07 July Thursday

കാർബൺ ന്യൂട്രൽ ഗവേണൻസ് ; പിഡബ്ല്യുഡി റസ്‌റ്റ്‌ ഹൗസുകളിലും 
ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാം

എം വി പ്രദീപ്‌Updated: Saturday May 21, 2022


തിരുവനന്തപുരം  
പിഡബ്ല്യുഡി  റസ്‌റ്റ്‌ ഹൗസുകളോട്‌ അനുബന്ധിച്ച്‌ ഇലക്‌ട്രിക്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ വരുന്നു. ഇതിന്റെ സാധ്യത പരിശോധിക്കാൻ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നിർദേശപ്രകാരം നാലംഗ സമിതിയെ നിയോഗിച്ചു. കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതിയുടെ ഭാഗമായി സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഈ വർഷം 300 ഇലക്ട്രിക് വാഹനം നൽകാൻ അനർട്ട് ലക്ഷ്യമിട്ടിട്ടുണ്ട്‌. സംസ്ഥാനത്ത് ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയുള്ള പിഡബ്ല്യുഡി  റസ്‌റ്റ്‌ ഹൗസുകളിൽനിന്ന്‌ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്‌ക്കും മറ്റും ഇലക്ട്രിക്‌ വാഹനങ്ങൾ ഉപയോഗിക്കാനും പദ്ധതിയുണ്ട്‌.

153 റസ്റ്റ് ഹൗസിലായി 1151 മുറി നിലവിലുണ്ട്‌. ഇവ നവീകരിച്ച്  പൊതുജനങ്ങൾക്ക്‌ ഓൺലൈൻ വഴി മുറി ബുക്ക്‌ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. അതോടെ കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സൗകര്യം വിനോദസഞ്ചാരികളുൾപ്പെടെ ധാരാളംപേർ പ്രയോജനപ്പെടുത്തുന്നുണ്ട്‌.  ഇത്‌ കൂടുതൽ ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ്‌ ഇലക്ട്രിക്‌ വാഹന ചാർജിങ്‌ സംവിധാനമൊരുക്കുന്നത്‌. 25 ശതമാനം റസ്‌റ്റ്‌ ഹൗസുകളിൽ  ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കാമെന്ന്‌  പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്‌.  അവശേഷിക്കുന്ന എത്രയിടങ്ങളിൽ ഇവ ആരംഭിക്കാമെന്ന്‌ സമിതി പരിശോധിക്കും. ചാർജിങ്‌ സൗകര്യം എത്രമാത്രം പ്രയോജനപ്പെടുത്താനാകും എന്നതടക്കമുള്ള വിശദ പരിശോധനയും നടക്കും. പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ്‌ എൻജിനിയർ കൺവീനറായ സമിതിയിൽ പിഡബ്ല്യുഡി ജോയിന്റ്‌ സെക്രട്ടറി,  കെടിഡിസി എംഡി, അനർട്ട്‌ പ്രതിനിധി എന്നിവർ അംഗങ്ങളായ സമിതി റിപ്പോർട്ട്‌ ഉടൻ  സമർപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top