21 October Thursday

മാർഗരേഖ പുതുക്കി; കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാൽ കോവിഡ്‌ മരണമായി കണക്കാക്കും

എം അഖിൽ Updated: Sunday Sep 12, 2021



ന്യൂഡൽഹി
പരിശോധനാ തീയതിമുതലോ ശാസ്‌ത്രീയമായി രോഗം സ്ഥിരീകരിച്ച്‌ 30 ദിവസത്തിനുള്ളിലോ സംഭവിക്കുന്ന മരണവും കോവിഡ്‌ മരണമായി കണക്കാക്കാമെന്ന്‌ കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്‌മൂലത്തിലാണ്‌ കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്‌.

കോവിഡ്‌ ബാധിച്ച്‌ 25 ദിവസത്തിനുള്ളിലാണ്‌ 95 ശതമാനം മരണവുമെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ) പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ കണക്കിലെടുത്താണ്‌ പുതിയ വ്യവസ്ഥയെന്ന്‌ സർക്കാർ വിശദീകരിച്ചു. ഈ കാലയളവിൽ ആശുപത്രിയിലോ പുറത്തോ നടന്നതിന്‌ പുറമെ രോഗം സ്ഥിരീകരിച്ച്‌ ആശുപത്രി ചികിത്സയിൽ 30 ദിവസത്തിൽ കൂടുതൽ തുടർന്നശേഷം മരിച്ചാലും അതും കോവിഡ്‌ മരണമായി കണക്കാക്കും. മരണകാരണത്തിൽ പരേതരുടെ ബന്ധുക്കൾ തർക്കങ്ങളുന്നയിച്ചാൽ അത്‌ പരിഹരിക്കാൻ സംസ്ഥാനങ്ങൾ ജില്ലാതലസമിതി രൂപീകരിക്കണം. അഡീഷണൽ കലക്ടർ, ചീഫ്‌മെഡിക്കൽ ഓഫീസർ, അഡീഷണൽ ചീഫ്‌മെഡിക്കൽ ഓഫീസർ/ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ അല്ലെങ്കിൽ മെഡിസിൻ എച്ച്‌ഒഡി, വിഷയവിദഗ്‌ധൻ എന്നിവർ അംഗങ്ങളായ സമിതിയാണ്‌ പരാതി പരിഗണിക്കേണ്ടത്‌. 30 ദിവസത്തിനുള്ളിൽ പരിഹരിക്കണം. ആർടിപിസിആർ/മോളിക്യുലാർ/റാറ്റ്‌ പരിശോധന വഴിയോ ആശുപത്രികളിൽ പ്രവേശിപ്പിച്ചശേഷം ഡോക്ടർമാരുടെ പരിശോധനയിലോ രോഗം സ്ഥിരീകരിച്ച്‌ മരിച്ചാൽ കോവിഡ്‌ മരണമെന്ന്‌ വിലയിരുത്താം. ആത്മഹത്യ, വിഷം കഴിച്ചുള്ള മരണം, അപകടമരണം തുടങ്ങിയവയിൽ കോവിഡ്‌ അനുബന്ധഘടകമാണെങ്കിലും കോവിഡ്‌ മരണമായി കണക്കാക്കില്ല.

കോവിഡ്‌ മരണസർട്ടിഫിക്കറ്റിലെ ഗുരുതര വൈരുധ്യം ചൂണ്ടിക്കാണിച്ചുള്ള ഹർജികളിൽ ജൂൺ 30ന്‌ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടർന്നാണ്‌ സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്‌. മരണകാരണം കോവിഡോ കോവിഡാനന്തര രോഗമോ എന്ന്  മരണസർട്ടിഫിക്കറ്റിൽ വ്യക്തമാക്കണമെന്നും ഈ കേസിൽ കോടതി നിർദേ*ശിച്ചിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top