25 May Monday

"ഭക്ഷണവും വിശ്രമവും നമുക്കുവേണ്ടി ഉപേക്ഷിച്ചവർ; നിങ്ങൾക്ക്‌ കേരളത്തിന്റെ അഭിവാദ്യം" ‐ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

തിരുവനന്തപുരം > ലോകം മുഴുവൻ ഭീതിയിലായിരിക്കുന്ന സമയത്തും മറ്റുള്ളവർക്കുവേണ്ടി കർമനിരതരായിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്‌ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപ്രതീക്ഷിതമായിയെത്തിയ കോവിഡ് 19 ഭീതിയിൽ ലോകം സ്‌തംഭിച്ച് നിൽക്കുമ്പോൾ, ഭയമൊഴിഞ്ഞ ഒരു ദിവസത്തിലേക്ക് എത്തിക്കാൻ ഊണും ഉറക്കവും സ്വന്തം ആരോഗ്യവും കുടുംബവും താല്പര്യങ്ങളും മാറ്റി വച്ച് നമുക്കായി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട് ഇവിടെ.

ഓരോ ദുരന്തങ്ങളിലും നമുക്ക് കൈത്താങ്ങാവുന്ന, പരിചരണം തരുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ഇന്ന് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനായി ഈ പോരാട്ടത്തിന് മുൻപിലുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് & തീയറ്റർ ടെക്നീഷ്യൻസ്, അറ്റൻഡർസ്, ക്ലീനിംഗ് സ്റ്റാഫ്സ്, ഫാർമസിസ്റ്റുകൾ, ആംബുലൻസ് ഡ്രൈവർമാർ, കൗൺസിലർസ്, ഹെൽത്ത് ഇൻസ്പെക്ടർസ്, ആശാ വർക്കേർസ് തുടങ്ങിയവരുടെ അത്യധ്വാനമാണ് നമ്മളെ ഇതുവരെ പിടിച്ചു നിൽക്കാൻ പ്രാപ്‌തരാക്കിയത്.

സംസ്ഥാനത്തെ പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ തുടങ്ങിയ സേനാംഗങ്ങളും സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും കേരളത്തിന്റെ ഈ പോരാട്ടത്തിന്റെ മുന്നിലുണ്ട്. കുടുംബശ്രീ പ്രവർത്തകർ, യുവജനങ്ങൾ, തൊഴിലാളികൾ, വിദ്യാർത്ഥികൾ , ജയിൽ അന്തേവാസികൾ തുടങ്ങി വലിയൊരു കൂട്ടവും പിന്തുണയുമായുണ്ട്. കോവിഡ് -19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ മുന്നോട്ടു പോകാൻ കരുത്തേകുന്നത് ഈ പിന്തുണയാണ്. കോവിഡ് 19 നെതിരായ പോരാട്ടത്തിൽ നമുക്ക് ഇനിയും സഞ്ചരിക്കാനുണ്ട്. ഊർജ്ജം നഷ്‌ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാം. എല്ലാവരേയും കേരളത്തിനു വേണ്ടി അഭിവാദ്യം ചെയ്യുന്നു ‐ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top