21 July Sunday

ആർഎസ്‌എസും ബിജെപിയും അവരുടേതല്ലാത്ത എല്ലാ ശബ്‌ദങ്ങളേയും അടിച്ചമർത്താൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

പത്തനാപുരം > ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പത്തനാപുരത്ത്‌  തെരഞ്ഞെടുപ്പ്‌ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.  

ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോൺഗ്രസ് എന്ന ആശയത്തെ ഇന്ത്യയിൽ നിന്ന്‌  തുടച്ചുനീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിനോട്‌ യോജിക്കാൻ കോൺഗ്രസിനാവില്ല. നിങ്ങളല്ല ശരിയെന്ന്‌ നിങ്ങളെ മനസിലാക്കിക്കും വരെ  ഞങ്ങൾ നിങ്ങളോട് പോരാടും . നിങ്ങളെ  തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും . ആ പോരാട്ടത്തിന്‌  അക്രമത്തിന്റെ രൂപമുണ്ടാകില്ല. സ്‌നേഹത്തിന്റെയും അഹിംസയുടേയും മാർഗത്തിലുടെ നിങ്ങളെ പരാജയപ്പെടുത്തും. നിങ്ങൾ പരാജയപ്പെടുമ്പോളും നിങ്ങളുടെ ആശയത്തിനും ശബ്‌ദത്തിനും ഇവിടെ ഇടമുണ്ടാകാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കും. നിങ്ങളോട്‌ ഒരു തരത്തിലും യോജിക്കുന്നില്ലെങ്കിലും നിങ്ങളുടെ അഭിപ്രായ പ്രകടനത്തെ ഞങ്ങൾ മാനിക്കും.

അവരുടെ ശബ്ദം മാത്രമെ എല്ലാവരും കേൾക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത് . ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടത്‌.  തെക്കേ ഇന്ത്യയിൽ നിന്ന് താൻ മത്സരിക്കുന്നത്‌ ആ ആശയത്തിന്റെ കൂടി പ്രതിഫലനത്തിന്‌ വേണ്ടിയാണെന്നും രാഹുൽ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ എന്തെല്ലാം വാഗ്‌ദാനങ്ങളാണ്‌ പ്രധാനമന്ത്രി നൽകിയത്‌. അതിലൊന്നുപോലും നടപ്പാക്കിയോ. ആർക്കെങ്കിലും 15 ലക്ഷം രൂപ ലഭിച്ചോ തൊഴിൽ ലഭിച്ചോ. പകരം എന്താണ്‌ നടക്കുന്നത്‌. ഈ രാജ്യത്തിന്റെ ബാങ്കിങ്‌ മേഖലയുടെ താക്കോൽ അനിൽ അംബാനിയെ പോലെയുള്ള ചങ്ങാത്ത മുതലാളിമാർക്ക്‌ ഏൽപ്പിച്ചുകൊടുത്തിരിക്കയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top