26 June Wednesday

ഡൽഹി തെരുവുകളിൽ നിറയാൻ ഇന്ത്യൻ വിദ്യാർഥി സമൂഹം ; 'ചലോ ദില്ലി' മാര്‍ച്ചിനെ കുറിച്ച്‌ നിതീഷ്‌ നാരായണൻ എഴുതുന്നു

നിതീഷ് നാരായണൻUpdated: Monday Feb 18, 2019
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഫെബ്രുവരി 18ന് വിദ്യാര്‍ത്ഥി പ്രക്ഷോഭം. കോര്‍പറേറ്റുകള്‍ ഒഴികെ ഇന്ത്യാ രാജ്യത്തെ മറ്റെല്ലാ ജനവിഭാഗങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ തങ്ങളുടെ അമര്‍ഷവും പ്രതിഷേധവും ശക്തമായി രേഖപ്പെടുത്തുകയാണെന്ന് ഡല്‍ഹി ചലോ
Read more: https://www.deshabhimani.com/news/national/delhi-chalo/776250

കോര്‍പറേറ്റുകള്‍ ഒഴികെ ഇന്ത്യാ രാജ്യത്തെ മറ്റെല്ലാ ജനവിഭാഗങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ തങ്ങളുടെ അമര്‍ഷവും പ്രതിഷേധവും ശക്തമായി രേഖപ്പെടുത്തിയിരിക്കുകയാണ്‌ . സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ സാമൂഹ്യനീതി നടപ്പാക്കുക, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തെ ചെറുക്കുക- ഫെഡറല്‍ സംവിധാനം സംരക്ഷിക്കുക തുടങ്ങി ഏഴാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എസ്എഫ്‌ഐ, എഐഎസ്എഫ് എഐഡിഎസ്ഒ, എഐഎസ്ബി, പിഎസ്‌യു തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് 'ചലോ ദില്ലി' മാര്‍ച്ച് നടത്തുന്നത്. മോദി സർക്കാറിനെതിരായ കുറ്റപത്രമായി മാറുന്ന സമരത്തെപ്പറ്റി ജെഎൻയു ഗവേഷക വിദ്യാർഥിയും എസ്‌എഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗവുമായ നിതീഷ്‌ നാരായണൻ എഴുതുന്നു.

കർഷകർക്കും തൊഴിലാളികൾക്കും പിന്നാലെ രാജ്യതലസ്ഥാനത്തെ തെരുവുകളിൽ നിറയാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ വിദ്യാർഥി സമൂഹം. രാജ്യമെമ്പാടു നിന്നും ഡൽഹിയിലേക്കെത്തുന്ന പതിനായിരക്കണക്കിന് വിദ്യാർഥികൾ ഫെബ്രവരി മാസം 18 നു പാർലമെന്റിലേക്ക് മാർച്ച് ചെയ്യും. എസ് എഫ് ഐ ഉൾപ്പടെ അഞ്ച് ഇടതുപക്ഷ വിദ്യാർഥി സംഘടനകളാണ് സംയുക്തമായി ‘ചലോ ദില്ലി’ കാമ്പെയിനിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യ വാപകമായ പ്രചരണപ്രവർത്തനങ്ങളിലൂടെയായിരിക്കും വിദ്യാർഥികളെ ചലോ ദില്ലി മാർച്ചിന് സംഘറ്റിപ്പിക്കുക. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാർഥി മുന്നേറ്റമായി ഈ സമരം മാറും. അഞ്ച് വർഷമായി വിദ്യാർഥികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന മോദി സർക്കാറിനെതിരായ കുറ്റപത്രമായി അതിലേക്കുള്ള കാമ്പെയിൽ രൂപപ്പെടും.

നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഏറ്റവും വലിയ ഇരകളിൽ ഒന്ന് രാജ്യത്തെ വിദ്യാർഥികൾ ആണ്.  സ്കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസരംഗം വരെ അടിമുടി അവഗണന നേരിട്ട കാലഘട്ടമാണ് കടന്നു പോകുന്നത്. ലോകത്ത് തന്നെ ഏറ്റവും കുറവ് തുക വിദ്യാഭ്യാസത്തിനായി മാറ്റി വെക്കുന്ന രാജ്യമാണ് ഇന്ത്യ. ആ ദുരവസ്ഥ രൂക്ഷമായതല്ലാതെ അതിനെ പരിഹരിക്കാൻ ആവശ്യമായ ഒന്നും എൻ ഡി എ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. 1966 ൽ സമർപ്പിക്കപ്പെട്ട കോത്താരി കമ്മീഷൻ കമ്മീഷൻ റിപ്പോർട്ട് മുതൽ തന്നെ വിദ്യാഭ്യാസത്തിനായി ജിഡിപിയുടെ ആറു ശതമാനം എങ്കിലും വിദ്യാഭ്യാസത്തിനായി ചിലവഴിക്കണം എന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. വർഷങ്ങളായി എസ് എഫ് ഐ ഉൽപ്പടെ ഉയർത്തുന്ന ആവശ്യവുമാണിത്. എന്നാൽ നിലവിൽ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്നത് കേവലം 2.7 ശതമാനം മാത്രമാണ്. 201314 ൽ 3.1 ശതമാനം ഉണ്ടായിരുന്നിടത്തു നിന്നാണ് വീണ്ടും താഴേക്ക് പോയത്. വിദ്യാഭ്യാസത്തിനായി മാറ്റി വെച്ചിരിക്കുന്ന തുകയുടെ ആഗോള ശരാശരി തന്നെ 4 ശതമാനം ആയിരിക്കുമ്പോഴാണ് ഇന്ത്യൻ വിദ്യാഭ്യാസ മേഖല ഇതുപോലൊരു അവഗണനയ്ക്ക് പാത്രമാകുന്നത്. പരസ്യങ്ങൾക്കും വാചക കസർത്തുകൾക്കും അപ്പുറം മറ്റൊന്നും രാജ്യത്തെ വിദ്യാർഥികൾക്ക് വാഗ്ദാനം ചെയ്യാൻ മോദി സർക്കറിന് സാധിച്ചിട്ടില്ല. രാജ്യവ്യാപകമായി കെട്ടിഘോഷിച്ച പദ്ധതിയായിരുന്നു ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’. പെൺകുട്ടികൾക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കാനും രാജ്യത്തെ പെൺകുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൌകര്യം ഉറപ്പാക്കുന്നതിനുമെന്ന് പറഞ്ഞ് അവതരിപ്പിച്ച പ്രസ്തുത പദ്ധതിയ്ക്കായി മാറ്റിവെച്ച 56% തുകയും ചിലവഴിച്ചത് പരസ്യത്തിനായിരുന്നു. ആകെ അനുവധിച്ച 644 കോടി രൂപയിൽ കേവലം 159 കോടി രൂപ മാത്രമാണ് പദ്ധതി നടപ്പിലാക്കാൻ ജില്ലകൾക്കും സംസ്ഥാനങ്ങൾക്കുമായി നൽകിയത്. 150 കോടിയിലധികം രൂപ അനുവധിച്ചത് പോലുമില്ല. വിദ്യാലയങ്ങളുടെ പടി ചവിട്ടാൻ അവസരം ലഭിക്കാത്ത ഏറ്റവും കൂടുതൽ കുട്ടികൾ ജീവിക്കുന്ന നാടായി ഇന്ത്യ തുടരുന്നു. അതിൽ ബഹുഭൂരിപക്ഷവും പെൺകുട്ടികളും. ഇന്ത്യയിലെ 80 ശതമാനത്തോളം സ്കൂളുകളിൽ മതിയായ ടോയ്ലറ്റ് സൌകര്യം പോലുമില്ല. അവിടേക്കാണ് പെൺകുട്ടികൾ ഉൾപ്പടെയുള്ളവർക്ക് അവസരം ലഭിച്ചാൽ തന്നെ പോകേണ്ടത്. അവരുടെ മെച്ചപ്പെട്ട സൌകര്യങ്ങൾക്കായി വിനിയോഗിക്കപ്പെടേണ്ട തുകയോ നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച പരസ്യ ബോർഡുകളായി തൂങ്ങുകയാണ്.

