17 February Sunday

ഡൽഹി തീപിടിത്തം : അമ്മയുടെയും 2 മക്കളുടെയും മൃതദേഹം സംസ‌്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ഡൽഹി കരോൾ ബാഗിൽ ഹോട്ടലിലെ തീപിടിത്തത്തിൽ മരിച്ചവർക്ക്‌ സി എൻ മോഹനൻ അന്ത്യോപചാരമർപ്പിക്കുന്നു

കൊച്ചി / ചോറ്റാനിക്കര > ഡൽഹി കരോൾ ബാഗിൽ ഹോട്ടലിലെ തീപിടിത്തത്തിൽ മരിച്ച അമ്മയ‌ും മക്കളും ഇനി കണ്ണീരോർമ. എറണാകുളം ചേരാനല്ലൂർ രാമൻകർത്താ റോഡിൽ പനേലിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ നളിനിയമ്മ (84), മക്കളായ പി സി വിദ്യാസാഗർ (59), പി സി ജയശ്രീ (53) എന്നിവരുടെ മൃതദേഹം ബുധനാഴ‌്ച വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ‌്കരിച്ചു. ചോറ്റാനിക്കര കണയന്നൂർ പഴങ്ങനാട് ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ് ജയശ്രീ.

ചേരാനല്ലൂരിലെ തറവാട്ടുമുറ്റത്ത‌് പൊതുദർശനത്തിനുശേഷം നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും മൃതദേഹങ്ങൾ സമീപമുള്ള നളിനിയമ്മയുടെ മൂത്തമകൻ സോമശേഖരന്റെ വീട്ടുവളപ്പിലും ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലെ വീട്ടുവളപ്പിലുമാണ‌് സംസ‌്കരിച്ചത‌്.
ബുധനാഴ‌്ച രാവിലെ 8.15ന് എയർ ഇന്ത്യാ വിമാനത്തിൽ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹങ്ങൾ 9.30 ഓടെ ചേരാനല്ലൂരിലെ പനേലിൽ തറവാട്ടിൽ എത്തിച്ചു. ഇവർക്കൊപ്പം ഡൽഹിലേക്കുപോയ മറ്റു ബന്ധുക്കൾ 12.30 ഓടെ പനേലിൽ എത്തി.  രണ്ടോടെ നളിനിയമ്മയുടെയും വിദ്യാസാഗറിന്റെ മൃതദേഹങ്ങൾ സംസ‌്കരിച്ചു. ഇവിടെനിന്ന‌് ചോറ്റാനിക്കര കണയന്നൂർ പഴങ്ങാട‌് വീട്ടിലെത്തിച്ച ജയശ്രീയുടെ മൃതദേഹം വൈകിട്ട‌് അഞ്ചിനാണ‌് സംസ‌്കരിച്ചത‌്. 

ഗാസിയാബാദിൽ നളിനിയമ്മയുടെ സഹോദരി ഉമയുടെ ചെറുമകൾ പല്ലവിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് 14 പേരടങ്ങുന്ന സംഘം കൊച്ചിയിൽനിന്ന‌് ഡൽഹിയിലെത്തിയത്. വെള്ളിയാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച താജ്‌മഹൽ സന്ദർശിച്ചശേഷം കരോൾബാഗിലെ ഹോട്ടൽ അർപ്പിത‌് പാലസിൽ തങ്ങിയ  സംഘം ചൊവ്വാഴ‌്ച പുലർച്ചെ ഹരിദ്വാറിന് പോകാൻ തയ്യാറെടുക്കുമ്പോഴായിരുന്നു തീപിടിത്തം. ഹോട്ടലിലെ നാലു മുറികളിലായാണ് കുടുംബം താമസിച്ചിരുന്നത്.

