13 May Thursday
ഞായർ അടച്ചിടൽ തീരുമാനമായില്ല

അതിതീവ്രം ; രോഗികൾ 19,000 കവിഞ്ഞു ; കൂടുതൽ രോഗികൾ 
എറണാകുളത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം അതിതീവ്രം. ആദ്യമായി കോവിഡ്‌ രോഗികൾ 19,000 കവിഞ്ഞു. 19,577 പേർക്കാണ്‌ ചൊവ്വാഴ്ച സ്ഥിരീകരിച്ചത്‌. വെള്ളി, ശനി ദിവസങ്ങളിൽ 3,00,971 സാമ്പിളാണ്‌ ശേഖരിച്ചത്‌‌. ഇതുൾപ്പെടെ 24 മണിക്കൂറിനിടെ 1,12,221 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക്‌ 17.45 ശതമാനം.  3880 പേർക്ക്‌ രോഗം ഭേദമായി. നിലവിൽ 1,18,673 പേരാണ്  ചികിത്സയിലുള്ളത്. 28 മരണം. ഇതോടെ ആകെ മരണം 4978.   ചൊവ്വാഴ്ച 28 പുതിയ ഹോട്ട് സ്‌പോട്ടുണ്ട്‌.  ആകെ 493.

കൂടുതൽ രോഗികൾ 
എറണാകുളത്ത്‌
എറണാകുളം–- 3212, കോഴിക്കോട്–- 2341, മലപ്പുറം– -1945, തൃശൂർ–- 1868, കോട്ടയം– -1510, തിരുവനന്തപുരം–-- 1490,  കണ്ണൂർ– -1360, ആലപ്പുഴ–- 1347, പാലക്കാട്–- 1109, കാസർകോട്‌–- 861, കൊല്ലം– -848, ഇടുക്കി– -637, വയനാട്–- 590, പത്തനംതിട്ട–- 459.

54 പൊലീസ്‌ ട്രെയിനികൾക്ക് കോവിഡ്‌; 
ഐപിആർടിസി പൂട്ടി
54 ട്രെയിനികൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെ രാമവർമപുരം ഇന്റഗ്രേറ്റഡ് പൊലീസ്‌ റിക്രൂട്ടിങ് ട്രെയിനിങ് സെന്റർ ( ഐപിആർടിസി) പൂട്ടി.  ഇവിടെ 480 പേരാണുള്ളത്‌. ഇതിൽ  100‌ പേർ നിരീക്ഷണത്തിലാണ്‌.  പ്രദേശം കണ്ടയ്‌ൻമെന്റ്‌ സോണാക്കി.  സംസ്ഥാനത്തെ വിവിധ പൊലീസ്‌ ക്യാമ്പുകളിൽ 133 പേർക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഐപിആർടിസി 54,  എംഎസ്‌പി 36, എസ്‌എപി 11, കെഎപി  -രണ്ട്–- 7,  കെഎപി - മൂന്ന്‌ –-12, കെഎപി - നാല്‌ –- 5, കെഎപി - അഞ്ച്‌‌ –- 5,  കെപ്പ 3.

ദേവസ്വം ക്ഷേത്രങ്ങളിൽ 
ഒരു സമയം 10 പേർ മാത്രം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ദർശനത്തിന്‌ ഒരു സമയം 10 പേരെ മാത്രമേ അനുവദിക്കു. ശ്രീകോവിലിനു മുന്നിൽ തിരക്ക്‌ അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പുറത്തും  സാമൂഹ്യ അകലം പാലിച്ച്‌ മാസ്‌ക്‌ ധരിക്കണം.

തെർമൽ സ്‌കാനർവഴി പരിശോധനയും സാനിറ്റേഷനും ഉറപ്പാക്കണം. ഉത്സവമടക്കം എല്ലാ ചടങ്ങിലും പരമാവധി 75 പേർ. 60 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ളവർക്കും ദർശനത്തിന്‌ അനുമതിയില്ല. വഴിപാടുകളുടെ ഭാഗമായല്ലാതെ അന്നദാനം പാടില്ല.

ആനകളെ അനുവദിക്കില്ല. ഒഴിവാക്കാൻ പറ്റാത്ത ചടങ്ങാണെങ്കിൽ അനുമതി വാങ്ങണം. ഇതിനകം തീരുമാനിച്ചതിന്‌‌‌ ഇത്‌ ബാധകമല്ല. ക്ഷേത്രജീവനക്കാർ വാക്‌സിൻ സ്വീകരിക്കണം. ക്ഷേത്രങ്ങൾ രാവിലെ ആറിന്‌ തുറന്ന്‌ രാത്രി ഏഴിന്‌ അടയ്‌ക്കണം‌. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്‌ അസിസ്റ്റന്റ്‌ ദേവസ്വം കമീഷണർമാർ ഉറപ്പുവരുത്തണമെന്നും ബോർഡ്‌ മാർഗനിർദേശത്തിൽ പറഞ്ഞു.

രജിസ്‌ട്രേഷൻ നിർബന്ധം
കോവിഡ്‌ വാക്‌സിന്‌ രജിസ്‌ട്രേഷൻ നിർബന്ധമാക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകുന്ന സാഹചര്യത്തിലാണിത്‌. നേരത്തേ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിയവർക്ക്‌ രജിസ്‌ട്രേഷൻ ഇല്ലാതെയും വാക്‌സിൻ നൽകിയിരുന്നു.

ഇന്നും നാളെയും 3 ലക്ഷം പേരെ പരിശോധിക്കും
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ മൂന്ന് ശതമാനത്തിലെത്തിക്കാനാണ്‌ സർക്കാർ ലക്ഷ്യം‌. ഇതിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്നുലക്ഷം പേരെ‌ പരിശോധിക്കും. വെള്ളി, ശനി ദിവസങ്ങളിൽ മൂന്നു ലക്ഷത്തിലധികം പേരെ‌ പരിശോധിച്ചിരുന്നു.

ഞായർ അടച്ചിടൽ തീരുമാനമായില്ല
ഞായർ അടച്ചിടൽ അടക്കമുള്ള നടപടികളിലേക്ക്‌ ഇപ്പോൾ നീങ്ങേണ്ടതില്ലെന്നാണ്‌ വിലയിരുത്തൽ. ബുധനാഴ്‌ച മുഖ്യമന്ത്രി വിളിച്ച ഉന്നതതല  യോഗം ഇതിൽ അന്തിമ തീരുമാനമെടുക്കും.

● രണ്ടാം തരം​ഗത്തിൽ കേരളത്തിൽ കോവിഡ് വൈറസിനുണ്ടായ ജനിതകമാറ്റം കണ്ടെത്താൻ ജീനോം പഠനം നടത്തും
● അടിയന്തര സാഹചര്യം നേരിടാനുള്ള ഐസിയു, വെന്റിലേറ്റർ സൗകര്യം സജ്ജം
● ആൾക്കൂട്ടം ഒഴിവാക്കുന്നതിന്‌ പൊലീസ്‌ പരിശോധന കൂടുതൽ കർശനമാക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top