ലോകത്തെ  വികസ്വര രാജ്യങ്ങളിൽ ഏറ്റവും പിന്നിൽ മാത്രം നിൽക്കുന്ന സ്കൂൾ വിദ്യാഭ്യാസമാണ് ഇന്ത്യയിലേത്. മതിയായ ക്ലാസ് റൂമുകളോ പഠന സാമഗ്രികളോ രാജ്യത്തെ ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലുമില്ല. ‘തിളങ്ങുന്ന ഗുജറാത്തി’ ലെ 12000 സ്കൂളുകൾ പ്രവർത്തിക്കുന്നത് കേവല ഒന്നോ രണ്ടോ അധ്യാപകർ മാത്രമായാണെന്ന് കണ്ടെത്തിയത് അടുത്തിടെ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് നറ്റത്തിയ സർവേയിലാണ്. സംസ്ഥാനത്തെ പതിനയ്യായിരത്തിലധികം സ്കൂളുകളിൽ നൂറിൽ താഴെ വിദ്യാർഥികൾ മാത്രമാണുള്ളത്. ഉത്തർപ്രദേശിന്റെ കാര്യവും വ്യത്യസ്ഥമല്ല. വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണം തന്നെ 60 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്ന്. ഇതിനെല്ലാം പുറമേ സ്കൂൾ പാഠപുസ്തകങ്ങളിൽ കടുത്ത വർഗീയതയും മുസ്ലീം വിരുദ്ധതയും കെട്ടുകഥകളും അസത്യങ്ങളും അശാസ്ത്രീയമായ ഉള്ളടക്കവുമെല്ലാം കുത്തിനിറക്കുന്നത് നമ്മൾ കണ്ടു.

വിദ്യാഭ്യാസ മേഖല ഇത്രമേൽ തീവ്രമായി വാണിജ്യവത്കരണത്തിന് വിധേയമാക്കപ്പെട്ട കാലം മുൻപ് ഉണ്ടായിട്ടില്ല. 201314 ൽ 153 എണ്ണം ഉണ്ടായിരുന്ന സ്വകാര്യ സർവകലാശാലകളുടെ എണ്ണം നാലു വർഷത്തിനുള്ളിൽ 263 ആയി ഉയർന്നു. 71 ശതമാനത്തിന്റെ വർധന. ഇതിൽ ബഹുഭൂരിപക്ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണെന്നതാണ് വസ്തുത. ഗുജറാത്തിലെ സ്വകാര്യ സർവകലാശാലകളുടെ എണ്ണത്തിൽ ഉണ്ടായത് 244 ശതമാനത്തിന്റെ വർധനവാണ്. ഇക്കാലയളവിൽ കേന്ദ്ര സർവകലാശാലകളുടെ എണ്ണത്തിൽ കേവലം 7 ശതമാനത്തിന്റെയും  പൊതുമേഖലയിലുള്ള സംസ്ഥാന സർവകലാശാലകളുടെ എണ്ണത്തിൽ കേവലം 14 ശതമാനത്തിന്റെയും വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളിൽ 60 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളിലാണ് ഉള്ളത്. 61 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് സ്വയം ഭരണാവകാശം നൽകിയത്. ഹൈദരാബാദും ജെ എൻ യുവും പഞ്ചാബ് യൂണിവേഴ്‌സിറ്റിയും ഇക്കൂട്ടത്തിൽ പെടും. യഥേഷ്ടം സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാനുള്ള അനുവാദം മാത്രമാണിത്. താരതമ്യേന തുച്ഛമായ ഫീസ് മാത്രമുണ്ടായിരുന്ന ജെ എൻ യുവിൽ ഭീമൻ ഫീസ് ഏർപ്പെടുത്തി എൻജ്ജിനീയറിംഗ് കോഴ്‌സ് ആരംഭിച്ചത് ഇങ്ങനെയാണ്. ഇപ്പോഴിതാ എം ബി എ കോഴ്‌സ് കൂടി തുടങ്ങുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും സ്വകാര്യവത്കരിക്കുവാനുള്ള തത്രപ്പാടിലാണ് മോദി സർക്കാർ. ഇതേ കൂട്ടർ തന്നെ തറക്കല്ല് പോലും ഇട്ടിട്ടില്ലാത്ത അംബാനിയുടെ ജിയോ യൂണിവേഴ്‌സിറ്റിക്ക് ആയിരം കോടി രൂപയുടെ പാരിതോഷികവും പ്രഖ്യാപിക്കുന്നു.
മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് അധ്യാപക ക്ഷാമത്തിന്റേതാണ്. കേന്ദ്ര ഗവണ്മെന്റിനു കീഴുലുള്ള കേന്ദ്ര സർവകലാശാലകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 35 ശതമാനം അധ്യാപക തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. പന്ത്രണ്ടായിരത്തോളം പോസ്റ്റുകളാണ് ഇങ്ങനെ നിയമനം നടത്താതിരിക്കുന്നത്. അതേ സമയം മതിയായ ഒരു അധ്യാപകനു കീഴിൽ ഗവേഷണം നടത്താനുള്ള ഗവേഷകരുടെ എണ്ണം നിശ്ചിതപ്പെടുത്തിയതിനു ശേഷം  മേൽനോട്ടം വഹിക്കാൻ മതിയായ അധ്യാപകരില്ല എന്ന കാരണം പറഞ്ഞ് ആയിരക്കണക്കിന് വിദ്യാർഥികളുടെ അവസരം നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജെ എൻ യുവിൽ മാത്രം ആയിരത്തി ഒരുന്നൂറോളം സീറ്റുകൾ ആണ് ഇല്ലാണ്ടാക്കിയത്. ഒരു വശത്ത് നിയമനം നടത്താതെ തൊഴിലവസരം നിഷേധിക്കുമ്പോൾ മറുവശത്ത് ഗവേഷകരുടെ സീറ്റ് വെട്ടിക്കുറക്കുന്നു. ഓരോ വർഷവും രണ്ട് കോടി പുതിയ തൊഴിലവസരം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കൂട്ടരാണ് ഇത് ചെയ്യുന്നതെന്നോർക്കണം.

