03 June Saturday

തൊഴിലാളിഹൃദയങ്ങൾ 
തൊട്ടറിഞ്ഞ്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


കൊച്ചി
ചുമട്ടുതൊഴിലാളികളുടെ ഹൃദയം കീഴടക്കി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ അവധി ദിവസം ആവേശ വരവേൽപ്പ്‌. ഞായറാഴ്ച ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു) കുടുംബസംഗമത്തിൽ പങ്കെടുക്കാൻ പടമുകളിൽ എത്തിയ തൃക്കാക്കരയുടെ ഇടതുസാരഥി ഡോ. ജോ ജോസഫിനെ കരഘോഷങ്ങളോടെയാണ്‌ തിങ്ങിനിറഞ്ഞ സദസ്സ്‌ വരവേറ്റത്‌. മുന്നൂറോളംപേരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ വേദിയിലെത്തിയ സ്ഥാനാർഥി വാക്കുകൾകൊണ്ട്‌ തൊഴിലാളിഹൃദയം കീഴടക്കി, വെള്ള ഷർട്ടും ചുവന്നമുണ്ടും തൊപ്പിയും ധരിച്ച പ്രവർത്തകർക്കൊപ്പം നഗരത്തിൽ പര്യടനം നടത്തിയശേഷമാണ്‌ ഡോ. ജോ ജോസഫ്‌ മടങ്ങിയത്‌.

പൊതുപര്യടനത്തിന്‌ ഇടവേള നൽകി തൊഴിലാളികളെയും കുടുംബങ്ങളെയും കണ്ട്‌ വോട്ട്‌ അഭ്യർഥിക്കുന്ന തിരക്കിലായിരുന്നു ഞായറാഴ്‌ച  ഡോ. ജോ ജോസഫ്‌.  

വാഴക്കാല സെന്റ് ജോസഫ്‌സ് പള്ളിയിൽ നിറഞ്ഞ ചിരിയുമായി കൂടിനിന്നവർ വരവേറ്റു. കുർബാനയ്‌ക്കുശേഷം അയൽവാസികൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പതിവ്‌ വിശേഷങ്ങൾ പങ്കുവച്ചു. വികാരി സജിയുമായി സൗഹൃദസംഭാഷണവും വിശേഷം പറച്ചിലുമായി അൽപ്പനേരം. വ്യക്തിപരമായ വിശേഷങ്ങളിലൂടെ സഞ്ചരിച്ച് പര്യടനവും മഴയും ഉറക്കവും ആവേശോജ്വല സ്വീകരണങ്ങളുമെല്ലാം സംസാരത്തിൽ നിറഞ്ഞു. ഇടപ്പള്ളി മരോട്ടിച്ചുവടിലെ ആനന്ദഭവൻ ടീ കോർണറിൽ ചായയും കുടിച്ച് രാഷ്ട്രീയ ചർച്ചകൾ. സുഹൃത്ത് ഡോ. വിവേക് തോമസിന്റെ വീട്ടിലെത്തി വോട്ടുറപ്പിച്ചു. മരോട്ടിച്ചുവടിലെ വീടുകളിലും ഓട്ടോ സ്റ്റാൻഡിലും സ്ഥാനാർഥിയെ കണ്ട് പിന്തുണ അറിയിക്കാൻ കാത്തിരുന്നവരുടെയടുത്തെത്തി സ്വീകരണം ഏറ്റുവാങ്ങി. പൊന്നുരുന്നി സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിലെ അന്നദാനത്തിലും പങ്കെടുത്തു. കെ ജെ മാക്‌സി എംഎൽഎ ഒപ്പമെത്തി. പനമ്പിള്ളി നഗർ അംബികാപുരം പള്ളിയിലുമെത്തി പിന്തുണതേടിയശേഷം നടൻ കുഞ്ചന്റെയുൾപ്പെടെയുള്ള വീടുകളിൽ വോട്ടഭ്യർഥിച്ചു. മന്ത്രി ആർ ബിന്ദുവും പനമ്പിള്ളി നഗറിൽ പര്യടനത്തിന്റെ ഭാഗമായി. പേട്ടയിലെ കടകളിലും വീടുകളിലും കയറി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമയും ഒപ്പമെത്തി.


 

കേരള സ്റ്റേറ്റ്‌ മോട്ടോർ ആൻഡ്‌ എൻജിനിയറിങ്‌ ലേബർ സെന്റർ (എച്ച്‌എംഎസ്‌) ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യ പ്രകടനത്തിലും ഡോ. ജോ എത്തി. പൊന്നുരുന്നി മായിങ്കരയിലെ വീടുകളും അസാസ്സുല്‍ മുസ്ലിം പള്ളിയും സന്ദര്‍ശിച്ചു. വൈറ്റില മേജര്‍ റോഡിലെ പുനര്‍നിര്‍മിച്ച കപ്പേളയുടെ ആശീര്‍വാദ ചടങ്ങിൽ പങ്കെടുത്തു. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കെഎംഎം ലോ കോളേജില്‍ നടന്ന പ്രൊഫഷണല്‍സ് മീറ്റില്‍ പങ്കെടുത്തു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ജോലിയോട് പുലര്‍ത്തിയ നീതിക്കുള്ള അംഗീകാരം തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top