04 December Friday
ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്‌

പരിധിവിട്ട്‌ അന്വേഷണം; ദുരൂഹമായ ഇടപെടൽ ; ഇഡിയുടെ ഇരട്ടനീക്കത്തില്‍ രാഷ്‌ട്രീയം

കെ ശ്രീകണ‌്ഠൻUpdated: Saturday Oct 31, 2020


വ്യക്തിപരമായ കുറ്റാരോപണത്തിന്റെ പേരിലാണ്‌ എം ശിവശങ്കറിന്റെയും ബിനീഷ്‌ കോടിയേരിയുടെയും അറസ്റ്റ്‌ എന്ന്‌ വ്യക്തമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ കേന്ദ്ര ഏജൻസികളുടേത്‌ രാഷ്‌ട്രീയനീക്കമെന്ന്‌ സംശയം. സ്വർണക്കടത്ത്‌ കേസിലും ബംഗളൂരുവിലെ സാമ്പത്തിക ഇടപാടിലും ഒരേ ഏജൻസി ഉയർത്തുന്ന ആരോപണങ്ങൾ അസ്വാഭാവികം‌. ഇരട്ടമുഖവുമായാണ്‌ ഇഡി നീക്കമെങ്കിലും അതിനു പിന്നിലെ ലക്ഷ്യം ഒന്നുതന്നെ‌. സർക്കാരിനെയും സിപിഐ എമ്മിനെയും പുകമറയിൽ നിർത്തുക.

നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്റ്റംസിന്റെയും അതിനു പിന്നിലെ തീവ്രവാദ ബന്ധം എൻഐഎയുടെയും അന്വേഷണ പരിധിയിലാണ്‌. വിദേശനാണ്യ വിനിമയം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ്‌ എൻഫോഴ്‌സ്‌മെന്റിന്റെ പരിധിയിൽ വരുന്നത്‌.  അതെല്ലാം മറികടന്ന്‌ കാടടച്ച്‌ വെടിവയ്‌ക്കുന്ന ഇഡിയുടെ നീക്കമാണ്‌ കൂടുതൽ സംശയമുയർത്തുന്നത്‌. രാജ്യത്ത്‌ പല വിമാനത്താവളത്തിലും തുറമുഖങ്ങളിലും സ്വർണം അടക്കം നികുതിവെട്ടിച്ചുള്ള കടത്ത്‌ പതിവാണ്‌. ഇതിലൊന്നിന്റെയും പുറകെ പോയി അന്വേഷിച്ച ചരിത്രം ഇഡിക്കില്ല.

കോടികളുടെ കുഴൽപ്പണ ഇടപാട്‌ പിടികൂടിയ സംഭവങ്ങളിൽപ്പോലും ഇഡിയുടെ തുടരന്വേഷണം ദുർബലമായതാണ്‌ അനുഭവം. വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന്‌ എടുത്ത കേസുകളിലും കോടതികൾ പ്രതികളെ കുറ്റവിമുക്തരാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. കേരള പൊലീസ്‌ പിടികൂടി ഇഡിക്ക്‌ കൈമാറിയ കുഴൽപ്പണ കടത്ത്‌ കേസുകളുടെയും സ്ഥിതി മറിച്ചല്ല. ഈ പശ്ചാത്തലത്തിലാണ്‌ നയതന്ത്ര ബാഗേജ്‌ സ്വർണക്കടത്ത്‌ കേസിൽ കസ്റ്റംസിനെയും എൻഐഎയും കടത്തിവെട്ടി ഇഡി നീക്കം‌.

ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസ്‌ നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോയാണ്‌ (എൻസിബി) അന്വേഷിക്കുന്നത്‌. ചലച്ചിത്രതാരങ്ങളടക്കം നിരവധിപേർ പിടിയിലായി. അതിൽ ഒരു പ്രതിയായ പരിചയക്കാരന്‌ അഞ്ചുവർഷംമുമ്പ്‌ പണം കടംകൊടുത്തതാണ്‌ ബിനീഷിനെതിരെ ആരോപിക്കുന്ന കുറ്റം. ഈ പണത്തിന്റെ സ്രോതസ്സ്‌ ബോധ്യപ്പെടുത്തിയാൽ കേസ്‌ അവിടെ തീരും. അതിന്‌ അവസരം നൽകാതെയാണ്‌ ഇഡിയുടെ നീക്കം‌. ലഹരിമരുന്ന്‌ കേസ്‌ അന്വേഷിക്കുന്ന എൻസിബി ഇതുവരെ ബിനീഷിനെ ചോദ്യം ചെയ്യുകയോ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്‌തിട്ടില്ല.

സ്വർണക്കടത്ത്‌ കേസിൽ തീവ്രവാദ ബന്ധം തെളിയിക്കാനുള്ള വകയൊന്നും ഇതുവരെ എൻഐഎയ്‌ക്ക്‌ കണ്ടെത്താനായിട്ടില്ല. സ്വർണക്കടത്തിൽ എം ശിവശങ്കറിന്‌ ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതായി കസ്റ്റംസും ആരോപിച്ചിട്ടില്ല.

എൻഐഎ കേസിൽ അറസ്റ്റിലായ പ്രതികളിൽ 13 പേർക്ക്‌ ഇതിനകം ജാമ്യം കിട്ടി‌. ഒരാൾക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുമില്ല. എൻഐഎയെയും കസ്റ്റംസിനെയും കടത്തിവെട്ടാനുള്ള ഇഡിയുടെ പുറപ്പാടിനു പിന്നിലും കോൺഗ്രസ്‌, ബിജെപി അച്ചുതണ്ടാണ്‌.  

ശിവശങ്കർ കസ്റ്റംസിനെ വിളിച്ചത്‌ പണ്ട്‌
സ്വർണക്കടത്തിന്‌ മാസങ്ങൾക്കുമുമ്പാണ്‌ എം ശിവശങ്കർ ഏതോ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ വിളിച്ചത്‌. അത്‌ മാസങ്ങൾക്കുശേഷം നടക്കാൻ പോകുന്ന കുറ്റകൃത്യത്തിന്‌ അരങ്ങൊരുക്കലാണെന്ന വാദം വിചിത്രമാണ്‌. വിവാദ ലോക്കർ ഇടപാടും‌ സ്വർണക്കടത്തിന്‌ ഒരു വർഷംമുമ്പാണ്‌. പിന്നീട്‌ നടന്ന സ്വർണ ഇടപാടിലെ കമീഷനാണ്‌ ആ തുകയെന്ന വാദം നിരർഥകം‌.

ഒരു ഉദ്യോഗസ്ഥന്റെ ചെയ്‌തി സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കരുതെന്ന്‌ ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രിയും ബിനീഷ്‌ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെയെന്ന്‌ കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കിയതാണ്‌. അന്വേഷണ ഏജൻസികൾ എത്ര വല കൊരുത്താലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ എത്തില്ലെന്നതാണ്‌ പ്രതിപക്ഷത്തിന്റെ വിഭ്രാന്തിക്ക്‌ കാരണം. തദ്ദേശ തെരഞ്ഞെടുപ്പുവരെ ആരോപണ പുകമറ നിലനിർത്തുകയാണ്‌ യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top