വിദ്യാഭ്യാസ മേഖലയുടെ ഫെഡറൽ സ്വഭാവത്തെ തകർക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. സംസ്ഥാനങ്ങളുടെ പ്രത്യേകാവശ്യങ്ങൾ പരിഗണിക്കാതെയും  ഓരോ സംസ്ഥാനത്തെയും വിശേഷ സാഹചര്യങ്ങൾ കണക്കിലെടുക്കാതെയും കൊണ്ടുവന്ന പരിഷ്കരണങ്ങൾ ജനാധിപത്യ ഘടനയെ തന്നെ അട്ടിമറിക്കുന്നതായിരുന്നു. അത്തരം ഒന്നായിരുന്നു നീറ്റ് പരീക്ഷ. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നു. രാജ്യത്തെ മുഴുവൻ വിദ്യാർഥികളെയും ഒരു പരീക്ഷയ്ക്ക് കീഴിൽ അണിനിരത്തും മുൻപ് ഒരേ നിലവാരത്തിലും ഉള്ളടക്കത്തിലും ഉള്ള വിദ്യാഭ്യാസ സൌകര്യം അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടിയിരുന്നു. അതില്ലാത്തിടത്തോളം കാലം വിവേചനത്തിന്റെ മറ്റൊരു രൂപമായി മാത്രമേ ഇത്തരം പരീക്ഷകൾ രൂപാന്തരം പ്രാപിക്കുകയുള്ളു.

