുവെന്ന‌ാണ‌് ഒടുവിൽ പൊളിഞ്ഞ പുതിയ കഥ. സർവകലാശാലയുടെ ഏകജാലക സംവിധാനം വഴിയാണ‌് കോളേജുകളിൽ പ്രവേശനം. ഓൺലൈൻ അപേക്ഷ സമർപ്പിച്ച‌് വിവിധ ഘട്ടങ്ങളിലായി മാർക്കിന്റെ അടിസ്ഥാനത്തിലുള്ള അലോട്ട‌്മെന്റ‌് വഴിയാണ‌് പ്രവേശനം. ഇതിനുശേഷവും ഒഴിവ‌ുള്ള സീറ്റുക‌ളുടെ വിവരം പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തും. തുടർന്ന‌് കേരള സര്‍വകലാശാലയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥനും ഒരു ജീവനക്കാരനും കോളേജ‌് അധ്യാപകരും ഉൾപ്പെടുന്ന സമിതി സർവകലാശാലാ സോഫ‌്റ്റ‌്‌വെയറിലേക്ക‌് വിദ്യാർഥികളുടെ വിവരങ്ങൾ നൽകും. സോഫ‌്റ്റ‌്‌വെയർ സ്വമേധയാ റാങ്ക‌് ലിസ്റ്റ‌് തയ്യാറാക്കും. ഇൻഡക‌്സ‌് മാർക്കിന്റെ അടിസ്ഥാനത്തിൽ സുതാര്യമായാണ‌് പ്രവേശനം. പ്രവേശനം നേടിയ വിദ്യാർഥികളുടെ മാർക്ക‌ും വിവരങ്ങളും അതത‌് ഡിപ്പാർട്ട‌്മെന്റുകളിലും സർവകലാശാല വെബ‌്സൈറ്റിലും ലഭ്യമാണെന്നിരിക്കെയാണ‌് അതൊന്നും പരിശോധിക്കാതെ മാധ്യമങ്ങളുടെ തറവേല.

കേസ‌് പിൻവലിപ്പിക്കാൻ സിപിഐ എമ്മും എസ‌്എഫ‌്ഐ നേതൃത്വവും ശ്രമിക്കുന്നുവെന്ന‌് അഖിലിന്റെ അച്ഛൻ ചന്ദ്രൻ പറഞ്ഞെന്ന‌ായിരുന്നു മറ്റൊരു പ്രചാരണം. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വാർത്ത വ്യാജമാണെന്നും ചന്ദ്രൻ പറഞ്ഞതോടെ മാധ്യമങ്ങൾ അടവ‌് മാറ്റി. ചിലർ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്നായി. മുഖ്യപ്രതികളെയല്ലാം കസ്റ്റഡിയിലെടുത്തതോടെ അതും പൊളിഞ്ഞു.

പ്രതികളായ രണ്ട‌ുപേരും മറ്റൊരു വിദ്യാർഥിയും യൂണിവേഴ‌്സിറ്റി കോളേജിൽ ഒരേ മുറിയിൽ പിഎസ‌്സി പരീക്ഷ എഴുതിയെന്നും ചില ചാനലുകൾ തട്ടിവിട്ടു. മൂന്നുപേരുടെയും രജിസ്റ്റർ നമ്പറുകൾ അടുത്തടുത്താണെന്നും പറഞ്ഞു. ഇവർ മൂന്ന‌ുപേരും ജില്ലയിലെ പല കേന്ദ്രങ്ങളിലാണ‌് പരീക്ഷ എഴുതിയതെന്ന‌് പിഎസ‌്സി വ്യക്തമാക്കിയതോടെ അതും പൊളിഞ്ഞു. യൂണിവേഴ‌്സിറ്റി കോളേജിൽനിന്ന‌് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഇവർക്ക‌് നേരത്തെ എത്തിച്ചുവെന്ന പ്രചാരണമായി. പരീക്ഷാഹാളിൽ ഉദ്യോഗാർഥികളുടെ മുന്നിൽ മാത്രം തുറക്കുന്ന ചോദ്യപേപ്പറുകളാണ‌് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സെന്ററുകളിലേക്ക‌് എത്തിച്ചതെന്ന‌്  പടച്ചുവിട്ടത‌്.

 

ദുരൂഹത അന്വേഷിക്കണം: എസ‌്എഫ‌്ഐ
യൂണിവേഴ‌്സിറ്റി കോളേജ‌് വിദ്യാർഥി യൂണിയൻ ഓഫീസിൽനിന്ന‌് ഉത്തരക്കടലാസ‌് കണ്ടെത്തിയെന്ന സംഭവത്തിൽ  ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും എസ‌്എഫ‌്ഐ നേതാക്കൾ. കോളേജിലുണ്ടായവിദ്യാർഥി സംഘർഷം ദൗർഭാഗ്യകരമാണ‌്. വിദ്യാർഥി സംഘടന എന്ന നിലയിൽ സ്വീകരിക്കാവുന്നതിന്റെ പരമാവധി അച്ചടക്കനടപടി എസ‌്എഫ‌്ഐ സ്വീകരിച്ചിട്ടുണ്ട‌്. അക്രമത്തിന്റെ ഭാഗമായ ആരും ഇന്ന‌് എസ‌്എഫ‌്ഐയിൽ ഇല്ല. പൊലീസ‌് സ്വതന്ത്രമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. പ്രധാന പ്രതികളെ പിടികൂടി. വ്യാജവാർത്തകൾ ചമച്ച‌് എസ‌്എഫ‌്ഐയെ തകർക്കുക എന്ന ലക്ഷ്യമാണ‌് വലതുമാധ്യമങ്ങൾക്ക‌്.

ഇതിനെ എസ‌്എഫ‌്ഐ വിദ്യാർഥികളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും. എസ‌്എഫ‌്ഐയെ ദുർബലപ്പെടുത്തിയാൽ അത്തരം കലാലയങ്ങളിൽ വർഗീയ മതതീവ്രവാദ ശക്തികൾക്ക‌് കടന്നുവരാനാകും. എസ‌്എഫ‌്ഐയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ‌് വ്യജവാർത്തകളും സാമൂഹ്യ മാധ്യമങ്ങൾവഴി വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച‌് ഇല്ലാ കാര്യങ്ങളും പ്രചരിപ്പിക്കുന്നത‌്. 

യൂണിവേഴ‌്സിറ്റി കോളേജ‌് സംഭവത്തിന്റെ പേരിൽ എസ‌്എഫ‌്ഐക്കെതിരെ ഉന്നയിക്കപ്പെട്ട പല വാർത്തകളും വ്യാജമാണെന്ന‌് തെളിഞ്ഞു. 
പൊലീസിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പരിശോധനയിൽ ഇല്ലാത്ത ഉത്തരക്കടലാസ‌് പിന്നീട‌് കണ്ടെത്താനിടയായ ദുരൂഹ സാഹചര്യത്തെക്കുറിച്ച‌് സമഗ്രാന്വേഷണം വേണമെന്ന‌്  എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ‌്, സെക്രട്ടറി  കെ എം സച്ചിൻദേവ‌് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top