25 February Thursday

കർഷകസംഘം ഡൽഹി മാർച്ച്‌ നാളെ കണ്ണൂരിൽ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021


കർഷക പ്രക്ഷോഭത്തിന്റെ  ഭാഗമായി കർഷകസംഘം നേതൃത്വം നൽകുന്ന  ഡൽഹി മാർച്ചിന്‌ തിങ്കളാഴ്‌ച കണ്ണൂരിൽനിന്ന്‌ തുടക്കമാകും.   രാവിലെ ഒമ്പതിന്‌ കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിലെ സംയുക്ത കർഷക സമിതി സത്യഗ്രഹ പന്തലിന്‌ സമീപം അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്യും.

ബസുകളിലാണ്‌ ഡൽഹിക്ക്‌ പോകുന്നത്‌. 500 വളണ്ടിയർമാർ മാർച്ചിൽ പങ്കെടുക്കും. തിരുവനന്തപുരം മുതൽ തൃശൂർവരെയുള്ള വളണ്ടിയർമാർ ഞായറാഴ്‌ച കണ്ണൂരിലേക്ക്‌ എത്തും. മറ്റ്‌ ജില്ലകളിലുള്ളവർ തിങ്കളാഴ്‌ച പുലർച്ചെ പുറപ്പെടും. സമര വളണ്ടിയർമാർക്ക്‌ ഏരിയാകേന്ദ്രങ്ങളിൽ യാത്രയയപ്പ്‌ നൽകുകയാണ്‌. ഡൽഹിക്ക്‌ തിരിച്ച മാർച്ചിന്‌ തിങ്കളാഴ്‌ച തളിപ്പറമ്പ്‌, പിലാത്തറ, പയ്യന്നൂർ  കാസർകോട്‌ എന്നിവിടങ്ങളിൽ  സ്വീകരണം നൽകും. കാസർകോട്‌ ജില്ലയിലുള്ളവർ സ്വീകരണത്തിനുശേഷം മാർച്ചിനൊപ്പംചേരും.

13ന്‌ രാത്രി മാർച്ച് ജയ്‌പൂരിലെത്തും. 14ന്‌ രാവിലെ ഡൽഹിയിലേക്ക്‌ മാർച്ചു‌ചെയ്യും. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ കെ രാഗേഷ്‌ എംപി, സെക്രട്ടറി കെ എൻ ബാലഗോപാൽ എന്നിവർ നേതൃത്വം നൽകും. കേരളത്തിലെ അടുത്ത സംഘം 21ന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെടും. 24ന്‌ ഡൽഹിക്കെത്തും.

പ്രതിഷേധ സായാഹ്നം 15ന്‌
കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാനും സമരം ഒത്തുതീർപ്പാക്കാനും തയ്യാറാകാത്ത മോഡി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് 15ന് വൈകിട്ട് നാലുമുതൽ ഏഴുവരെ പ്രതിഷേധ സായാഹ്നവും ഐക്യദാർഢ്യ ശൃംഖലയും സംഘടിപ്പിക്കും. പഞ്ചായത്ത്–-നഗര കേന്ദ്രങ്ങളിൽ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം.

കോർപറേറ്റുകളെ സഹായിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമം. പുതിയ നിയമങ്ങൾ രാജ്യത്തിന്റെ കാർഷികമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന  സാധാരണ കർഷകജനതയെ നിത്യദുരിതത്തിലേക്ക് തള്ളിവിടും. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെയും ഇത്‌  ബാധിക്കും. 

പ്രക്ഷോഭം വിജയിപ്പിക്കണമെന്ന്‌ സംയുക്ത കർഷകസമിതി കൺവീനർ കെ എൻ ബാലഗോപാൽ, ചെയർമാൻ സത്യൻ മൊകേരി എന്നിവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top