ഫണ്ട് വെട്ടിച്ചുരുക്കലിന്റെയും സ്വകാര്യവത്കരണത്തിന്റെയുമെല്ലാം ഏറ്റവും വലിയ ഇരകൾ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നും ഇച്ഛാശക്തിയോടെ പൊരുതി മുന്നോട്ടു വന്ന വിദ്യാർഥികൾ ആണ്. ദളിത് വിദ്യാർഥികൾക്കാക്ക് നിലവിലുള്ള സ്കോളർഷിപ്പിനായി ആവശ്യമായിരുന്നത് 8600 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ വർഷത്തെ ബഡ്ജെറ്റിൽ നീക്കി വെച്ചത് വെറും 3000 കോടി രൂപ മാത്രമായിരുന്നു. പട്ടികജാതിപട്ടികവർഗ വിദ്യാർഥികൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പ് തുക വിതരണം ചെയ്യാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിൽ 900 കോടി രൂപ ഉടനെ അനുവധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ മാസം ആണ്. നെറ്റ് പരീക്ഷ പാസാകാത്തപക്ഷം പട്ടികജാതിയിൽ പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകേണ്ടതില്ല എന്ന നിയമം കോണ്ടുവന്നതോടെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഗവേഷണം തുടരാനാകാതെ പുറത്തു പോകേണ്ടിവരുന്നത്. സർക്കാരിന്റെ കൈയ്യിൽ പണമില്ല എന്നതല്ല, മറിച്ച് വിദ്യാഭ്യാസത്തിനായി പണം ചിലവഴിക്കാൻ അവർ ഒരുക്കമല്ല എന്നതാണ് സത്യം. 2989 കോടി രൂപ ചിലവഴിച്ചാണ് ഗുജറാത്തിൽ പട്ടേൽ പ്രതിമ സ്ഥാപിച്ചത്. കുറഞ്ഞത് രണ്ട് പുതിയ ഐഐടി കാമ്പസുകൾ ആരംഭിക്കാൻ ആവശ്യമായിരുന്ന തുകയാണ് ഇത്. ഒരുഎയിംസ് കാമ്പസോ അല്ലെങ്കിൽ അഞ്ച് ഐഐഎമ്മുകളോ ഈ തുകയ്ക്ക് സ്ഥാപിക്കാമായിരുന്നു. ഇപ്പോൾ നമ്മൾ കേൾക്കുന്നത് മൂവായിരം കോടിയും നാലായിരം കോടിയും ചിലവഴിച്ച് രണ്ട് പ്രതിമകൾ കൂടി ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ഉയരുവാൻ പോകുന്നുവെന്നാണ്. ആഗോള പട്ടിണി സൂചികയിൽ നൂറാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഏറ്റവും കൂടുതൽ കുട്ടികൾ ജീവിക്കുന്ന രാജ്യം പ്രതിമകളിൽ ആനന്ദം കണ്ടെത്തുന്നതിനേക്കാൾ പരിഹാസ്യമായി മറ്റെന്തുണ്ട്?

സാമൂഹ്യനീതിയും സംവരണവും അടിമുടി അട്ടിമറിക്കപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൂടി സംവരണം പിഴവുകളില്ലാതെ നടപ്പിലാക്കണമെന്നും സ്വാശ്രയസ്ഥാപന്നങ്ങളിലെ ഫീസ് നിരക്ക് നിയന്ത്രിക്കാനും നിശ്ചയിക്കാനും ഗവണ്മെന്റ് സംവിധാനം ഉണ്ടാക്കാൻ നിയമനിർമാണം നടത്തണമെന്ന ഏറെ കാലത്തെ ആവശ്യം മോദി സർക്കാർ കേട്ടതായി പോലും നടിച്ചില്ല. രാജ്യസഭയിൽ സർക്കാർ തന്നെ സമർപ്പിച്ച കണക്ക് പ്രകാരം മോദി അധികാരത്തിലേറി ആദ്യത്തെ മൂന്ന് വർഷത്തിനകം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം മുപ്പതിനായിരത്തോളം ആണ്. അതിനു ശേഷമുള്ള കണക്ക് ലഭ്യമല്ല. ഇവയിൽ ഏറിയ പങ്കും സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ്. ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാർഥി പീഢനത്തിന്റെ നിരവധിയായ വാർത്തകൾ പുറത്തുവന്നിട്ടും അവയെ നിയന്ത്രിക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല. ഐ ഐ ടികളിലും നവോധയ സ്കൂളുകളിലും വിദ്യാർഥി ആത്മഹത്യകൾ വർധിക്കുകയാണ്. ഇത്തരം കലാലയങ്ങളെ ജനാധിപത്യവത്കരിക്കാനുള്ള ആവശ്യങ്ങളെയൊന്നും സർക്കാർ കേൾക്കുക പോലും ചെയ്തിട്ടില്ല.

