13 May Thursday
എറണാകുളം ജില്ലയിൽ 
 രണ്ടായിരത്തിലധികം രോഗികൾ

തീവ്രവ്യാപനം; ജാഗ്രത ; പ്രതിദിന രോഗികൾ ആദ്യമായി ‌
 പതിമൂന്നായിരം കടന്നു

സ്വന്തം ലേഖികUpdated: Saturday Apr 17, 2021

 

തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌ രണ്ടാം തരംഗവ്യാപനം അതിതീവ്രം. പ്രതിദിന രോഗികൾ ആദ്യമായി പതിമൂന്നായിരം കടന്നു. ശനിയാഴ്ച ‌കോവിഡ്‌ സ്ഥിരീകരിച്ചത് 13,835 പേർക്ക്‌‌. രോഗസ്ഥിരീകരണ നിരക്ക് 17.04 ശതമാനമായി. രണ്ടാം തരംഗത്തിൽ ജനിതകവ്യതിയാനം സംഭവിച്ച അതിവ്യാപന ശേഷിയുള്ള  കൊറോണ വൈറസാണ്‌ സംസ്ഥാനത്തുള്ളതെന്നാണ്‌ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. യുവാക്കളിലും പ്രത്യേകിച്ച്‌ കുട്ടികളിലും രണ്ടാംതരംഗത്തിൽ കോവിഡ്‌ വ്യാപനം കൂടുതലാണ്‌. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അയ്യായിരത്തിലേക്ക്‌. ശനിയാഴ്ച 27 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4904 ആയി. 24 മണിക്കൂറിൽ 81,211 സാമ്പിളാണ് പരിശോധിച്ചത്. 3654 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവർ 80,019. ഒരാഴ്‌ചകൊണ്ട്‌ 60,963 പേരാണ്‌‌ സംസ്ഥാനത്ത്‌ പുതുതായി രോഗികളായത്‌. 18 പ്രദേശത്തെക്കൂടി ഹോട്ട്സ്‌പോട്ടാക്കി. ശനിയാഴ്ച മാസ്ക്‌ ധരിക്കാത്ത 17,000  കേസ്‌ റിപ്പോർട്ട്‌ ചെയ്തു.

ആശങ്കയോടെ 
എറണാകുളവും 
കോഴിക്കോടും
ശനിയാഴ്ച ആദ്യമായി ഒരു ജില്ലയിൽ രോഗികളുടെ എണ്ണം രണ്ടായിരം കടന്നു; എറണാകുളത്ത്‌ 2187 പേർക്കാണ്‌ കോവിഡ്‌‌. ആറുജില്ലയിൽ ആയിരത്തിലധികം രോഗികളുണ്ട്‌. കോഴിക്കോട്–- 1504, മലപ്പുറം–- 1430, കോട്ടയം–- 1154, തൃശൂർ–- 1149, കണ്ണൂർ –-1132, തിരുവനന്തപുരം–- 909, ആലപ്പുഴ–- 908, പാലക്കാട്–- 864, പത്തനംതിട്ട –-664, ഇടുക്കി –-645, വയനാട്–-484, കൊല്ലം –-472, കാസർകോട്‌–- 333. പുതിയ രോഗികളിൽ 12,499 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 58 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 

സ്വയം സുരക്ഷിതരാകുക; 
വാക്സിൻ സ്വീകരിക്കുക
മാസ്കും സാനിറ്റൈസറും സാമൂഹ്യഅകലവും വീണ്ടും ശീലമാക്കുക മാത്രമാണ്‌ രോഗപ്രതിരോധത്തിന്റെ പ്രാഥമിക പടി. സ്വയം സുരക്ഷിതരായും മടികൂടാതെ വാക്സിൻ സ്വീകരിച്ചും രോഗത്തെ തടയാം.

എല്ലാ ചടങ്ങുകളും  
ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു, സ്വകാര്യ പരിപാടികൾക്ക്‌‌ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ചടങ്ങ്‌ നടത്താൻ കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.  covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ചാണ്‌ രജിസ്‌ട്രേഷൻ നടത്തേണ്ടത്‌.

ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്‌ ലഭിക്കുന്ന ക്യുആർ കോഡ്‌ ഡൗൺലോഡ്‌ ചെയ്ത്‌പ്രിന്റ്‌ എടുത്ത്‌ പരിപാടി നടക്കുന്ന സ്ഥലത്ത്‌  പ്രദർശിപ്പിക്കണം.  പങ്കെടുക്കുന്ന ആളുകൾ ഇത്‌ സ്കാൻ ചെയ്ത്‌ വിവരം അപ്‌ലോഡ്‌ ചെയ്യണം. ഹാളുകളിലെ ചടങ്ങിന്‌‌ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ  150 പേർക്കും മാത്രമാണ്‌ പങ്കെടുക്കാൻ അനുമതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top