21 October Monday

മുത്തൂറ്റ്‌ അടച്ചുപൂട്ടൽ ഭീഷണി മാനേജ്‌മെന്റ്‌ തന്ത്രം, ജീവനക്കാരെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താൻ ശ്രമം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

കോഴിക്കോട്‌ >  സമരത്തെ തുടർന്ന്‌ സ്ഥാപനം അടച്ചുപൂട്ടുമെന്നത്‌  ജീവനക്കാരെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള മുത്തൂറ്റ്‌ ഫിനാൻസ്‌ മാനേജ്‌മെന്റിന്റെ തന്ത്രമാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുത്തൂറ്റ്‌ സ്ഥാപനം പൂട്ടുമെന്ന ഭീഷണി വെറും ഓലപ്പാമ്പ്‌ കാട്ടി പേടിപ്പിക്കലാണ്‌. ജീവനക്കാരുടെ സമരം മൂലമാണ്‌ അടച്ചുപൂട്ടുന്നതെന്ന  മാനേജ്‌മെന്റിന്റെ പ്രസ്താവന  ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നതാണ്‌. അവിടെ ജീവനക്കാരാണ്‌ സമരം നടത്തുന്നത്‌. അല്ലാതെ  സിഐടിയു അല്ല.  എന്നാൽ തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ സഹായിക്കാൻ സിഐടിയുവിന്‌ ബാധ്യതയുണ്ട്‌. പ്രശ്‌നം പരിഹരിക്കാൻ മാനേജ്‌മെന്റ്‌  തയ്യാറാകണം. യൂണിയനുമായി ചർച്ചചെയ്യാൻ ഇതുവരെ മാനേജ്‌മെന്റ്‌ തയ്യാറായിട്ടില്ല.
 
 തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്‌ത നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌  സമരം. ഈ ട്രേഡ്‌ യൂണിയൻ രൂപം കൊണ്ടതുമുതൽ അതിനെ തകർക്കാനാണ്‌ മാനേജ്‌മെന്റ്‌ ശ്രമിക്കുന്നത്‌.  ആനുകൂല്യങ്ങൾ നിഷേധിച്ചും സ്‌ത്രീ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയും  യൂണിയനിൽ ഉൾപ്പെട്ട ജീവനക്കാരോട്‌ പ്രതികാര നടപടി തുടരുകയാണ്‌.


17ന്‌ സംസ്ഥാന ലേബർ കമീഷൻ ഇരുകക്ഷികളെയും വിളിച്ച്‌ അനുരഞ്ജന യോഗം വിളിച്ചെങ്കിലും മാനേജിങ്‌ ഡയറക്ടർ പങ്കെടുത്തില്ല. മാനേജ്‌മെന്റ്‌ ഹൈക്കോടതിയെ സമീപിച്ചപ്പോൾ മധ്യസ്ഥനെ നിയോഗിക്കാമെന്നാണ്‌ കോടതി നിർദേശം. ഇത്‌ യൂണിയൻ അംഗീകരിച്ചു. എന്നാൽ മാനേജ്‌മെന്റ്‌ ഇതും വിസമ്മതിച്ചു.  തുടർന്നാണ്‌  നിയമാനുസൃതം നോട്ടീസ്‌ നൽകി  20 മുതൽ പണിമുടക്ക്‌ തുടങ്ങിയത്‌.   

സമരത്തിലുള്ളത്‌ ന്യൂനപക്ഷം ജീവനക്കാർ മാത്രമാണെന്ന്‌  മാനേജ്‌മെന്റിന്റെ വാദവും പൊള്ളയാണ്‌.  അസോസിയേഷന്‌ എത്ര പിന്തുണയുണ്ടെന്ന്‌  രഹസ്യ ബാലറ്റിലുടെ ഹിതപരിശോധന നടത്താവുന്നതാണ്‌. മാനേജ്‌മെന്റ്‌ അതിന്‌ തയ്യാറാവാത്തത്‌ മുത്തൂറ്റ്‌ ഫിനാൻസിലെ ബഹുഭൂരിപക്ഷവും യൂണിയൻ അംഗങ്ങളാണെന്ന്‌ അവർക്ക്‌ അറിയാവുന്നതുകൊണ്ടാണ്‌.
 
  സ്ഥാപനത്തിൽ നിയതമായ ശമ്പള വ്യവസ്ഥ വേണമെന്നും സ്‌റ്റാൻഡിങ്‌ ഓർഡർ വേണമെന്നും  അന്യായ സ്ഥലമാറ്റം ഒഴിവാക്കണമെന്നുമാണ്‌   സമരത്തിലുള്ള തൊഴിലാളികളുടെ പ്രധാന ആവശ്യം. 2018 –19ൽ 2103 കോടി രൂപയാണ്‌  കമ്പനിയുടെ അറ്റാദായം. ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽതന്നെ  563 കോടിരൂപ ലാഭമുണ്ടെന്നും അദ്ദേഹം പറഞ്ഞു.   സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി മാമ്പറ്റ ശ്രീധരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top