28 February Sunday
ഇടതുപക്ഷ‌ യുവജന സംഘടനകൾ തലപ്പാടിയിൽ ദേശീയപാത ഉപരോധിച്ചു

യാത്രക്കാരെ തിരിച്ചയച്ച്‌ കർണാടകം, 
നിരീക്ഷിക്കാൻ ക്യാമറയും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


കാസർകോട്‌/ മാനന്തവാടി
കോവിഡിന്റെ പേരിൽ വഴികളടച്ച കർണാടകം അതിർത്തികളിൽ പരിശോധന കർശനമാക്കി.  കോവിഡ്‌ ആർടിപിസിആർ‌ പരിശോധനാ ഫലം കർണാടകം നിർബന്ധമാക്കിയതോടെ  ചൊവ്വാഴ്‌ചയും യാത്രക്കാർ വലഞ്ഞു. കേരളത്തിൽനിന്നുംപോകുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ്‌ പരിശോധനാഫലം കാണിക്കണമെന്ന നിബന്ധനയാണ്‌ ദുരിതമായത്‌. കർണാടക പൊലീസ്‌, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർചേർന്നാണ്‌ വാഹനങ്ങൾ തടഞ്ഞത്‌. ‌  നെഗറ്റീവ്‌ റിപ്പോർട്ട്‌ ഉള്ളവർക്കേ വ്യാഴാഴ്‌ച മുതൽ പ്രവേശനം അനുവദിക്കൂവെന്ന്‌  മുന്നറിയിപ്പ്‌ നൽകിയാണ്‌ ചൊവ്വാഴ്‌ച വാഹനങ്ങൾ കടത്തിവിട്ടത്‌. അതേസമയം, മാക്കൂട്ടം ചെക്‌പോസ്‌റ്റ്‌ കടക്കാൻ ബുധനാഴ്‌ച മുതൽ കോവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ്‌ നിർബന്ധമാണെന്ന‌് അധികൃതർ അറിയിച്ചു.

മംഗളൂരു, സുള്ള്യ, പുത്തൂർ ഭാഗത്തെ 17 അതിർത്തി റോഡുകളിൽ അഞ്ചെണ്ണമൊഴികെയുള്ളവയാണ്‌ ബാരിക്കേഡ്‌ വച്ചും മണ്ണിട്ടും അടച്ചത്‌.  അതിർത്തിയിൽ നാലിടത്ത്‌ കർണാടകത്തിന്റെ കോവിഡ്‌ പരിശോധനാകേന്ദ്രമുണ്ട്‌. തിങ്കളാഴ്‌ച ആയിരത്തോളം മലയാളികളിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ആർക്കും കോവിഡ്‌ സ്ഥിരീകരിച്ചില്ലെന്ന്‌ കർണാടക  അറിയിച്ചു. കാസർകോട്‌ ജില്ലയിൽ മഞ്ചേശ്വരം, മംഗൽപാടി, കുമ്പള എന്നിവിടങ്ങളിൽ ജില്ലാ ആരോഗ്യവിഭാഗം പരിശോധനാകേന്ദ്രമൊരുക്കി. ഇവിടെ ദിവസവും 200 പേർക്ക് ‌ആർടിപിസിആർ പരിശോധന നടത്തും. കൂർഗ്‌  കലക്ടർ ചാരുലത  19ന് ഇറക്കിയ ഉത്തരവിനെ തുടർന്നാണ് കുട്ടയിൽ യാത്രക്കാരെ തിരിച്ചയച്ചത്‌.  തോൽപ്പെട്ടിയിൽ നിന്നും കാൽനടയായി കുട്ടക്ക്‌ പോകുന്നവരെയും ചെക്ക് പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു. ഉദ്യോഗസ്ഥരെയും കുട്ട ചെക്ക് പോസ്റ്റ് കടന്ന് പോകുന്നവരെയും നിരീക്ഷിക്കാൻ  ചെക്ക് പോസ്റ്റിന് സമീപം ക്യാമറയും സ്ഥാപിച്ചു. അതേസമയം, മുത്തങ്ങ വഴി കോഴിക്കോട്‌ –-കൊല്ലഗൽ റൂട്ടിലെ മൂലഹള്ളയിലും  മൈസൂർ ജില്ലയിലുൾപ്പെട്ട ബാവലി ചെക്ക്‌ പോസ്റ്റിലും പരിശോധന മയപ്പെടുത്തി‌. അതിർത്തി അടച്ചതിനെനതിരെ ഇടതുപക്ഷ‌ യുവജന സംഘടനകൾ തലപ്പാടി ദേശീയപാത ഉപരോധിച്ചു. എൽഡിഎഫ്‌ 25ന്‌ തലപ്പാടിയിൽ പ്രതിഷേധം സംഘടിപ്പിക്കും.

ബിജെപിക്ക്‌ ‘കർണാടക പ്രേമം’
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കോവിഡ്‌ അൺലോക്‌‌ മാർഗനിർദേശങ്ങൾ ലംഘിച്ചാണ്‌ കർണാടകയിലെ ബിജെപി സർക്കാർ യാത്രാവിലക്ക്‌ ഏർപ്പെടുത്തിയത്‌. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ നയിക്കുന്ന ‘വിജയ യാത്ര’ കാസർകോട്ടുനിന്ന്‌ പുറപ്പെട്ടശേഷമാണ്‌ യാത്രാവിലക്ക്‌ നടപ്പാക്കുന്നത്‌. വിലക്കിനെ കെ സുരേന്ദ്രൻ ന്യായീകരിക്കുകയാണ്‌‌. കാസർകോട്ടെ ബിജെപി കാര്യങ്ങളിൽ ഇടപെടുന്ന മംഗളൂരു എംപി നളിൻകുമാർ കട്ടീലാണ്‌ പാർടിയുടെ കർണാടക പ്രസിഡന്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top