20 May Friday

കേരളത്തിന്റെ പ്രതിരോധം ശരിയായ ദിശയിൽ; രോഗബാധിതരുടെ വർധനയിൽ പരിഭ്രാന്തി വേണ്ട: ഡോ. ടി ജേക്കബ്‌ ജോൺ

പ്രത്യേക ലേഖകൻUpdated: Friday Jul 24, 2020

തിരുവനന്തപുരം > കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം ശരിയായ ദിശയിൽ തന്നെയാണെന്നും രോഗബാധിതരുടെ എണ്ണത്തിലുള്ള വർധനയിൽ പരിഭ്രാന്തി വേണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച് ‌(ഐസിഎംആർ) വൈറോളജി വിഭാഗം മുൻ മേധാവിയും മലയാളിയുമായ ഡോ. ടി ജേക്കബ്‌ ജോൺ വ്യക്തമാക്കി. വെല്ലൂരിലെ വസതിയിൽനിന്നും ‘ദേശാഭിമാനി’യുമായി  ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

? കേരളത്തിൽ പ്രതിരോധം പാളിയെന്ന വിമർശനവും ഉയരുന്നുണ്ട്‌.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ രോഗികളുടെ എണ്ണം വർധിക്കുന്നത്‌ സ്വാഭാവികമാണ്‌. പ്രവാസികളായ ലക്ഷക്കണക്കിന്‌ മലയാളികൾ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്‌.  പുറമെനിന്നുവരുന്ന  രോഗവാഹകരെ തടഞ്ഞാൽ മാത്രമേ കോവിഡിനെ പൂർണമായും പിടിച്ചുകെട്ടി എന്ന്‌ അവകാശപ്പെടാൻ കഴിയൂ. തായ്‌വാൻ, ന്യൂസിലൻഡ്‌‌, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക്‌ മാത്രമേ അതിന്‌ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ കേരളം‌ മടങ്ങി വന്നവരെ തടഞ്ഞില്ല.  പ്രവാസികളെ സ്വീകരിക്കാനുള്ള അസാമാന്യമായ ചങ്കൂറ്റമാണ്‌ കാണിച്ചത്‌. അണുബാധിതരെ കണ്ടെത്തി അവരിൽ നിന്നും വേറെയാർക്കും പകരില്ലെന്ന്‌ ഉറപ്പാക്കുക മാത്രമേ പ്രതിവിധിയുള്ളൂ. ആ വഴിക്കാണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. കേരളത്തിന്റെ വിജയം മങ്ങുകയല്ല, മറിച്ച്‌ കൂടുതൽ തിളങ്ങുകയാണ്‌. ഇക്കാര്യത്തിൽ ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ വിജയം. 

? കേരളം ഇപ്പോൾ സ്വീകരിക്കുന്ന നടപടികളുമായി മുന്നോട്ടുപോയാൽ മതിയോ?
കേന്ദ്ര സർക്കാരിന്റെ ഉപദേശത്തിനോ നിർദേശത്തിനോ കാത്ത്‌ നിൽക്കാതെയാണ്‌ കോവിഡിനെ ചെറുക്കാൻ കേരളം രംഗത്തിറങ്ങിയതെന്ന്‌ എല്ലാവർക്കുമറിയാം. കേരളത്തിന്റേതായ ഒരു ശൈലി തന്നെ രൂപപ്പെടുത്തി. സർക്കാർ ജനങ്ങളെ കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തി. മറ്റൊരു സംസ്ഥാനത്തും ഈ പ്രവണത കാണാൻ കഴിഞ്ഞില്ല. ഇവിടെ ജനങ്ങളും സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒറ്റക്കെട്ടായാണ്‌ കോവിഡിനെതിരെ യുദ്ധം ചെയ്യുന്നത്‌. അതേസമയം കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും ജനങ്ങളെ പൂർണമായും മാറ്റിനിർത്തി.   

രോഗികളുടെ എണ്ണം കൂടുന്നതിൽ പരിഭ്രാന്തിയേ വേണ്ട. ലോക്‌ഡൗണിലേക്ക്‌ തിരിച്ചുപോകേണ്ട കാര്യവുമില്ല. സോഷ്യൽ വാക്‌സിനാണ് ‌(ശാരീരിക അകലം, മാസ്‌ക്‌ ധരിക്കൽ, സോപ്പുപയോഗിച്ച്‌ കൈകഴുകുക)ഏറ്റവും നല്ല പ്രതിവിധി. സാമൂഹ്യസമ്പർക്കം ഇല്ലാതാക്കുകയല്ല, സുരക്ഷിതമാക്കുകയാണ്‌ വേണ്ടത്‌. പ്രായമുള്ളവരെ വീട്ടിൽ തന്നെയിരുത്തണം.  ഇവരെ സംരക്ഷിച്ച്‌ കേരളം ഇപ്പോഴുള്ള അഭിമാനകരമായ നേട്ടം നിലനിർത്തണം.

? മരണനിരക്കിൽ കേരളം  വളരെ താഴെയാണെന്നത്‌ ശ്രദ്ധേയമാണല്ലോ
രോഗം ബാധിച്ച്‌ എത്രപേർ മരിക്കുന്നുവെന്നതാണ്‌ പ്രധാനം. അണുബാധിതരായ എല്ലാവരും രോഗികളാകുന്നില്ല. കോവിഡ്‌ പോസിറ്റീവ്‌ ആയവരിൽ ഓക്‌സിജന്റെ അളവ്‌ കുറയുന്നത്‌ മൂലം രോഗബാധിതരാകുന്നവരുടെ എണ്ണമാണ്‌ കണക്കിലെടുക്കേണ്ടത്‌.  മരണനിരക്ക്‌ നോക്കിയാൽ കേരളം ഇപ്പോഴും വളരെ പിന്നിലാണ്‌. 

രക്തത്തിൽ ഓക്‌സിജന്റെ അളവ്‌ കൃത്യമായി അറിയുന്നതിന്‌ പൾസ്‌ ഓക്‌സി മീറ്റർ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാക്കണമെന്നാണ്‌ എനിക്ക്‌ സർക്കാരിനോട്‌ പറയാനുള്ളത്‌. രണ്ടായിരം രൂപയിൽ താഴെയേ ഇതിന്‌ വിലയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top