28 September Tuesday

തുറന്നു കരുതലോടെ ; നിയന്ത്രണത്തിന്‌ ഡബ്ല്യുഐപിആർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

തിരുവനന്തപുരം > ടിപിആറിന്‌ പുറമെ ‘ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക്‌’ (-ഡബ്ല്യുഐപിആർ) കൂടി കണക്കാക്കിയാകും ഇനി കോവിഡ്‌ നിയന്ത്രണം. ആരാധനാലയങ്ങളിൽ പരമാവധി 40 പേർ, വിവാഹ–-മരണാനന്തര ചടങ്ങുകളിൽ 20 പേർ എന്ന നിയന്ത്രണം തുടരും. ടിപിആർ അനുസരിച്ചുള്ള നിയന്ത്രണം ഫലപ്രദമാണെന്നും പൊതുവായി ഉയർന്ന നിർദേശംകൂടി പരിഗണിച്ചാണ്‌ കൂടുതൽ ഇളവ്‌ അനുവദിക്കുന്നതെന്നും മന്ത്രി വീണാ ജോർജ്‌  പറഞ്ഞു.  ചട്ടം 300 പ്രകാരം മന്ത്രി നിയമസഭയിലാണ്‌ ഇളവുകൾ പ്രഖ്യാപിച്ചത്‌.

ഉത്സവകാലമായതിനാലും മൂന്നാം തരംഗഭീഷണി നിലനിൽക്കുന്നതിനാലും കർശന ജാഗ്രത തുടരണം. ആൾക്കൂട്ടം നിയന്ത്രിക്കുന്നുവെന്ന്‌ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊലീസും തദ്ദേശസ്ഥാപനങ്ങളും നിയന്ത്രണത്തിന്‌ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പൂട്ടില്ലാത്തിടത്ത്‌ സർക്കാർ ഓഫീസ്‌ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. കായികമുൾപ്പെടെ മത്സരപരീക്ഷകൾ നടത്താം. വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസ്‌ മാത്രം. എല്ലാ വാഹനങ്ങൾക്കും ഓടാം. മുതിർന്നവരോടൊപ്പം കടയിലെത്തുന്ന കുട്ടികൾക്ക്‌ വാക്‌സിൻ നിർബന്ധമില്ല.

നിയന്ത്രണത്തിന്‌ ഡബ്ല്യുഐപിആർ
നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‌ ആശ്രയിക്കുക ‘ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്കി’നെ (വീക്‌ലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ–-ഡബ്ല്യുഐപിആർ). പഞ്ചായത്തിലോ, നഗര വാർഡിലോ  ആഴ്‌ചയിൽ ആകെയുള്ള കോവിഡ്‌ ബാധിതരുടെ എണ്ണത്തെ ആയിരംകൊണ്ട്‌ ഗുണിച്ച്‌ ആകെ ജനസംഖ്യകൊണ്ട്‌ ഹരിച്ചാണ്‌ ആ പ്രദേശത്തിന്റെ ഡബ്ല്യൂപിആർ കണക്കാക്കുന്നത്‌.  ഇത്‌ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ  കർശന അടച്ചിടൽ ഏർപ്പെടുത്തും.  ഇതിന്റെ പട്ടിക ബുധനാഴ്‌ചകളിൽ  പ്രഖ്യാപിക്കും.
 

ഒരു ഡോസോ 
നെഗറ്റീവ്‌ ഫലമോ ആവശ്യം
കടകൾ സന്ദർശിക്കുന്നവർക്ക്‌ കർശന നിയന്ത്രണം.  ആദ്യഡോസ് വാക്‌സിൻ എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിൽ കൂടുതൽ മുമ്പ് കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം. ആശുപത്രി യാത്ര, വാക്‌സിനെടുപ്പ്‌, ഉറ്റവരുടെ മരണം തുടങ്ങിയ അത്യാവശ്യ സാഹചര്യങ്ങളിൽ ഇത്‌ ബാധകമല്ല.

താമസത്തിന്‌ ബയോബബിൾ
വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഹോട്ടലുകളിലും റിസോർട്ടുകളിലും ‘ബയോബബിൾ’ (ജൈവ കവചം) വ്യവസ്ഥയിൽ താമസം അനുവദിക്കും. ഹോട്ടലിലും റിസോർട്ടിലും കോവിഡ്‌ മാനദണ്ഡം കർശനമായി പാലിക്കുന്നതിന്‌ ആവശ്യമായ സൗകര്യം ഏർപ്പെടുത്തുന്നതാണ്‌ ബയോബബിൾ. കോവിഡിൽ നിന്ന്‌ സുരക്ഷിതത്ത്വം ഉറപ്പാക്കുന്ന സംവിധാനമാണിത്‌. ഇതിൽ നിശ്ചയിക്കപ്പെടുന്ന ചുറ്റുപാടിന്‌ പുറത്തുകടക്കാൻ അനുവാദമുണ്ടായിരിക്കില്ല. സാമൂഹ്യഅകലം, നിയന്ത്രണം, പരിശോധന എന്നിവ ഉറപ്പാക്കും. മഹാമാരിയിൽ സുപ്രധാന കായിക മത്സരങ്ങൾ ഇപ്രകാരമാണ്‌ നടത്തിയത്‌.

●    നിയന്ത്രണം രോഗികളുടെ എണ്ണം അനുസരിച്ച്‌
●    ഒരു പ്രദേശത്ത് ഡബ്ല്യുഐപിആർ പത്തിൽ കൂടിയാൽ കർശന അടച്ചിടൽ
●    വ്യാപാര സ്ഥാപനങ്ങൾ ആറുദിവസവും രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാം
●    ഞായറാഴ്‌ച ലോക്ക്ഡൗൺ
●    ആഗസ്ത്‌ 15നും 22നും ലോക്ക്‌ഡൗണില്ല
●    ശനിയാഴ്‌ച ബാങ്കുകൾ തുറക്കാം
●    ഹോട്ടലുകൾക്കുള്ളിൽ ഭക്ഷണം വിളമ്പാൻ പാടില്ല,  പാർക്കിങ്ങിലും 
തുറന്നയിടങ്ങളിലും വാഹനങ്ങളിലും ഭക്ഷണം നൽകാം
●    ഓൺലൈൻ ഭക്ഷണ വിതരണം രാത്രി 9.30 വരെ
●    മാളുകളിലും ഓൺലൈൻ വിതരണം അനുവദിക്കും
●    ആരാധനാലയങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും  നിലവിലെ നിയന്ത്രണം തുടരും
●    സർക്കാർ ഓഫീസും പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കൾമുതൽ വെള്ളിവരെ
●    ആൾക്കൂട്ട നിയന്ത്രണത്തിന്‌ വ്യാപാരികളും നാട്ടുകാരും ശ്രദ്ധിക്കണം
●    മുതിർന്നവർക്ക്‌ നിശ്ചിത തീയതിക്കുള്ളിൽ വാക്സിൻ
●    കിടപ്പുരോഗികൾക്ക്  വീടുകളിൽ ചെന്ന് വാക്‌സിനേഷൻ
●    സ്വകാര്യ ആശുപത്രികളെ വാക്സിന്‌ പ്രോത്സാഹിപ്പിക്കും
●    25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ സാമൂഹ്യ അകലം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top