10 June Saturday

നോട്ട് മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി, കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2016

തിരുവനന്തപുരം > അസാധുവായ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ മാറിയെടുക്കുന്നവരുടെ വിരലുകളില്‍ മഷി അടയാളം പതിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം  പ്രശ്നം ലഘൂകരിക്കാനല്ല കൂടുതല്‍ കുരുക്കുകള്‍ സൃക്ഷ്ടിക്കാനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

സാധാരണക്കാരില്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ച് ക്യൂവിലെ ബഹളം കൂട്ടാന്‍ അല്ലാതെ കുറയ്ക്കാന്‍ ഇതൊന്നും സഹായിക്കില്ല. നോട്ടുകള്‍ മാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയാണ്. ഇന്ന് വേണ്ടത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ആവശ്യത്തിന് പുതിയ നോട്ടുകള്‍ എ ടി എം കളിലും ബാങ്ക് വഴിയും ലഭ്യമാക്കുകയാണ് . ഇതിനു പകരം പഴയ നോട്ടുകള്‍ മാറാന്‍ വരുന്ന കൂലി വേലക്കാരും പാവപ്പെട്ടവരുമെല്ലാം കള്ളപ്പണക്കാരോ അവരുടെ ബിനാമികളോ ആണെന്നും സംശയമുനയില്‍ നിര്‍ത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്കിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിന്റെ അബദ്ധധാരണ കള്ളപ്പണത്തിന്റെ മുഖ്യരൂപം പൂഴ്ത്തി വച്ചിരിക്കുന്ന നോട്ടുകള്‍ ആണെന്നതാണ്. (കള്ളനോട്ടുകള്‍ ഏതായാലും റദ്ദാക്കി കഴിഞ്ഞല്ലോ . അവ ബാങ്കുകളില്‍ വരുമെന്ന് ഭയപ്പെടേണ്ട.) എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല. കഴിഞ്ഞ ഏതാനും വര്‍ഷത്തെ ഇന്‍കം ടാക്സ് റെയ്ഡുകളില്‍ കണ്ടെത്തിയ കള്ളപ്പണത്തിന്റെ 6% മാത്രമാണ് നോട്ടുകള്‍ . ചെറിയ തിരിമറിക്കാരും അപൂര്‍വ്വം വന്‍കിടക്കാരും മാത്രമേ കള്ളപ്പണം നോട്ടായി സൂക്ഷിക്കാറുള്ളൂ . ഭൂമി , സ്വര്‍ണ്ണം , ഡയമണ്ട്, ബിനാമി ധനകാര്യ നിക്ഷേപം, വെളിപ്പെടുത്താത്ത ബിസിനസ് സ്റ്റോക്ക് എന്നിവ കഴിഞ്ഞേ നോട്ടിന് സ്ഥാനമുള്ളൂ. പിന്നെ കള്ളപ്പണത്തില്‍ സിംഹപങ്കും വിദേശത്താണ്.

കള്ളനോട്ടിനെ വരൂതിയിലാക്കിയ പശ്ചാത്തലത്തില്‍ വന്‍കിട നോട്ട് പൂഴ്ത്തിവയ്പ്പുകാരെ പിടി കൂടാനുള്ള മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയാണ് വേണ്ടത് .എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ ചിന്ത മറിച്ചാണ്. പുതുതായി ഒരു നിയന്ത്രണം കൂടെ കൊണ്ട് വന്നിരിക്കുന്നു. രണ്ടായിരം രൂപ മാറിയവരുടെ മേല്‍ ചാപ്പ കുത്താന്‍ ആണ് തീരുമാനം . കള്ളപ്പണക്കാരന്‍ ഒരാളെ തന്നെ മാറി മാറി നിര്‍ത്താതെ പലരെ നോട്ട് മാറ്റാന്‍ വിട്ടാല്‍ പോരെ  പിന്നെ മഷി മായിക്കാനുള്ള വിദ്യ തേടാം. സാധാരണക്കാരില്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ച് ക്യൂവിലെ ബഹളം കൂട്ടാന്‍ അല്ലാതെ കുറയ്ക്കാന്‍ ഇതൊന്നും സഹായിക്കില്ലയെന്നും തോമസ് ഐസക്ക് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top