27 September Monday

വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ; കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

തിരുവനന്തപുരം > വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയ തലത്തില്‍ ഉണ്ടായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആകെ ജനസംഖ്യയായ 130 കോടിയില്‍ 33.13 കോടി പേര്‍ക്ക് ഒന്നാം ഡോസും 8.51 കോടി പേർക്ക്  പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42.05 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ 25.52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. എന്നാല്‍ കേരളത്തില്‍ 2021ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്‌.

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരിൽ  ഒന്നാം ഡോസ് 100 ശതമാനം പേരും  82 ശതമാനം പേർ രണ്ടാം ഡോസും എടുത്തു.12 ആഴ്‌ചയുടെ കാലാവധിയാണ് രണ്ടാം ഡോസ് എടുക്കുന്നതിനുള്ളത്. ഇതാണ്‌ 100 ശതമാനം എടുക്കാനാകാത്തത്‌. മുന്നണി പോരാളികളിൽ 100 ശതമാനത്തിനടുത്ത് പേരും ഒന്നാം ഡോസ് സ്വീകരിച്ചു. 81 ശതമാനം പേർ രണ്ടാം ഡോസും എടുത്തു. 18 നും 44 നും ഇടയിൽ പ്രായമുള്ള 18 ശതമാനം പേർക്ക് ഒന്നാം ഡോസ് ലഭിച്ചു.

45 വയസിന് ശേഷമുള്ള 75 ശതമാനം പേര്‍ക്ക് (84,90,866) ഒന്നാം ഡോസും 35 ശതമാനം പേര്‍ക്ക് (39,60,366) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ ബുള്ളറ്റിന്‍ ലഭ്യമാണ്. ഈ ബുള്ളറ്റിന്‍ എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

ആകെ 4.99 ലക്ഷം വാ‌ക്‌സിനാണ് നിലവിൽ ബാക്കിയുള്ളത്. ഏതോ ചിലർ 10 ലക്ഷം ഡോസ് വാക്‌സിൻ ഇവിടെയുണ്ട് എന്ന് പറയുന്നത് കേട്ടു. ശരാശരി രണ്ടുമുതൽ രണ്ടര ലക്ഷം ഡോസ് വാക്‌സിൻ ഒരു ദിവസം കൊടുക്കുന്നുണ്ട്. ആ നിലയ്‌ക്ക് നോക്കിയാൽ കയ്യിലുള്ള വാക്‌സിൻ ഇന്നും നാളെയും കൊണ്ട് തീരും. സംസ്ഥാനത്തെ ഈ നിലയിൽ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയതലത്തിൽ ഉണ്ടായതിനാലാണ് കണക്കുകൾ ഒരാവർത്തികൂടി വ്യക്തമാക്കിയത് - മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top