01 April Wednesday

പന്തളം രാജകുടുംബത്തർക്കം: എജിയുടെ മധ്യസ്ഥതയിലും തീർന്നില്ല

സ്വന്തം ലേഖകൻUpdated: Saturday Feb 22, 2020

ന്യൂഡൽഹി
പന്തളം രാജകുടുംബത്തിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം അറ്റോർണി ജനറലിന്റെ മധ്യസ്ഥതയിലും ഒത്തുതീർപ്പായില്ല. സുപ്രീംകോടതി നിർദേശാനുസരണം എജി കെ കെ വേണുഗോപാൽ ചേംബറിൽ വിളിച്ച യോഗത്തിൽ ഇരുവിഭാഗങ്ങളുടെയും പ്രതിനിധികളും അഭിഭാഷകരും സംസ്ഥാന സർക്കാർ സ്‌റ്റാൻഡിങ്‌ കോൺസലും പങ്കെടുത്തു.

തർക്കം പരിഹരിക്കാൻ രാജകുടുംബത്തിനുള്ളിൽത്തന്നെ നീക്കം തുടങ്ങിയെന്ന് കൊട്ടാരംനിർവാഹകസംഘം അറിയിച്ചു.  ഇത്‌ മുഖ്യഅജൻഡയാക്കി  മാർച്ച്‌  ഒന്നിന്‌ ജനറൽ ബോഡി യോഗം ചേരും. അതിൽ പരിഹാരമുണ്ടാകും എന്നാണ്‌ പ്രതീക്ഷ. എന്നിട്ടും പരിഹാരം ഉണ്ടായില്ലെങ്കിൽ എജിയുടെ ഓഫീസിൽ വീണ്ടും യോഗം ചേരും.

ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ്‌ രാജകുടുംബത്തിലെ തർക്കം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കാൻ എജി കെ കെ വേണുഗോപാലിനോട്‌ നിർദേശിച്ചത്‌. തർക്കം മൂർച്ഛിച്ചതിനാൽ ശബരിമല അയ്യപ്പന്റെ തിരുവാഭരണം സുരക്ഷിതമല്ലെന്ന്‌ രാജകുടുംബത്തിലെ 12 അംഗങ്ങൾ ആരോപിച്ചു.

തുടർന്ന്‌ തിരുവാഭരണങ്ങളുടെ വസ്‌തുവിവരപ്പട്ടിക തയ്യാറാക്കാൻ കേരളഹൈക്കോടതി മുൻ ജഡ്‌ജി സി എൻ രാമചന്ദ്രൻനായരെ സുപ്രീംകോടതി ചുമതലപ്പെടുത്തി. ഇതിനായി അദ്ദേഹം 28ന്‌ കൊട്ടാരത്തിലെത്തും. പന്തളം രാജകുടുംബത്തിലെ പി രാമവർമരാജ നൽകിയ സത്യവാങ്‌മൂലത്തിലെ ഒപ്പ്‌ അദ്ദേഹത്തിന്റേത്‌ തന്നെയാണോയെന്ന്‌ പരിശോധിക്കാനും കോടതി നിർദേശിച്ചിരുന്നു. 25ന്‌ ജില്ലാ ജഡ്‌ജി ഈ പരിശോധന നടത്തും.


പ്രധാന വാർത്തകൾ
 Top