23 January Wednesday

'എന്റെ ഇ എം എസിനെ കാണാന്‍ അന്റെ അനുവാദം ബേണ്ട'; ഏലംകുളത്തുനിന്നും 'ഇ എം എസ് പള്ളി'യിലേക്ക് സാഹോദര്യത്തിന്റെ സ്‌മാരകശിലകള്‍ തേടി

ജോബിന്‍സ് ഐസക്Updated: Sunday Jan 7, 2018

പെരിന്തല്‍മണ്ണ > ഏലംകുളവും പുലാമന്തോളും തമ്മിലുള്ള ദൂരത്തെ സൗഹാര്‍ദത്തിന്റെയും ചരിത്രത്തിന്റെയും സ്മരണകളുടെ ഇഴയടുപ്പത്താല്‍ അളന്നിടുകയായിരുന്നു എം എ ബേബി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യന്‍ ഇ എം എസിന്റെ ജന്മഗൃഹവും അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നിയമതടസ്സം നീക്കി പുതുക്കിപ്പണിയാന്‍ അനുമതിനല്‍കിയ പുലാമന്തോള്‍ പള്ളി (ഇ എം എസ് പള്ളി)യും എം എ ബേബി സന്ദര്‍ശിച്ചു.

1957ല്‍ മുഖ്യമന്ത്രിയായിരിക്കെ പുലാമന്തോള്‍ ഹൈസ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയപ്പോഴാണ് തൊട്ടടുത്ത ജുമാ അത്ത് പള്ളിയുടെ ദുരവസ്ഥ ഇ എം എസ് അറിഞ്ഞത്. പള്ളി പുതുക്കിപ്പണിയാന്‍ സഹായിക്കണമെന്നായിരുന്നു വിശ്വാസികളുടെയും പാര്‍ടിക്കാരുടെയും ആവശ്യം. മലബാര്‍ കലാപത്തിനുശേഷം മുസ്ലിങ്ങളെ വേട്ടയാടി ബ്രിട്ടീഷുകാര്‍ പള്ളി പണിയാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ നിയമമായിരുന്നു തടസ്സം.  ഓട് പൊട്ടിയാല്‍ മാറ്റിയിടാന്‍പോലും കലക്ടറുടെ അനുമതി വേണമായിരുന്നു. പ്രശ്‌നം മനസ്സിലാക്കിയ ഇ എം എസ് പള്ളി പുതുക്കിപ്പണിയാന്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു.

 എന്നാല്‍ ആ അപേക്ഷ തിരുവനന്തപുരത്ത് എത്തിയില്ല. പിന്നീട് ഇക്കാര്യത്തിനായി പ്രദേശത്തെ പാര്‍ടി പ്രവര്‍ത്തകനായ കെ വി രാമന്‍, സ്വാതന്ത്ര്യ സമര സേനാനി കെ എം ബാപ്പുട്ടി, മലവട്ടത്ത് മമ്മദ് എന്നിവര്‍ തലസ്ഥാനത്തെത്തി. ഇ എം എസിനെ കാണാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'എന്റെ ഇ എം എസിനെ കാണാന്‍ അന്റെ അനുവാദം ബേണ്ട' എന്നായിരുന്നു മമ്മദിന്റെ മറുപടി. അത് കേട്ട് ആളെ തിരിച്ചറിഞ്ഞ ഇ എം എസ് ഇറങ്ങിവന്ന് എല്ലാവരെയും സ്വീകരിച്ചു.

നിര്‍ദേശിച്ച കാര്യം ശരിയായില്ലെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. ഇരുപത്തിനാല് മണിക്കൂര്‍ സാവകാശം ചോദിച്ചു. 'നിങ്ങള്‍ മടങ്ങി എത്തുമ്പോള്‍ ഉത്തരവിറങ്ങിയിരിക്കും' എന്ന ഉറപ്പുംനല്‍കി. ഇ എം എസ് വാക്കുപാലിച്ചു. ബ്രിട്ടീഷുകാരന്റെ കരിനിയമം കമ്യൂണിസ്റ്റ് മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്ന് റദ്ദാക്കി. ആഹ്ലാദഭരിതരായ വിശ്വാസികള്‍ പള്ളിക്ക് തറക്കല്ലിടാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. അപൂര്‍വ ചരിത്രസ്മരണകള്‍ എം എ ബേബിയോട് പള്ളിക്കമ്മിറ്റി വൈസ് പ്രസിഡന്റുകൂടിയായ ഉണ്ണീന്‍കുട്ടിയും എം കുട്ടിശങ്കരനും വിശദീകരിച്ചു.

 മതനിരപേക്ഷ കേരളം ആവര്‍ത്തിച്ചുകേള്‍ക്കേണ്ട സൗഹാര്‍ദത്തിന്റെ സന്ദേശമാണിതെന്ന് ബേബി ഓര്‍മിപ്പിച്ചു. പള്ളിക്ക് ഇ എം എസ് ഇട്ട തറക്കല്ല് വീണ്ടെടുക്കണമെന്നും പറഞ്ഞു. പുലാമന്തോള്‍ ഹൈസ്‌കൂളും സന്ദര്‍ശിച്ചു. രക്തസാക്ഷി സെയ്താലിയുടെ സഹോദരന്‍ കെ അബ്ദുറഹ്മാനെ കണ്ടപ്പോള്‍ അടിയന്തരാവസ്ഥയുടെ നാളുകളിലേക്കും സംസാരം നീണ്ടു.
 
ഏലംകുളം മനയില്‍ ഇ എം എസിന്റെ ജ്യേഷ്ഠന്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെ മക്കളായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും നാരായണന്‍ നമ്പൂതിരിപ്പാടും ബേബിയെ വരവേറ്റു. കുടുംബവിശേഷങ്ങളിലേക്ക് കടന്നപ്പോള്‍ ഇ എം എസിന്റെ മരുമകന്‍ സി കെ ഗുപ്തനും സഹോദരന്‍ സി കെ ഗോപിയുമായുള്ള ആത്മബന്ധം ബേബി ഓര്‍ത്തെടുത്തു. കൊല്ലത്ത് എസ്എഫ്‌ഐ ഭാരവാഹികളായി ഒരുമിച്ച് പ്രവര്‍ത്തിച്ചതും സൂചിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി എച്ച് ആഷിഖ്, എന്‍ പി ഉണ്ണികൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top