28 January Tuesday
വയോധികയുടെ സ്ഥലം സിപിഐ എം കൈയേറിയെന്ന് വ്യാജവാർത്ത

ചെലവടക്കം കോടതി തള്ളിയിട്ടും പൊതുസ്ഥലം കൈയേറാൻ മനോരമയുടെ കൈത്താങ്ങ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

കണ്ണൂർ> അഞ്ചു കേസുകളിലും പരാജയം. നാലു കേസുകളിൽ ഹർജിക്കാരിൽനിന്ന‌് കോടതിച്ചെലവടക്കം ഈടാക്കാൻ വിധി. നികുതിയടക്കുന്നത‌് അർഹതയില്ലാത്ത ഭൂമിക്കുമേൽ അവകാശം സ്ഥാപിച്ചു കിട്ടുന്നതിനുള്ള ന്യായമല്ലെന്ന് ഹൈക്കോടതി അംഗീകരിച്ച കീഴ‌്ക്കോടതി വിധി. മെയിൻ റോഡിന് ചേർന്ന പൊതുസ്ഥലം കൈവശപ്പെടുത്താൻ നടത്തിയ വ്യവഹാരങ്ങൾക്കു പിന്നിലെ ദുരൂഹത ചികയാതെ സിപിഐ എംവിരുദ്ധ വാർത്ത സൃഷ്ടിച്ചതിനുപിന്നിൽ വൻ ഗൂഢാലോചന.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വയോധികയുടെ സ്ഥലം സിപിഐ എം കൈയേറിയെന്നാണ‌് മലയാള മനോരമ പത്രവും ചില ഓൺലൈൻ ന്യൂസ്‌ ചാനലുകളിലും വാർത്ത പ്രസിദ്ധീകരിച്ചത‌്. വേങ്ങാട് പഞ്ചായത്തിലെ പാച്ചപ്പൊയ‌്കയിൽ സത്ര കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്ഥലം കൈവശപ്പെടുത്താൻ 1978 ൽ തുടങ്ങിയ ശ്രമം കോടതിയിൽ തോറ്റെങ്കിലും പതിറ്റാണ്ടുകൾക്കിപ്പുറം സിപിഐ എമ്മിനെ പ്രതിസ്ഥാനത്തു നിർത്തി വിജയിപ്പിച്ചെടുക്കാനാവുമോയെന്നാണ‌് ഇക്കൂട്ടർ നോക്കുന്നത‌്.

130 വർഷങ്ങൾക്കുമുമ്പേ പനക്കാടൻ കുഞ്ഞമ്പു കൈവശമുള്ള നാലു ഭാഗത്തും വ്യക്തമായ അതിരുകളോടുകൂടിയ 33 സെന്റ‌് സ്ഥലത്ത‌് ഒരു പൊതുകുളം, കിണർ, സത്രം, കന്നുകാലികൾക്ക് കൊട്ടത്തളം, ചുമട്താങ്ങി, വഴിയോര വിളക്ക്തൂൺ എന്നിവ നിർമിച്ച് ദാനംചെയ്തിരുന്നു. കുളവും കിണറും ഒഴികെയുള്ളവ ജീർണിച്ചുപോയി. 1955 ൽ ബിഡിഒ ആയിരുന്ന ജി കെ പണിക്കർ  പ്രാദേശിക നേതാക്കളെയും നാട്ടുകാരെയും ഉൾപ്പെടുത്തി കമ്മിറ്റി ഉണ്ടാക്കി സത്രം പുനർനിർമിച്ച‌് അതിന്റെ ഒരു മുറിയിൽ വായനശാലയും തുടങ്ങി. ആ കമ്മിറ്റിയുടെ തുടർച്ചയാണ് ഇന്ന് ഇവയെല്ലാം കൈകാര്യംചെയ്യുന്നത്. കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്  ഇവിടെ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിനും സായി ബാബ സേവാസമിതിക്കും സ്ഥലം നൽകിയത്.

