13 November Wednesday

മണ്ഡലകാലം: ദേവസ്വം ബോർഡിന്‌ സർക്കാരിന്റെ ആദ്യഗഡു 30 കോടി

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2019

തിരുവനന്തപുരം > തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 കോടിയിൽ ആദ്യഗഡുവായ 30 കോടി രൂപ ഉടൻ നൽകും. ഇതിനുള്ള നടപടി പൂർത്തിയായി. കഴിഞ്ഞ മണ്ഡലകാലത്ത്‌ വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ്‌ സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്‌. ശബരിമലയുടെയും നിലയ്‌ക്കലിലെയും ഒരുക്കങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കുമായി അനുവദിച്ച 735 കോടി രൂപയ്‌ക്ക്‌ പുറമെയാണിത്‌.

അതേസമയം, ദേവസ്വം ബോർഡിന്‌ സാമ്പത്തിക പ്രതിസന്ധി എന്ന നിലയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്‌  പ്രസിഡന്റ്‌ എ പത്മകുമാർ പറഞ്ഞു. ബോർഡിന്റെതന്നെ നിക്ഷേപത്തിൽനിന്ന്‌ പണമെടുത്തതിനെ കടമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലം ആരംഭിക്കാൻ ആഴ്‌ചകൾ ബാക്കിനിൽക്കെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്‌. സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും മറ്റ്‌ ഇടത്താവളങ്ങളിലും തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ്‌ ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ളത്‌.

നിലയ്‌ക്കലിൽ തീർഥാടകർക്കുള്ള വിപുലമായ സൗകര്യങ്ങൾക്ക്‌ പുറമെ പൊലീസുകാർക്കും കെഎസ്‌ആർടിസി ജീവനക്കാർക്കും താമസസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌. സന്നിധാനത്തുമാത്രം 1000 ശൗചാലയങ്ങളും ദിവസേന 1500 കിലോ മാലിന്യം സംസ്‌കരിക്കാനുള്ള പ്ലാന്റുമാണ്‌ നിർമിക്കുന്നത്‌. സ്‌ത്രീകൾക്കായി പ്രത്യേക ശുചീകരണ ബ്ലോക്കും സജ്ജീകരിച്ചു. നിലയ്‌ക്കലിൽ 10 ലക്ഷം ലിറ്ററിന്റെ ജലസംഭരണിയാണ്‌ ഒരുക്കുന്നത്‌.

ഇത്തവണ തീർഥാടകവാഹനങ്ങൾ പമ്പവരെ കടത്തിവിടും. തീർഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ നിലയ്‌ക്കലിൽ പാർക്ക്‌ ചെയ്യണം. നിലയ്‌ക്കലിൽ വിപുലമായ പാർക്കിങ്‌ സൗകര്യം, താമസിക്കാനും വിരിവയ്ക്കാനുമുള്ള സൗകര്യങ്ങൾ, മാലിന്യസംസ്കരണം, വൈദ്യസഹായം,  സുരക്ഷാക്രമീകരണം എന്നിവയും ഒരുക്കും. ശബരിമലയിലേക്കുള്ള ഇടത്താവളങ്ങളിലടക്കം ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. നിർമാണപ്രവർത്തനങ്ങളും ഒരുക്കങ്ങളും വിലയിരുത്താൻ ഒന്നര മാസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ മൂന്നും അവലോകന യോഗങ്ങളാണ്‌ ചേർന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top