18 August Sunday

കടലിൽ പോയവർ എത്രയും വേഗം തിരിച്ചെത്തണം: സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

തിരുവനന്തപുരം>കടൽ പ്രക്ഷുബ്‌ദമാകാനും ചുഴലിക്കാറ്ററിന്നും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തിരിച്ചെത്തണമെന്ന്‌ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയും  മുഖ്യമന്ത്രിയുടെ ഓഫീസും ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് ആരും കടലിൽ പോകുന്നില്ല എന്ന് ഉറപ്പ് വരുത്താനും ആവശ്യപ്പെട്ടു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മത്സ്യതൊഴിലാളികൾക്കുള്ള  പുതിയ ജാഗ്രത മുന്നറിയിപ്പിനെ തുടർന്നാണ്‌ നിർദ്ദേശം.  മത്സ്യതൊഴിലാളികൾ 26 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ്‌ അറിയിപ്പ്‌.

ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26ന്‌ അതിരാവിലെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തു എത്തണമെന്ന് കർശനമായി നിർദേശിച്ചു.

മത്സ്യതൊഴിലാളി മേഖലകളിലെ പള്ളികൾ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, മറ്റ് പൊതു സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മുന്നറിയിപ്പ് വിളിച്ചു പറയാനും മത്സ്യ തൊഴിലാളികളിലേക്ക് എത്തിക്കുവാനും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് വിവരം കൈമാറാനും മുഴുവൻ സംവിധാനങ്ങളുടെയും വ്യക്തികളുടെയും പ്രസ്ഥാനനങ്ങളുടെയും സഹകരണവും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി  അഭ്യർത്ഥിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top