19 October Saturday

ദളിത് വിദ്യാർഥികൾക്ക്‌ മാനസിക പീഡനം; പ്രതിഷേധത്തിനൊടുവിൽ ആരോപണവിധേയർ നിർബന്ധിത അവധിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

തേഞ്ഞിപ്പലം >  ദളിത് വിദ്യാർഥികളായ ഗവേഷകരെ  അധിക്ഷേപിക്കുകയും  മാനസികമായി പീഡിപ്പിക്കുകയുംചെയ്ത കലിക്കറ്റ് യൂണിവേഴ്സിറ്റി പഠന വിഭാഗത്തിലെ അധ്യാപകർക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ മലയാള പഠനവിഭാഗം തലവൻ ഡോ. എൽ തോമസ് കുട്ടിയെയും ബോട്ടണി വിഭാഗം അധ്യാപിക ഡോ. എം ഷാമിനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു.

 ഇരുവർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് എസ്എഫ്ഐ–- എകെആർഎസ്എ  നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ വിദ്യാർഥികൾ ഭരണവിഭാഗത്തിലേക്ക് മാർച്ച് നടത്തി. അസോസിയേഷൻ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ് പ്രസിഡ​ന്റ് ഡോ. ടി എം വിജയൻ ഉദ്ഘാടനംചെയ്തു. സി പ്രീജിത്ത് അധ്യക്ഷനായി.

 ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോ. പി ശിവദാസൻ, സെനറ്റംഗം പി കെ ബവേഷ്, ആർ അജയ്  എന്നിവർ സംസാരിച്ചു. ഭരണ വിഭാഗത്തിനുമുന്നിൽ ഏറെ നേരം കുത്തിയിരുന്ന വിദ്യാർഥികൾ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ ഓഫീസിലെത്തിയതോടെ അദ്ദേഹത്തിന്റെ  ചേമ്പർ ഉപരോധിച്ചു. അനുകൂല  തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന്‌ വിദ്യാർഥിനികൾ  ചേമ്പറിനകത്ത്‌ കയറി പ്രതിഷേധിച്ചു. ഇതോടെ വൈസ് ചാൻസലർ ചർച്ചക്ക്‌ തയ്യാറായി.

 എൽ തോമസ് കുട്ടിയെയും എം ഷാമിനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാനും സിൻഡിക്കറ്റ് തീരുമാനപ്രകാരമുള്ള സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഏഴ് ദിവസത്തിനകം നൽകാൻ നിർദേശിക്കാനും  തീരുമാനമായി. ഇതോടെയാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്. ഡോ. ഷാമിനയുടെ കീഴിലുള്ള മുഴുവൻ ഗവേഷക വിദ്യാർഥികളും അവർക്കെതിരെ ദളിത് അധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആക്ഷേപങ്ങൾ ഉയർത്തി വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു.

 മലയാള പഠനവിഭാഗത്തിലെ ദളിത് ഗവേഷക വിദ്യാർഥിനി ആഴ്ചകൾക്കുമുമ്പാണ് പഠന വിഭാഗം തലവൻ എൽ തോമസ് കുട്ടിക്കെതിരെ പോസ്റ്റിട്ടത്. തന്നോട് കാണിച്ച അനീതി അക്കമിട്ട് നിരത്തിയായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റ്. വിദ്യാർഥികളുടെ പരാതി സർവകലാശാല സിൻഡിക്കറ്റ് ഗൗരവമായാണ് കാണുന്നതെന്ന് സിൻഡിക്കറ്റംഗം കെ കെ ഹനീഫ  പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top