22 September Tuesday

യുഡിഎഫ് 4796, എൽഡിഎഫ് 11268; പൊലീസ് ലിസ്റ്റിൽ നടത്തിയത് ഇരട്ടിയിലേറെ നിയമനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

‌തിരുവനന്തപുരം > സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന് റാങ്ക്‌ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാൽ വ്യക്തം. യുഡിഎഫ് നൽകിയതിന്റെ ഇരട്ടിയിലേറെ നിയമനം എൽഡിഎഫ് സർക്കാർ നൽകി.

യുഡിഎഫ് 4796 പേർക്ക് നിയമനശുപാർശ അയച്ചപ്പോൾ എൽഡിഎഫ് 11,268 പേർക്ക് നിയമനം നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സിവിൽ പൊലീസ് തസ്‌തികയിലേക്ക് നിലവിലുണ്ടായിരുന്നത് ഒരു റാങ്ക് ലിസ്റ്റാണ് (കാറ്റഗറി നമ്പർ: 250/2011). 2014 സെപ്തംബർ രണ്ടിന് ആറ് ബറ്റാലിയന്റെയും സെപ്തംബർ 11ന് കെഎപി 3 (പത്തനംതിട്ട) ബറ്റാലിയന്റെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏഴ് ബറ്റാലിയനിലുമായി  പിഎസ് സി നിയമനശുപാർശ അയച്ചത് 4796 പേർക്ക്.

എൽഡിഎഫ് അധികാരത്തിൽവന്നശേഷം രണ്ട് റാങ്ക്‌ലിസ്റ്റ് നിലവിൽവന്നു. ഒന്നിന്റെ റാങ്ക് ലിസ്റ്റ് 2016 ജൂൺ 21നും  657/2017ന്റെ ലിസ്റ്റ് 2019 ജൂലൈ ഒന്നിനും പ്രസിദ്ധീകരിച്ചു. ഈ രണ്ട് റാങ്ക് ലിസ്റ്റുകളിൽനിന്നും യഥാക്രമം 5667 പേർക്കും 5601 പേർക്ക് നിയമനം നൽകി. മറ്റൊരു പരീക്ഷയ്ക്കുകൂടി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്.ഓരോ പൊലീസ് ജില്ലയിലും ഉണ്ടാകുന്ന ഒഴിവുകൾ നിലവിലുള്ള ബറ്റാലിയൻ മുഖേനയാണ് നികത്തുന്നത്. ഓരോ മാസവും കുറച്ചുപേർ ഇത്തരത്തിൽ അവരവരുടെ ജില്ലയിലേക്ക് പോകും. അതനുസരിച്ച് ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും. 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവ് മുൻകൂട്ടി കണക്കാക്കി 1200 താൽക്കാലിക തസ്തികയ്ക്ക് സർക്കാർ തുടർച്ചാനുമതി നൽകി. ഇതനുസരിച്ച് ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്ക് നീക്കിവച്ച 154 എണ്ണമൊഴികെ 1046 ഒഴിവും റിപ്പോർട്ട്ചെയ്തു. ഇതുൾപ്പെടെ 1947 അഡൈ്വസ് പിഎസ്സി അയച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ജൂൺ 30ന് ശേഷമാണ് ഇതിൽ 1445 അഡൈ്വസും അയച്ചത്.

കൂടുതൽ താൽക്കാലികക്കാരും എക്‌സ്‌ചേഞ്ച് മുഖേന

സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന പ്രതിപക്ഷ  പ്രചാരണം അടിസ്ഥാനരഹിതമെന്ന് രേഖകൾ. സ്ഥിരനിയമനം സാധ്യമല്ലാത്ത തസ്തികകളിലേക്ക് കഴിഞ്ഞ നാലുവർഷത്തിനിടെ നടത്തിയ നിയമനങ്ങളിൽ മഹാഭൂരിപക്ഷവും എംപ്ലോയ്മെന്റ് എക്ചേഞ്ചുകൾ വഴി. പതിനായിരങ്ങൾക്കാണ് ഇത് പ്രയോജനപ്പെട്ടത്.

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വഴി 43,842 പേർക്ക് ജോലി നൽകിയതായി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.  ഐടിഐകൾ നടത്തിയ തൊഴിൽമേളയിലൂടെ 14,420 പേർക്കും പ്ലേസ്മെന്റ് സെൽവഴി 8598 ഐടിഐ ട്രെയിനികൾക്കും തൊഴിൽ നൽകി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തേതിന്റെ മൂന്നിലൊന്ന് താൽക്കാലിക ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ 2011--12ൽ  31,899 താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്നു. 2020--21ൽ ഇത് 11,674 മാത്രമാണ്.

കോവിഡ് കാലത്ത് പതിനായിരത്തിലേറെ നിയമനം

നിയമനനിരോധനമെന്നതടക്കം അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി പ്രതിപക്ഷം കോലാഹലം സൃഷ്ടിക്കുമ്പോൾ കോവിഡ് ലോക്ഡൗൺ കാലത്ത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടന്ന് പിഎസ്സി നിയമനശുപാർശ അയച്ചത് പതിനായിരത്തിലേറെ പേർക്ക്.

ലോക്ഡൗൺ കാലത്ത് 70ഓളം റാങ്ക്‌ലിസ്റ്റിൽനിന്ന് 10,054 പേർക്ക് അഡൈ്വസ് അയച്ചു

സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ലിസ്റ്റിൽനിന്ന് അവസാന നിമിഷം അഡൈ്വസ് അയച്ചത് 1895 പേർക്ക്

55 റാങ്ക്‌ലിസ്റ്റും  പ്രസിദ്ധീകരിച്ചു

കഴിഞ്ഞ 21ന് 35 തസ്തികയിലേക്ക് വിജ്ഞാപനമിറക്കി

തപാലോ യാത്രാസൗകര്യമോ ഇല്ലാത്ത ഘട്ടത്തിൽ ഇ--മെയിൽ, ഇ--വേക്കൻസി രീതിയിലൂടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു
ഡിസംബർ 31 വരെ ഒഴിവുകൾ സ്വീകരിക്കാനും അറിയിക്കാനും തപാൽ, ഇ--മെയിൽ/ഇ--വേക്കൻസി രീതി തുടരും

നിർത്തിവച്ച അഭിമുഖങ്ങൾ പ്രോട്ടോകോൾ പ്രകാരം പുനരാരംഭിച്ചു


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top