16 January Saturday

ഹൈക്കോടതിയിലും കഥകൾ കണ്ടെത്തലാക്കി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


കൂടുതൽ അന്വേഷണം വേണമെന്ന്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതി നിർദേശിച്ച കാര്യം അതേപടി ഹൈക്കോടതിയിലും ആവർത്തിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി). കള്ളപ്പണം വെളുപ്പിക്കൽ കേസ്‌ പരിഗണിക്കുന്ന കോടതി സംശയം പ്രകടിപ്പിച്ച വാദങ്ങളാണ്‌ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്ത്‌ ഹൈക്കോടതിയിലും ഇഡി ആവർത്തിച്ചത്‌. സ്വപ്‌ന സുരേഷിന്റെ ബാങ്ക്‌ ലോക്കറിൽനിന്ന്‌ എൻഐഎ പിടിച്ചെടുത്ത പണം യൂണിടാക്‌ നൽകിയ കമീഷനാണെന്ന ഇഡിയുടെ ‘കണ്ടെത്തലി’ലാണ്‌ സെഷൻസ്‌ കോടതി കൂടുതൽ അന്വേഷണം വേണമെന്ന്‌‌ അഭിപ്രായപ്പെട്ടത്‌.

ലോക്കറിൽനിന്ന്‌ എൻഐഎ പിടിച്ചെടുത്ത പണം സ്വർണക്കടത്തിൽനിന്നുള്ള പ്രതിഫലമോ യൂണിടാക്‌ നൽകിയ കമീഷനോ എന്നതിൽ കൂടുതൽ അന്വേഷണം വേണം. ഇഡിയുടെ വാദത്തിൽ വൈരുധ്യമുണ്ടെന്നാണ്‌ ജഡ്‌ജി ഡോ. കൗസർ എടപ്പഗത്ത്‌ നവംബർ 17ന്‌ എം ശിവശങ്കറിന്‌ ജാമ്യം നിഷേധിച്ച വിധിയിൽ വ്യക്തമാക്കിയത്‌.

ഇഡി കോടതിയിൽ പറഞ്ഞത്
സ്വപ്‌ന സുരേഷിന്റെ ബാങ്ക്‌ ലോക്കറിൽനിന്ന്‌ എൻഐഎ പിടിച്ച പണം യൂണിടാക്കിൽനിന്ന്‌ ശിവശങ്കറിന്‌ ലഭിച്ചതാണ്‌. സ്വർണക്കടത്തിലും യൂണിടാക്‌ ഇടപാടിലും ശിവശങ്കറിന്‌ പങ്കുണ്ടെന്നതിന്‌ ഇതാണ് പ്രധാന തെളിവ്‌. ബാങ്ക്‌ ലോക്കർ ഏർപ്പാടാക്കാൻ ശിവശങ്കർ തന്റെ ചാർട്ടേഡ്‌ അക്കൗണ്ടന്റിന്റെ സഹായം ഉറപ്പാക്കി. കമീഷൻ പണമായ 64 ലക്ഷം രൂപയും സ്വർണവും സ്വപ്ന ഇതിലാണ്‌ സൂക്ഷിച്ചത്‌.

നവംബർ പത്തിന്‌ സ്വപ്‌ന നൽകിയ മൊഴി വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ നാലുതവണ ശിവശങ്കർ വിളിച്ചുവെന്നാണ്. സ്വർണമടങ്ങിയ ബാഗേജ്‌ വിട്ടുകിട്ടാനും ശിവശങ്കർ വിളിച്ചിരിക്കാം. കസ്‌റ്റംസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി സംസാരിച്ചതായി ഒക്‌ടോബർ 15ന്‌ ശിവശങ്കറും മൊഴി നൽകി. എന്നാൽ 28ന്‌ അദ്ദേഹം ഇതു നിഷേധിച്ചു. സ്വപ്‌നയുടെ ലോക്കറിൽനിന്ന്‌ കണ്ടെത്തിയ ഒരുകോടിയോളം രൂപയുടെ  കള്ളപ്പണം കോൺസുലേറ്റ്‌ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ്‌ ശിവശങ്കറിന്‌ നൽകിയ കോഴപ്പണമാണ്.

