03 August Monday

ഓച്ചാൻ തുരുത്തിലെ സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്‌ത്‌ കേന്ദ്രം ഉദ്ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

കൊച്ചി > സംസ്ഥാന ബാംബൂ കോർപറേഷൻ ചേരാനല്ലൂർ ഓച്ചാൻ തുരുത്തിൽ ആരംഭിക്കുന്ന സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്‌ത്ത്‌ കേന്ദ്രം മന്ത്രി ഇ പി ജയരാജൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌തു‌. കൂടുതൽ ഉല്പാദനവും വരുമാനവും മാത്രമല്ല തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും കൂലിയും ലഭ്യമാക്കാൻ സഹായിക്കുന്നതാണ് സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങളെന്ന് മന്ത്രി പറഞ്ഞു. അടുത്ത കേന്ദ്രം ചുള്ളിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. 7.8 കോടിയുടെ പദ്ധതിയാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്. 50 ഓളം തൊഴിലാളികൾക്ക് നേരിട്ടും നൂറോളം തൊഴിലാളികൾക്ക് അനുബന്ധമായും ഇവിടെ തൊഴിൽ ലഭിക്കും. യന്ത്രത്തിൻ്റെ സഹായത്തോടെ അളിയെടുത്ത് നൽകുന്നതിലൂടെ തൊഴിലാളിക്ക് ഉല്പാദനം വർധിപ്പിക്കാനും കൂലി കൂടുതൽ ലഭ്യമാക്കാനും കഴിയും. ഓഫീസ് പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ വത്കരിച്ചു കഴിഞ്ഞു. തൊഴിലാളികൾക്ക് കൂലി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ദിവസം മൂന്നോ നാലോ പനമ്പ് നെയ്തിരുന്നിടത്ത് അതിൻ്റെ ഇരട്ടി പനമ്പുകൾ യന്ത്രവത്കൃത സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ കഴിയും. 350 രൂപ കൂലി കിട്ടിയിരുന്നതിൽ നിന്നും അതിൻ്റെ ഇരട്ടി കൂലി ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ബാംബൂ കോർപറേഷൻ വികസനത്തിൻ്റെ പാതയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായവും നൽകി. കോർപറേഷൻ സ്വയം പര്യാപ്തത നേടുന്നതിന് വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്‌. കഴിഞ്ഞ നാലുവർഷത്തിൽ നടത്തിയ ആധുനിക വത്കരണവും വൈവിധ്യ വത്കരണവും സ്ഥാപനത്തെ വികസനത്തിൻ്റെ പാതയിലേക്ക് നയിച്ചു. തൊഴിലാളി ക്ഷേമത്തിന് ഊന്നൽ നൽകി നടത്തിയ വികസന പ്രവർത്തനങ്ങൾ ഫലം കണ്ടു. വിദേശത്തേക്കും മുളയുത്പന്നങ്ങൾ കയറ്റി അയക്കുന്ന സ്ഥാപനമായി കോർപറേഷൻ വളർന്നു. ബഹ്റിറിനിലേക്ക് രണ്ട് ലോഡ് മുളയുത്പന്നങ്ങൾ കയറ്റി അയച്ചു. 15 യന്ത്രവത്കൃത പമ്പ് നെയ്ത്ത് കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതു വഴി കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ടൈൽ നിർമ്മാണം പൂർത്തിയാക്കി വിപണിയിലിറക്കാൻ കഴിഞ്ഞു. കൂടുതൽ മുളകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതികൾ പുരോഗമിക്കുകയാണ്. കണ്ണൂർ ആറളത്ത് 300 ഏക്കർ വനഭൂമിയിൽ ഇതിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒപ്പം തിരുവനന്തപുരത്ത് കിള്ളിയാറിൻ്റെ തീരത്തും മുള വച്ച് പിടിപ്പിക്കും. കുമരകത്തെ ബാംബൂ ഷോറൂം നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് ഫലകം അനാച്ഛാദനം ചെയ്തു. കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കിക്കൊണ്ട് കോർപ്പറേഷനെ ലാഭത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പനമ്പ് നെയ്ത്ത് കേന്ദ്രം നിർമ്മിച്ച വി.വി. സന്തോഷ് കുമാറിനെ ചെയർമാൻ ചടങ്ങിൽ ആദരിച്ചു. മാനേജിംഗ് ഡയറക്ടർ എ എം. അബ്ദുൾ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാംബൂ കോർപ്പറേഷൻ്റെ പരിസ്ഥിതി സൗഹൃദ വസ്‌തുക്കൾക്ക് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളുള്ള നെയ്‌ത്ത്‌ കേന്ദ്രമാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവുമധികം പനമ്പു നെയ്‌ത്ത്‌ തൊഴിലാളികളുള്ള ചേരാനെല്ലൂരിൽ സാമൂഹിക യന്ത്രവത്കൃത  നെയ്ത്ത് കേന്ദ്രം ആരംഭിക്കുന്നതോടെ അമ്പതിലധികം പേർക്ക് തൊഴിൽ ലഭിക്കും. വാർഡ് അംഗം സാനി ജോർജ് അധ്യക്ഷത വഹിച്ചു. ബാംബൂ കോർപ്പറേഷൻ ഡയറക്ടർമാരായ ടി.പി. ദേവസിക്കുട്ടി, സി.വി.ശശി, സി.കെ. സലിം കുമാർ, മാനേജർ ആർ.കെ. അർജുനൻ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top