തീപടർന്നപ്പോൾ നളിനിയമ്മയും ജയശ്രീയും മുറിയിൽനിന്ന് പുറത്തേക്ക് ഓടിയെങ്കിലും പുകയും ചൂടും കാരണം രക്ഷപ്പെടാനായില്ല. ഇരുവരും ബോധരഹിതരായി വീണു. ഇവരുടെ കരച്ചിൽകേട്ട് മുറിയിൽനിന്ന് പുറത്തേക്കിറങ്ങിയ വിദ്യാസാഗറിനും രക്ഷപ്പെടാനായില്ല. പനേലിൽ തറവാട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം അനിൽകുമാർ, എറണാകുളം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, ഹൈബി ഈഡൻ എംഎൽഎ തുടങ്ങിയവർ ആദരാഞ‌്ജലി അർപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി സി ഷിബു, അനൂപ‌് ജേക്കബ‌് എംഎൽഎ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ആശാ സനിൽ തുടങ്ങിയവർ ജയശ്രീയുടെ ചോറ്റാനിക്കരയിലെ വസതിയിലെത്തി ആദരാഞ‌്ജലി അർപ്പിച്ചു.

കണ്ണീരിൽക്കുതിർന്ന‌് പനേലിൽ തറവാട്ട‌ുമുറ്റം
കൊച്ചി

ഒരുമിച്ചുകൂടുമ്പോഴെല്ലാം കളിചിരികൾ നിറഞ്ഞുനിന്ന‌ ചേരാനല്ലൂരിലെ പനേലിൽ തറവാട്ടുമുറ്റത്ത‌് ബുധനാഴ‌്ച അവർ വീണ്ടും ഒത്തുചേർന്നു. എന്നും ഒപ്പമുണ്ടാകാറുള്ള മൂന്നുപേർ അരികിലരികിലായി മേശപ്പുറത്ത‌് ശവപേടകത്തിനുള്ളിൽ.  കെട്ടിപ്പിടിച്ചുകരഞ്ഞും പരസ‌്പരം ആശ്വസിപ്പിക്കാൻ പാടുപെട്ടും കുടുംബാംഗങ്ങൾ. കണ്ണീരടക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും. ബുധനാഴ‌്ച ചേരാനല്ലൂരിലെ പനേലിൽ തറവാട്ടുമുറ്റം കണ്ണീരിൽ നനഞ്ഞുകുതിർന്നു.

ഡൽഹിയിൽ തീപിടിത്തത്തിൽ മരിച്ച അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹം പനേലിൽ തറവാട്ടുമുറ്റത്ത‌് പൊതുദർശനത്തിനുവച്ചപ്പോഴായിരുന്നു വികാരനിർഭരമായ രംഗങ്ങൾ. പനേലിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ നളിനിയമ്മ (84), മക്കളായ പി സി വിദ്യാസാഗർ (59), പി സി ജയശ്രീ (53) എന്നിവരുടെ മൃതദേഹം ബുധനാഴ‌്ച 9.30 ഓടെയാണ‌് പനേലിൽ തറവാട്ടുമുറ്റത്തെത്തിച്ചത‌്. കുടുംബത്തിലെ രണ്ടു പേരാണ‌് മൃതദേഹത്തിനൊപ്പം വിമാനത്തിൽ എത്തിയത‌്. മറ്റുള്ളവർ അടുത്ത വിമാനത്തിൽ നെടുമ്പാശേരിയിൽ ഇറങ്ങി 12.30 ഓടെയാണ‌് പനേലിൽ എത്തിയത‌്. നിലവിളിയോടെ വാഹനത്തിൽനിന്ന‌് ഇവരും മൃതദേഹത്തിനരികിലെത്തിയപ്പോൾ കൂട്ടംകൂടിനിന്നവർക്കും കണ്ണീരടക്കാനായില്ല. പിന്നീട‌് ഇവരെ ആശ്വസിപ്പിക്കാണ‌് നാട്ടുകാരും  ബന്ധുക്കളും പണിപ്പെട്ടത‌്. പൂക്കളും നെൻമണികളും ശവപേടകത്തിൽ അർപ്പിച്ച് മക്കളും മരുമക്കളും പേരക്കുട്ടികളും  പെട്ടിയിൽ തലചേർത്തു വിതുമ്പിക്കരഞ്ഞു.