1978 മുതലാണ് ചിലയാളുകളുടെ പ്രേരണയിൽ ഈ സ്ഥലത്തിനു പരിസരത്തെ ജാനുവിനെ ഉപയോഗിച്ച്  കോടതി വ്യവഹാരങ്ങളുടെ പരമ്പര തുടങ്ങിയത‌്. ഇവരുടെ പ്രേരണയാൽ ജാനു 1978, 82, 87, 92, 94 വർഷങ്ങളിലായി  അഞ്ച‌് കേസുകളാണ് സത്ര കമ്മിറ്റിയുടെ സ്ഥലത്തിന്മേൽ അവകാശവാദവുമായി ഹൈക്കോടതിയിൽ ഉൾപ്പെടെ നടത്തിയത‌്. ഇതിൽ നാല‌് കേസിലും എതിർകക്ഷികൾക്കുള്ള കോടതിച്ചെലവടക്കം ജാനുവിൽനിന്ന് ഈടാക്കാനാണ് വിധിയുണ്ടായത്. ഏറ്റവും ഒടുവിലത്തെ കേസിൽ ജാനുവിന്റെ രണ്ടാം അപ്പീലും തള്ളി  കീഴ‌്കോടതി വിധികൾ ഹൈക്കോടതി ശരിവയ‌്ക്കുകയാണുണ്ടായത്.

1987 ൽ കോടതി നിശ്ചയിച്ച കമീഷൻ തയ്യാറാക്കിയ സി2 റിപ്പോർട്ടും സി4 പ്ലാനും അംഗീകരിച്ചാണ് മൂന്ന‌് കോടതികളും ഒരേതരത്തിലുള്ള വിധി പ്രസ്താവിച്ചത്. ജാനു അവകാശവാദം ഉന്നയിച്ച  അങ്കണവാടി സ്ഥിതിചെയ്യുന്ന, അന്നത്തെ മഹിളാസമാജത്തിന്റെ കൈയിലുണ്ടായിരുന്ന സ്ഥലം, ഗവ. ആയുർവേദ ഡിസ്പെൻസറി സ്ഥിതിചെയ്യുന്ന സ്ഥലം, ഇപ്പോൾ സത്ര കമ്മിറ്റിയുടെ കൈവശമുള്ള ബാക്കി സ്ഥലം തുടങ്ങിയവയ‌്ക്കുമേൽ ജാനുവിന് അവകാശമില്ലെന്ന് വിധിയിൽ പ്രസ്താവിക്കുന്നുണ്ട‌്. ഹർജിക്കാർ കേസ് ഫയൽചെയ്യുന്നതിന് വർഷങ്ങൾക്കുമുമ്പ് മുതൽ പ്രവർത്തിച്ചു വരികയായിരുന്ന അങ്കണവാടി കെട്ടിടം കേസ് തുടങ്ങിയശേഷം നിർമിച്ചതാണ് എന്ന നുണ കോടതിതന്നെ വിധിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

ഒരേക്കർ 53 സെന്റിന് നികുതി അടക്കുന്നുവെന്നാണ‌് ജാനുവും കുടുംബവും നിരന്തരം പ്രചരിപ്പിക്കുന്നത‌്. എന്നാൽ 1.53 ഏക്കറിന് നികുതി അടക്കുന്നു എന്നത് അർഹതയില്ലാത്ത ഭൂമിക്കുമേൽ അവകാശം സ്ഥാപിച്ചു കിട്ടുന്നതിനുള്ള ന്യായമല്ലെന്നാണ‌് 1992 ൽ തലശേരി കോടതി വിധിച്ചത‌്. ഇത‌് ഹൈക്കോടതിയും അംഗീകരിച്ചു.

1998നുശേഷം സ്ഥലത്തിനു മേൽ ഒരു കേസും നിലവിലില്ല. 1998ൽ ഹൈക്കോടതി വ്യവഹാരം അവസാനിച്ചശേഷം ഗവ. ആയുർവേദ ഡിസ്പെൻസറി നിർമിക്കാൻ 8.45 സെന്റ‌് സത്രകമ്മിറ്റി പഞ്ചായത്തിന് നൽകിയിട്ടുണ്ട്. സത്രകമ്മിറ്റി പഞ്ചായത്തിന് നൽകിയ സ്ഥലത്തെ മരങ്ങൾ തങ്ങളുടേതാണെന്നും പറഞ്ഞ‌് അനധികൃതമായി മുറിച്ചിട്ടിരിക്കുകയാണ് ജാനുവിന്റെ കുടുംബം. വിലകൂടിയ പൊതുസ്ഥലം കൈവശപ്പെടുത്തി പീടിക മുറികളെടുക്കാൻ കരുനീക്കിയവരുടെ പ്രേരണയാലാണ് 1978ൽ കേസ് തുടങ്ങിയതെങ്കിൽ ഇന്ന് ഇതിനുപിന്നിൽ വൻ ഭൂമാഫിയതന്നെയുണ്ടെന്നാണ് പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നത്. ചില നിക്ഷിപ്‌ത താല്പര്യക്കാരാണ‌് ഇതിന് പിന്നിലെന്ന് സത്രകമ്മിറ്റി ഭാരവാഹികളും പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top