13 May Thursday

രോഗശയ്യ: അഞ്ചുദിവസത്തിനിടെ 11 ലക്ഷത്തോളം രോഗികൾ; ലക്ഷണങ്ങളും മാറി

സ്വന്തം ലേഖകൻUpdated: Monday Apr 19, 2021

ന്യൂഡൽഹി > രാജ്യം രോ​ഗശയ്യയിലേക്കെന്ന മുന്നറിയിപ്പുമായി, ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. ശനിയാഴ്‌ച അർദ്ധരാത്രി  വരെയുള്ള 24 മണിക്കൂറിൽ രോ​ഗികള്‍ 2,61,500. മരണം 1,501. രാജ്യത്ത് ഇതുവരെയുണ്ടായതില്‍വച്ച് ഏറ്റവും ഉയര്‍ന്ന രോ​ഗ–-മരണസംഖ്യകൾ. തുടർച്ചയായ നാലാംദിവസമാണ്‌ രണ്ട്‌ ലക്ഷത്തിലധികം ആളുകൾക്ക്‌ രോ​ഗം സ്ഥിരീകരിച്ചത്‌. തിങ്കളാഴ്ച ഇത്‌ മൂന്ന് ലക്ഷം കടന്നേക്കും. രോ​ഗം ബാധിച്ചവർ മൊത്തം 1,47,88,109. മരണം 1,77,150. മഹാരാഷ്ട്രയിൽ 24 മണിക്കൂറില്‍ 67,123 രോ​ഗികള്‍, 419 മരണം. ഉത്തർപ്രദേശിലും (27,334), ഡൽഹിയിലും (24,375) രോ​ഗികള്‍ കൂടി.

കഴിഞ്ഞ അഞ്ച്‌ ദിവസത്തിനിടെ രാജ്യത്ത്‌ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 11 ലക്ഷത്തോളമാണ്‌. 16 സംസ്ഥാനത്ത് ദിവസവും രോ​ഗികളുടെ എണ്ണം ഉയരുന്നു. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിൽ ആശുപത്രി കിടക്കകൾക്കും മരുന്നുകൾക്കും കടുത്തക്ഷാമം. ഡൽഹിയിൽ ശേഷിക്കുന്നത് നൂറിൽ താഴെ ഐസിയു കിടക്ക മാത്രമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ. ഓക്‌സിജൻ, മരുന്ന്‌ ക്ഷാമത്തിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാരും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടൽ തുടരുന്നു. ഉത്തർപ്രദേശിലെ കിങ്‌ ജോർജ്‌സ്‌ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ ഒരു കിടക്കയ്‌ക്ക്‌ 50 പേർ വരെ കാത്തിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ 162 പ്ലാന്റിന്‌ അനുമതി നൽകി. മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴിലുള്ള ആശുപത്രികളിലെ കിടക്കകളും ഐസിയുവും മറ്റ്‌ സൗകര്യങ്ങളും കോവിഡ്‌ ബാധിതര്‍ക്കായി നീക്കിവയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിയന്ത്രണം കൂട്ടി, വ്യാപനം കുറയുന്നില്ല

മിക്ക സംസ്ഥാനത്തും വാരാന്ത്യ അടച്ചുപൂട്ടലും കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടും രോഗനിരക്ക്‌ താഴാത്തതില്‍ ആശങ്ക. 12 ദിവസത്തിനിടെ രോ​ഗസ്ഥിരീകരണ നിരക്ക് എട്ടില്‍നിന്ന് 16.69 ശതമാനമായി. ആഴ്‌ചതോറുമുള്ള രോ​ഗസ്ഥിരീകരണ നിരക്ക്‌ ഒരുമാസത്തിനിടെ 3.05 ശതമാനത്തിൽനിന്ന്‌ 13.54 ശതമാനമായി. ഡൽഹിയിൽ ഒറ്റദിവസത്തില്‍ ഇത്‌ 24 ശതമാനത്തിൽനിന്ന്‌ 30 ശതമാനമായി.

ലക്ഷണങ്ങൾ മാറി

രണ്ടാംതരംഗത്തിൽ കൂടുതൽ  ചെറുപ്പക്കാർ രോഗബാധിതരാകുന്നതായി‌ വിദഗ്‌ധർ. ‘നിരവധി ചെറുപ്പക്കാരാണ്‌ രോഗബാധിതരാകുന്നത്‌. രോഗലക്ഷണങ്ങൾക്കും കാര്യമായ വ്യത്യാസം. ഉമിനീർവറ്റൽ, ദഹനസംബന്ധമായപ്രശ്‌നങ്ങൾ, കണ്ണിൽ ചുവപ്പ്‌ പടരൽ, തളർച്ച, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ്‌ കൂടുതൽ കാണുന്നത്‌. അധികം പേർക്കും പനിയില്ല’–- ജെനിസ്‌ട്രിങ്‌സ്‌ ഡയഗ്‌നോസ്‌റ്റിക്‌സ്‌ സെന്ററിലെ ഡോ. ഗൗരി അഗർവാൾ പറഞ്ഞു.   ‌

വായുവിലൂടെ പകരുമെങ്കിൽ ആശങ്കപ്പെടണം

ന്യൂഡൽഹി > കോവിഡ്‌ വായുവിലൂടെ പകരുമെന്ന റിപ്പോർട്ടുകൾ കൂടുതൽ വെല്ലുവിളി ഉയർത്തുമെന്ന്‌ എയിംസ്‌ മേധാവി ഡോ. രൺദീപ്‌ ഗുലേറിയ. ചുമയ്‌ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ വീഴാൻ സാധ്യതയുള്ള ചെറുതുള്ളികൾ വഴിയാണ്‌ രോഗം പടരുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇത്‌ വായുവിലൂടെ പകരുമെന്ന റിപ്പോർട്ടുകളാണ്‌ ഇപ്പോൾ പുറത്തുവരുന്നത്‌. വായുജന്യമെങ്കിൽ  രോഗി ചുമച്ച്‌ ദീർഘനേരം കഴിഞ്ഞാലും വൈറസ് ഏറെ നേരം വായുവിൽ തങ്ങി കൂടുതൽപേർ രോഗബാധിതരാകാം. അതിനാൽ, വീടുകളും ഓഫീസുകളും നല്ല വായുസഞ്ചാരമുള്ളതാക്കാൻ ശ്രദ്ധിക്കണം. അടച്ചിട്ട മുറിയില്‍ കുറേപേർ ഒന്നിച്ചിരിക്കുന്നത്‌ ഒഴിവാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top