13 November Wednesday

ഇതാണ് മനോരമയുടെ നിര്‍ബന്ധ ബുദ്ധി; നാടിന്റെ വികസന വാര്‍ത്തയ്‌‌‌‌ക്ക് അവസാന പേജിലെ ഒരു കോളം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2019

കൊച്ചി > കേരള വികസനത്തിന്റെ പുതിയ കാല്‍വെയ്പായ ഇടമണ്‍ - കൊച്ചി പവര്‍ ലൈന്‍ പദ്ധതി പൂര്‍ത്തീകരണത്തെ അവഗണിച്ച മാധ്യങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിന്റെ ഊര്‍ജ രംഗത്ത് കുതിച്ചു ചാട്ടം നല്‍കിയ ഈ പദ്ധതിയുടെ വാര്‍ത്ത മലയാള മനോരമ നല്‍കിയത് അവസാന പേജിലെ ഒരു കോളത്തിലാണ്. കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ വയാനക്കാരെ അറിയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണോ മനോരമ അടക്കമുള്ള മാധ്യമങ്ങളെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

നടക്കില്ല എന്ന് കരുതി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് ഇടമണ്‍ കൊച്ചി പവര്‍ ലൈന്‍ പദ്ധതി. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ പണി പൂര്‍ത്തീകരിച്ചു പദ്ധതി കമ്മീഷന്‍ ചെയ്യുകയും ചെയ്തു.

ആകെ 447 ടവറുകളാണ് പദ്ധതിയ്ക്കായി നിര്‍മ്മിക്കേണ്ടിയിരുന്നത്. അതില്‍ 351 എണ്ണവും (78.5% ) പൂര്‍ത്തിയാക്കിയത് ഈ മൂന്നു വര്‍ഷത്തിനിടയിലാണ്. 96 (21.5%) എണ്ണമാണ് 2011-16 കാലത്ത് നടന്നത്. 148.3 കിലോമീറ്ററിലാണ് ആകെ ലൈന്‍ വലിക്കേണ്ടിയിരിക്കുന്നത്. 138.8 കിലോമീറ്ററും (93.5 %) പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്. 9.5 കിലോ മീറ്ററിലാണ് (6.5 %) 2011-16 കാലത്ത് ലൈന്‍ വലിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങളില്‍ തട്ടി നിലച്ച അവസ്ഥയിലായിരുന്നു പദ്ധതി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്കകള്‍ പരിഹരിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

ചാര്‍ജ്ജ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉണ്ടാക്കിയ മാറ്റം വലുതാണ്. 500 മെഗാവാട്ടെങ്കിലും ശേഷിയുള്ള ഒരു പുതിയ വൈദ്യുതി നിലയം സ്ഥാപിച്ചതിനു തുല്യമായ അവസ്ഥയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ശരാശരി രണ്ട് കെ വി വോള്‍ട്ടേജ് വര്‍ധനവ് കഴിഞ്ഞ ദിവസം സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.

ഉദുമല്‍പെട്ട്-പാലക്കാട് ലൈന്‍ തകരാറിലായാല്‍ കേരളം മുഴുവന്‍ ഇരുട്ടിലാകുമെന്ന ഭയാനകമായ അവസ്ഥയില്‍ നിന്നും ശാശ്വതമായ മോചനം ഇപ്പോള്‍ സാധ്യമായിട്ടുമുണ്ട്. മാത്രമല്ല, വേനല്‍ വരള്‍ച്ചയില്‍ വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോള്‍ പുറമെ നിന്നും വൈദ്യുതി വാങ്ങിച്ചാലും വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന അവസ്ഥയും മാറി. ഈ ലൈന്‍ നിലവില്‍ വന്നതോടെ പ്രസരണ നഷ്ടത്തിലും ഗണ്യമായ കുറവാണ് സാധ്യമാകുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top