പ്രതിഭാഗം വാദം
സ്വപ്‌നയുടെ ലോക്കറിൽനിന്ന്‌ എൻഐഎ പിടിച്ചെടുത്ത പണം അവർ സ്വർണക്കടത്തിൽനിന്ന്‌ സമ്പാദിച്ചതാണെന്നാണ്‌ ഒക്‌ടോബർ 28ന്‌ ശിവശങ്കറിനെ അറസ്‌റ്റ്‌ ചെയ്യുമ്പോൾ നൽകിയ റിപ്പോർട്ടിൽ ഇഡി പറഞ്ഞത്‌. സ്വർണക്കടത്തിലൂടെ സമ്പാദിച്ച പണം  കള്ളപ്പണംവെളുപ്പിക്കലിന്‌ ഉപയോഗിച്ചു എന്നതാണ്‌ ഇഡിയുടെ കേസ്‌. സ്വന്തം കേസിന്‌ വിരുദ്ധമായി ഓരോദിവസവും ആവശ്യത്തിനനുസരിച്ച്‌ കഥമെനയുകയാണ്‌ ഇഡി.

2019 ഏപ്രിലിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഭക്ഷ്യസാധനങ്ങളുടെ പാക്കറ്റ്‌ വിട്ടുകിട്ടാൻ സ്വപ്‌ന സഹായംതേടിയിരുന്നു. അപ്പോഴും ആരെയും വിളിച്ചില്ല. ഇക്കാര്യം വാട്‌സാപ്‌ ചാറ്റിൽ വ്യക്തം. സ്വർണക്കടത്തുണ്ടായത്‌ 2019 നവംബർമുതൽ 2020 ജൂൺവരെയാെേണന്ന്‌ ഇഡി പറയുന്നു. അതിനും മാസങ്ങൾമുമ്പാണ്‌ മേൽപ്പറഞ്ഞ സംഭവം.
പിടിച്ചെടുത്ത പണം മുഴുവൻ സ്വർണക്കടത്തിലൂടെ സ്വപ്‌ന സമ്പാദിച്ചതാണെന്നാണ്‌ എൻഐഎ പറയുന്നത്‌. നവംബർ പത്തിന്‌ സ്വപ്‌ന മറിച്ചൊരു മൊഴി ഇഡിക്ക്‌ നൽകിയിട്ടുണ്ടെങ്കിൽ അത്‌ സമ്മർദംമൂലമാണ്.

സ്വപ്‌നയുടെ രഹസ്യമൊഴി എടുത്തു; ശിവശങ്കറും കസ്‌റ്റംസ്‌ കസ്‌റ്റഡിയിൽ
സ്വർണക്കടത്ത്‌–- ഡോളർ കടത്ത് കേസുകളിൽ പ്രതിയായ സ്വപ്‌ന സുരേഷിന്റെയും പി എസ്‌ സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം സിജെഎം കോടതി രേഖപ്പെടുത്തി. രഹസ്യമൊഴി സ്വപ്‌നയുടെയും സരിത്തിന്റെയും ജീവനുതന്നെ ഭീഷണിയാകുമെന്ന്‌ കസ്റ്റംസ് കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന കാര്യങ്ങളാണ് നടന്നിട്ടുള്ളതെന്നും ഇതടക്കമുള്ള കാര്യങ്ങളിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യണമെന്നും കസ്‌റ്റംസ്‌ പറഞ്ഞു. ആവശ്യം പരിഗണിച്ച കോടതി എട്ടുവരെ കസ്റ്റഡിയിൽ വിട്ടു. നേരത്തെ ശിവശങ്കറിനെ ഏഴുവരെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും.രാജ്യത്തിന്‌ പുറത്തേക്ക്‌ കറൻസി കടത്തുന്നതിൽ പങ്കാളികളായ ഏതാനും വിദേശ പൗരന്മാരെക്കുറിച്ചും സ്വപ്‌നയും സരിത്തും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. അവർ ഇവിടെ എത്തിയതിനെക്കുറിച്ചും ബന്ധപ്പെട്ടവരെക്കുറിച്ചും കൂടുതൽ അന്വേഷിച്ചുവരികയാണെന്നും സ്വപ്‌നയെയും സരിത്തിനെയും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട്‌ സമർപ്പിച്ച അപേക്ഷയിൽ കസ്‌റ്റംസ്‌ പറഞ്ഞു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഏഴിന്‌ പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷയെ എതിർത്ത്‌ കസ്റ്റംസ് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കണ്ടെടുത്ത രണ്ടു ഫോണുകളെക്കുറിച്ച്  ദീർഘസമയം ചോദ്യം ചെയ്തിട്ടും ശിവശങ്കർ വെളിപ്പെടുത്തിയില്ലെന്നും സത്യം മറച്ചുവയ്ക്കാൻ രോഗം നടിച്ചെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top