ജനാധിപത്യ കാമ്പസുകൾ എന്ന ആശയത്തോട് കലിപൂണ്ട ഭരണകൂടത്തെയാണ് നമ്മൾ കഴിഞ്ഞ അഞ്ച് വർഷങ്ങളായി കണ്ടുകൊണ്ടിരുന്നത്. എല്ലാ ജനാധിപത്യ സംവിധാനങ്ങളും അട്ടിമറിക്കപ്പെട്ടു. യോഗ്യതയും നടപടിക്രമങ്ങളും പാലിക്കാതെ സംഘപരിവാര സഹയാത്രികരെ അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗജേന്ദ്ര ചൌഹാനും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ അപ്പാ റാവുവും ജെ എൻ യു വിൽ ജഗദീഷ് കുമാറും തലപ്പത്ത് അവരോധിക്കപ്പെട്ടു. സ്വതന്ത്രമായ സംവാദങ്ങളുടെയും സാഹസികമായ അന്വേഷണങ്ങളുടെയും തീവ്രമായ ചിന്താപരിസരങ്ങളുടെയും ഭയരഹിതമായ ചോദ്യം ചെയ്യലുക്കളുടെയും കേന്ദ്രങ്ങളാകേണ്ട സർവകലാശാലകൾ ഉത്തരവുകളാൽ ഭരിക്കപ്പെടുന്നത് നമ്മൾ കണ്ടു. പ്രതിഷേധങ്ങളെയും വിമർശനങ്ങളെയും രാജ്യദ്രോഹത്തിന്റെ മുദ്ര ചാർത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതും കണ്ടു. GSCASH (Gender Sensitisation Committee Against Sexual Harassment) ലൈംഗിക പീഢനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനും പരാതികൾ പരിശോധിക്കുന്നതിനും ഉള്ള ജനാധിപത്യ പരമായ സംവിധാനം ആയിരുന്നു. ഈ സർക്കാർ പ്രസ്തുത സംവിധാനത്തെ ഇല്ലാണ്ടാക്കി ഐസിസി എന്ന മറ്റൊരു സംവിധാനം കൊണ്ടുവന്നു. GSCASHപോലെ ജനാധിപത്യപരമായൊരു ഉള്ളടക്കത്തോടു കൂടിയതല്ല അതെന്നു മാത്രമല്ല കുറ്റം തെളിയാത്ത പക്ഷം പരാതിക്കാരെ ശിക്ഷിക്കുവാൻ വ്യവസ്ഥ ചെയ്യുന്നതുൾപ്പടെയുള്ള പിന്തിരിപ്പൻ ആശയങ്ങൾ പേറുന്നതുമാണ്. ഇന്ത്യൻ കാമ്പസുകളിൽ ലൈംഗികാതിക്രമങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ച കാലഘട്ടമായിരുന്നു ഇത്.

ദളിത് ഗവേഷകനായിരുന്ന രോഹിത് വെമുലയുടെ കൊലപതകതുല്ല്യമായ മരണവും അതിനിടയാക്കിയ കുറ്റവാളികൾ ഇന്നും സ്വൈര്യപൂർവം വിലസുന്നതും ഇന്ത്യൻ കാമ്പസുകൾ സംഘപരിവാരം തലയിലേറ്റുന്ന ബ്രാഹ്മണ്യത്തിന്റെ കൈയ്യിൽ എത്രമാത്രം അകപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഒരുദാഹരണം മാത്രമാണ്. എബിവിപി പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം ദുരൂഹ സാഹഖര്യത്തിൽ കാണാതായ നജീബ് എന്ന ജെ എൻ യു വിദ്യാർഥിയുടെ തിരോധാനത്തിന് ഇന്നും വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദില്ലി പോലീസിന് സാധിച്ചിട്ടില്ല. വിദ്യാർഥികളും അധ്യാപകരും ഗവേഷകരും ഉൾപ്പടെ വിദ്യാഭ്യാസ മേഖലയുടെ സകല അവകാശികളും കഴിഞ്ഞകാല അനുഭവങ്ങളിൽ അത്രമേൽ അസ്വസ്ഥരായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ എത്രമാത്രം വഞ്ചിക്കപ്പെട്ടവരാണെന്ന് രാജ്യത്തോട് വിളിച്ചു പറയാനും തൊഴിലാളികളും കർഷകരും യുവാക്കളുമെല്ലാം ഉയർത്തുന്ന സമാനതകളില്ലാത്ത സമര പർഅമ്പരകളോട് ഐക്യപ്പെടാനും അതിൽ കണ്ണി ചേരാനും അവർ തയ്യാറാകുന്നത്. ഫെബ്രുവരി 19 ന് വിദ്യാഭ്യാസമേഖലയിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്യും. അതിനും ഒരു ദിവസം  മുൻപാണ് വിദ്യാർഥി പ്രശ്നങ്ങൾ പ്രത്യേകമായി ഉയർത്തിക്കൊണ്ട് വിദ്യാർഥി സംഘടനകളുടെ മാർച്ച്. രണ്ട് ദിവസത്തെയും മാർച്ചുകളിൽ വിപുലമായ പങ്കാളിത്തം ഉറപ്പിക്കാനായി രാജ്യവ്യാപകമായ പ്രചരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top