04 December Friday

കോവിഡ്‌ ധനസഹായം : നിർമാണത്തൊഴിലാളികൾക്ക്‌ നൽകിയത്‌ 70 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോവിഡ് പ്രത്യേക ധനസഹായം ലഭിച്ചത്‌ ഏഴു ലക്ഷത്തിൽപ്പരം നിർമാണത്തൊഴിലാളികൾക്ക്. എഴുപതു കോടിയിൽപ്പരം രൂപ ഇതിനോടകം വിതരണം ചെയ്‌തതായി കേരള ബിൽഡിങ്‌ ആൻഡ്‌ അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്‌ ചെയർമാൻ വി ശശികുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ധനസഹായ വിതരണം നവംബർ 17നുമുമ്പ്‌ പൂർത്തിയാക്കും. നിർമാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും ക്ഷേമനിധി ബോർഡിൽ അംഗമാകാമെന്നും ചെയർമാൻ പറഞ്ഞു. നിർത്തിവച്ച രജിസ്ട്രേഷൻ നടപടികൾ നവംബർ രണ്ടിന് പുനരാരംഭിക്കും. കോവിഡ് ബാധിച്ച നിർമാണത്തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ സഹായമായി 2000 രൂപ വിതരണം ചെയ്യും. കോവിഡുമൂലം മരിച്ച നിർമാണത്തൊഴിലാളികൾക്ക് നിലവിൽ  നൽകിവന്ന 50,000 രൂപയ്ക്കുപുറമേ 10,000 രൂപ അടിയന്തരമായി വിതരണം ചെയ്യും. ഇതിന്‌ രണ്ടിനുമുള്ള സർക്കാർ അനുമതി ഉടൻ ലഭ്യമാക്കും.

കോവിഡുമൂലം ആനൂകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വന്ന കാലതാമസം പരിഹരിച്ച്‌  വിതരണം അടിയന്തരമായി പൂർത്തിയാക്കും. തൊഴിലാളികളുടെ ആശ്രിതർക്കു നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിലെ കാലതാമസം പരിഹരിക്കും.

പെൻഷൻകാർക്കുള്ള മസ്റ്ററിങ് സർക്കാർ തീരുമാനത്തിന് വിധേയമായി ആരംഭിക്കും. എംജി സർവകലാശാല ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ, അതിഥിത്തൊഴിലാളികളായ ബിഹാറി ദമ്പതികളുടെ മകളായ, പായൽ കുമാരിക്ക്‌  ബോർഡ് ഉപഹാരവും സഹായവും നൽകി.ബോർഡ് അംഗങ്ങളായ തമ്പി കണ്ണാടൻ, സി പി മുരളി, ഇ ദിവാകരൻ, മണ്ണാറം രാമചന്ദ്രൻ, പി നാഗരത്നം, ബോർഡ് സെക്രട്ടറി കെ എം സുനിൽ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top