19 September Saturday

സതീഷും സബിതയും പറയും; ഇവിടെയാണ്‌ സ്വർഗം

എസ്‌ കൃഷ്‌ണമൂർത്തിUpdated: Sunday Aug 2, 2020

കോവിഡ് ചികിത്സയ്‌ക്കുശേഷം പുതുപരിയാരത്തെ വീട്ടിലെത്തിയ സതീഷുംസബിതയും മകൾ ഐശ്വര്യയും

മലമ്പുഴ
"ഞങ്ങള്‍ ജീവിച്ചിരിക്കാന്‍ കാരണം കേരളത്തിലെ സര്‍ക്കാരും ഇവിടത്തെ ആരോ​ഗ്യ സംവിധാനവുമാണ്. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സാഹചര്യത്തിൽനിന്നാണ്‌  സ്വർഗമെന്ന് തന്നെ‌ വിശേഷിപ്പിക്കാവുന്ന കേരളത്തിൽ എത്തിയത്‌. ഇവിടെ എത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഞങ്ങൾ ഇന്നുണ്ടാവുമായിരുന്നില്ല...'  പുതുപ്പരിയാരം കാവിൽപ്പാട് പടതോണിയിൽ കാരിക്കുന്നംവീട്ടിൽ സതീഷ് പറഞ്ഞു.. 18 വർഷമായി ഡൽഹി ദിൽഷാദ് ഗാർഡനിൽ ബേക്കറി നടത്തുകയാണ് സതീഷ്. കോവിഡ് പടർന്ന് പിടിച്ചതോടെ ഡൽഹിയിലെ ജീവിതം ദുരിതമയമായി. ചേരിപ്രദേശങ്ങളിലും കോളനികളിലും രോ​ഗം പടര്‍ന്നു. ഡൽഹിയിലെ ആശുപത്രികളിലാണെങ്കിൽ ചികിത്സയ്ക്ക് പണം പിടിച്ചു പറിക്കുന്നു.

ശുചീകരണം പോലും നടക്കാത്ത തെരുവുകളും അടഞ്ഞ കടകളും. അവിടെ താമസിച്ച ഓരോ ദിവസവും പ്രാർഥിച്ചത് തനിക്കും ഭാര്യ സബിതയ്ക്കും മകള്‍ ഐശ്വര്യയ്ക്കും ഡൽഹിയിൽ  കോവിഡ് വരരുതെന്നാണ്. ജൂണ്‍ 22ന്  പ്രാണരക്ഷാര്‍ഥമാണ് മംഗള എക്സ്പ്രസിൽ നാട്ടിലെത്തിയത്‌.

ക്വാറന്റൈനിൽ കഴിയുന്നതിനിടെ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചു.  ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡില്‍ സതീഷും  പാലക്കാട്‌ മെഡിക്കൽ കോളേജില്‍ ഭാര്യയും മകളും  പ്രവേശിപ്പിക്കപ്പെട്ടു. മൂന്ന്‌ ദിവസത്തിനുശേഷം സതീഷിനെയും മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.  ജൂലൈ അഞ്ചിനാണ് മൂവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. സബിതയും മകളും 13നും സതീഷ് 18നും രോ​ഗമുക്തരായി വീട്ടിലേക്ക് മടങ്ങി.  31ന് മൂവരുടെയും ക്വാറന്റൈന്‍ കാലാവധിയും കഴിഞ്ഞു.
""കേരളത്തില്‍ ലഭിക്കും പോലെ കോവിഡ് ചികിത്സയും പരിചരണവും ഇന്ത്യയിലെവിടെയും കിട്ടില്ല. എ​ന്റെ മകളെ സ്വന്തമെന്ന പോലയാണ് ഡോക്ടർമാരും നേഴ്സുമാരും പരിചരിച്ചത്. അവരുടെ അത്തരം പെരുമാറ്റം തന്നെ പാതി രോ​ഗത്തെ മാറ്റും. തരുന്ന മരുന്നും ഭക്ഷണവും ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ഏറ്റവും മികച്ചതു തന്നെ, സത്യം പറഞ്ഞാൽ ആശുപത്രിയിലാണെന്ന തോന്നലേ ഉണ്ടായിട്ടില്ല'' സതീഷി​ന്റെ ഭാര്യ സബിത പറഞ്ഞു.

 ഡല്‍ഹിക്കു മടങ്ങും മുമ്പ്‌  തന്നോടോപ്പം ചികിത്സയിലുണ്ടായിരുന്നവരുടെ കൂട്ടായ്മയിലൂടെ മെഡിക്കൽ കോളേജിലേക്ക് കിടക്ക, വാട്ടർ ഹീറ്റര്‍, അവശ്യ സാധനങ്ങൾ എന്നിവ വാങ്ങി നൽകാനുള്ള ഒരുക്കത്തിലാണ്‌ സതീഷ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top