22 October Tuesday

തട്ടിക്കൊണ്ടുപോയെന്ന്‌ കഥമെനഞ്ഞ്‌ മലപ്പുറത്ത്‌ പതിനാലുകാരൻ; യുവാക്കൾക്ക്‌ ക്രൂരമർദ്ദനം: വധശ്രമത്തിന് കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

കൊണ്ടോട്ടി > എടവണ്ണപ്പാറക്കടുത്ത് ഓമാനൂരിൽ ആൾക്കൂട്ട ആക്രമണം നടത്തിയവർക്കെിരേ വധശ്രമത്തിന് കേസെടുത്തു. വാഴക്കാട് പൊലീസാണ്‌ കണ്ടാലറിയാവുന്ന 40 ഓളം പേർക്കെതിരെ   കേസെടുത്തത്. വധശ്രമത്തിന് പുറമേ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ  ചുമത്തി.

വിദ്യാർഥിയെ വാഹനത്തിൽ കടത്തികൊണ്ട് പോകാൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ കാറിൽ സഞ്ചരിച്ച രണ്ടംഗ സംഘത്തെ തടഞ്ഞ് വെച്ചാണ്‌ ക്രൂരമായി മർദിച്ചത്. മർദനത്തിൽ സാരമായി പരിക്കേറ്റ കൊണ്ടോട്ടി സ്വദേശികളായ സഫറുള്ള, റഹ്മത്ത്, എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ആൾകൂട്ട അക്രമത്തിൽ നിന്ന്‌ ഇവരെ പൊലീസാണ് രക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. തന്നെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ചെന്ന വിദ്യാർഥിയുടെ പരാതിയെത്തുടർന്നാണ്‌ തുടക്കം.

സ്ഥലത്തെ സിസിടിവി പരിശോധിച്ച് ആ സമയത്ത് അത് വഴി കടന്ന് പോയ കാർ പൊലിസ്‌ അടുത്ത സ്‌റ്റേഷനുമായി ബന്ധപ്പെട്ട്‌ തിരിച്ച് വിളിക്കുകയായിരുന്നു. തിരിച്ച് വരുന്ന വഴി തടഞ്ഞ് നിർത്തി കാറിലുള്ളവരെ ഓടി കൂടിയ ആൾക്കൂട്ടം   മർദിക്കുകയായിരുന്നു. ഇത്‌ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് വിദ്യാർഥി മൊഴി മാറ്റുന്നത്.തട്ടികൊണ്ട് പോകൽ ശ്രമം നടന്നിട്ടില്ലെന്നും ഓണ പരീക്ഷയുടെ ഉത്തര കടലാസ്‌ കിട്ടുന്ന ദിവസം സ്കൂളിൽ പോകാതിരിക്കാൻ   മെനഞ കള്ള കഥയാണിതെന്നും പൊലീസിന് ബോധ്യമായി. തുടർന്നാണ്‌ ആൾകൂട്ട ആക്രമം നടത്തിയവർക്കെതിരെ  കേസെടുത്തത്‌.  പൊലീസ് അന്വേഷണം ശക്തമാക്കി.


പ്രധാന വാർത്തകൾ
 Top