ഒന്നരയോടെ ആദ്യം ജയശ്രീയുടെ മൃതദേഹം ആംബുലൻസിൽ കയറ്റി. ചോറ്റാനിക്കരയിലെ വീട്ടുവളപ്പിലായിരുന്നു ജയശ്രീയുടെ മൃതദേഹം സംസ‌്കരിച്ചത‌്. മറ്റു രണ്ടു പേരുടെയും മൃതദേഹം തറവാട്ടിനു സമീപത്തുള്ള നളിനിയമ്മയുടെ മൂത്തമകൻ സോമശേഖരന്റെ വീട്ടുവളപ്പിലും. 25 വർഷമായി കുവൈത്തിലായിരുന്ന ജയശ്രീയുടെ ഭർത്താവ‌് ഉണ്ണിക്കൃഷ‌്ണൻ ആറുമാസംമുമ്പാണ് നാട്ടിലെത്തിയത്. അടുത്ത മാസം 17ന് ഏകമകൻ വിഷ്ണുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തമെത്തിയത‌്.

ജയശ്രീ മികച്ച കർഷകയായിരുന്നു. ചോറ്റാനിക്കരയിലെ പാടശേഖരസമിതിയിലും കാർഷിക വിപണനസംഘത്തിലും  പാലുൽപ്പാദകസംഘത്തിലും എൻഎസ്എസിലും സജീവം. വെജ് മാർട്ടിന്റെ സെക്രട്ടറിയായിരുന്നു. നെല്ലും പച്ചക്കറിയും ജാതിയും റബറും കൃഷിചെയ്തിരുന്ന ജയശ്രീക്ക‌് മികച്ച കർഷകയ്ക്കുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട‌്.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനും ഡൽഹിയിൽ വിനോദയാത്രയും ലക്ഷ്യമിട്ട‌ാണ‌് 14 അംഗ സംഘം യാത്ര പുറപ്പെട്ടത‌്. നളിനിയമ്മ, മക്കളായ വിദ്യാസാഗർ, സോമശേഖരൻ, സുധാദേവി, ജയശ്രീ, വിദ്യാസാഗറിന്റെ ഭാര്യ മാധുരി, മകൻ വിഷ്ണു, സോമശേഖരന്റെ ഭാര്യ ബീന, സുധാദേവിയുടെ ഭർത്താവ് സുരേന്ദ്രൻ, ജയശ്രീയുടെ മക്കളായ ഗൗരിശങ്കർ,  ഹരിഗോവിന്ദ്, നളിനിയമ്മയുടെ ചേച്ചിയുടെ മകൾ സരസ്വതി, ഭർത്താവ് വിജയകുമാർ, മകൻ ശ്രീകേഷ് എന്നിവരാണ‌് സംഘത്തിലുണ്ടായിരുന്നത‌്. ഡൽഹിയിലെ കാലാവസ്ഥ എൺപത്താറുകാരിയായ അമ്മയ‌്ക്ക്  പിടിക്കുമോയെന്ന് അയൽവാസികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, മക്കൾക്ക് സംശയമുണ്ടായില്ല.  അമ്മയെ  യാത്രയിൽ ഒപ്പംകൂട്ടാമെന്ന്  അവർ  ഒറ്റക്കെട്ടായി തീരുമാനിച്ചു. വെള്ളിയാഴ്ചയായിരുന്നു  ബന്ധുവിന്റെ  വിവാഹം. അതുകഴിഞ്ഞ് താജ്‌മഹലും  ഡൽഹിയും  ചുറ്റിക്കറങ്ങി.  സന്ദർശനത്തിലെ കുഞ്ഞുകൗതുകങ്ങൾ  അപ്പപ്പോൾ  സാമൂഹ്യമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top