18 May Tuesday
കള്ളമൊഴി നൽകാൻ നിർബന്ധിച്ചതിൽ‌ നിരവധി 
ചോദ്യങ്ങൾക്ക്‌ ഇഡി ഉത്തരം നൽകണം

ഇഡിക്ക്‌ തിരിച്ചടി 
; വഴിതുറക്കുന്നത്‌ തുടരന്വേഷണം ‌

കെ ശ്രീകണ്ഠൻUpdated: Friday Apr 16, 2021


തിരുവനന്തപുരം
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച്‌ കേസിലെ ഹൈക്കോടതി ഉത്തരവ്, വ്യാജ തെളിവുകളും കള്ളമൊഴികളുമുണ്ടാക്കി പരിധിവിട്ട നീക്കങ്ങൾക്ക്‌ മുതിർന്ന കേന്ദ്ര ഏജൻസികൾക്ക്‌ മുക്കുകയറിടും.  ഇതുവരെയുള്ള ക്രൈംബ്രാഞ്ച്‌ അന്വേഷണ  വിവരങ്ങളും കണ്ടെത്തിയ രേഖകളും വിചാരണ കോടതിയുടെ  പരിഗണനയ്‌ക്ക്‌ വിട്ടത്‌ ഇഡിയുടെ വിശ്വാസ്യതയിലുള്ള കോടതിയുടെ സംശയമുനയായി കരുതാം.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കള്ളമൊഴി നൽകാൻ  സമ്മർദം ചെലുത്തിയെന്ന സ്വർണക്കടത്ത്‌ കേസ്‌ പ്രതികളുടെ പരാതി വിചാരണ കോടതിയുടെ പരിഗണനയ്‌ക്ക്‌ വരുന്നത്‌ ഇഡിക്ക്‌ തിരിച്ചടിയാണ്‌‌. പരാതിയിൽ കഴമ്പുണ്ടെന്ന്‌ കണ്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിചാരണ കോടതിക്ക്‌ സ്വമേധയാ കേസെടുക്കാൻ കഴിയും.  

ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള പ്രതികളുടെ പരാതിയിൽ മറ്റ്‌ ഏജൻസികൾക്ക്‌ കേസെടുക്കാൻ അധികാരമില്ലെന്ന നിയമവശം ചൂണ്ടിക്കാട്ടിയാണ്‌ ക്രൈംബ്രാഞ്ച്‌ എഫ്‌ഐആർ കോടതി റദ്ദാക്കിയത്‌. അതോടൊപ്പം ക്രൈംബ്രാഞ്ച്‌ അന്വേഷണ വിവരങ്ങൾ കോടതി തള്ളാത്തത്‌ വിചാരണ കോടതിയുടെ തുടരന്വേഷണത്തിന്‌ വഴിതുറക്കും.

കള്ളമൊഴി നൽകാൻ നിർബന്ധിച്ചതിൽ‌ നിരവധി ചോദ്യങ്ങൾക്ക്‌ ഇഡി  ഉത്തരം നൽകണം. എന്തുമാകാമെന്ന കേന്ദ്ര ഏജൻസികളുടെ ധിക്കാരത്തെ  നിയമവഴിയിലൂടെ വരുതിയിൽ നിർത്തിയിരിക്കുകയാണ്‌ ഹൈക്കോടതി.  തുടരന്വേഷണത്തിന്‌ വിചാരണ കോടതി  ക്രൈംബ്രാഞ്ച്‌ അടക്കമുള്ള ഏജൻസികളുടെ സഹായം തേടിയാൽ അത്‌ നിർണായക വഴിത്തിരിവാകും. ഇതെല്ലാം മറച്ചുവച്ചാണ്‌ എഫ്‌ഐആർ തള്ളിയത്‌ സർക്കാരിന്‌ തിരിച്ചടിയാണെന്ന വാദമുയർത്തുന്നത്‌.

പൊലീസിന്‌ നേരിട്ട്‌ രജിസ്‌റ്റർ ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങളല്ലെന്ന നിരീക്ഷണത്തോടെയാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. ഇഡിക്കെതിരായ ആരോപണത്തിന്റെ ഗൗരവം അതേപടി നിലനിൽക്കുകയാണ്‌. അത്‌ ക്രൈംബ്രാഞ്ച്‌ എഫ്‌ഐആറിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. തെളിവുകളുടെ വ്യാപ്‌തിയും പരാതിയുടെ ആധികാരികതയും പരിശോധിച്ച ശേഷമാണ്‌ വിചാരണ കോടതി മുമ്പാകെ നൽകാൻ ഹൈക്കോടതി നിർദേശിച്ചത്‌.

കേന്ദ്ര ഏജൻസികൾ നിഷ്‌പക്ഷമാണെന്ന്‌ കോടതി ഉത്തരവിലൂടെ വ്യക്തമായെന്നാണ്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാദം. 32 പേജുള്ള കോടതി ഉത്തരവ്‌ പുറത്തുവരുന്നതിന്‌ മുമ്പാണ്‌ മന്ത്രിയുടെ അവകാശവാദം. ഇഡിയുടെ നിഷ്‌പക്ഷതയിൽ കോടതി  സംശയം ജനിപ്പിച്ചിരിക്കെയാണ്‌ മുരളീധരന്റെ വിചിത്ര വാദം. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ വിമർശനങ്ങളും വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ലെന്ന്‌ കോടതി ഉത്തരവ്‌ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top