18 June Friday

പൊലീസുകാരില്‍ കോവിഡ് വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക സിഎഫ്എല്‍ടിസികള്‍

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

തിരുവനന്തപുരം > ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന  പൊലീസ് സേനാംഗങ്ങളില്‍ പലരും രോഗബാധിതരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതില്‍ പരമാവധിപേരും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. അവര്‍ക്ക് മെഡിക്കല്‍ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍  പൊലീസുകാര്‍ക്ക് പ്രത്യേക സിഎഫ്എല്‍ടിസി സൗകര്യം ഒരുക്കി.  മറ്റ് ജില്ലകളില്‍ ആവശ്യമുണ്ടെങ്കില്‍ സി.എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

അവധിദിനമായ ഇന്നലെ 16,878  പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരത്തുകളില്‍ നിയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് 25,000 പേരാണ് ആ ജോലി ചെയ്യുന്നത്.
അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പാസ് നല്‍കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച നിലവില്‍ വന്നു. പ്രവര്‍ത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ്  ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാല്‍ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ  ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുത്തിയിട്ടുളളവര്‍ക്ക് അതത് സ്ഥാപനത്തിന്റെ  തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെയുളളവര്‍ക്ക് സാധാരണഗതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തില്‍പെട്ടവര്‍ അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത കടയില്‍ നിന്ന് മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top